head1
head3

ബാങ്കുകള്‍ പൂട്ടിയാല്‍ സേവനങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ്…

ഡബ്ലന്‍ : അയര്‍ലണ്ടിലെ പ്രധാന ബാങ്കുകള്‍ തങ്ങളുടെ ബ്രാഞ്ചുകള്‍ വെട്ടിക്കുറക്കുന്നതിനാല്‍ ഗ്രാമീണ മേഖലയിലെ ആളുകള്‍ പ്രാദേശിക പോസ്റ്റ് ഓഫീസുകളെയോ, ക്രെഡിറ്റ് യൂണിയനുകളെയോ ആശ്രയിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ധനമന്ത്രി പാസ്‌കല്‍ ഡോണ.

ഗ്രാമ പ്രദേശങ്ങളിലെ അടിസ്ഥാന ധനകാര്യ സേവനങ്ങള്‍ നിലനിര്‍ത്തുകയോ ലഭ്യമാക്കുകയോ ചെയ്യാന്‍ ബാങ്കുകള്‍ക്ക് മിനിമം പൊതു സേവന ചുമതലകള്‍ ഏര്‍പ്പെടുത്തുമോയെന്ന മുന്‍ ടൂറിസം മന്ത്രി ബ്രണ്ടന്‍ ഗ്രിഫിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കൗണ്ടി കെറിയിലെ കടല്‍ത്തീര റിസോര്‍ട്ട് പട്ടണമായ ബാലിബൂണിയനില്‍ രാത്രി 9 മണിക്ക് ശേഷം ബാങ്കിംഗ് അല്ലെങ്കില്‍ എടിഎം സേവനങ്ങളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ക്രെഡിറ്റ് യൂണിയനുകളും പോസ്റ്റ് ഓഫീസുകളും അയര്‍ലണ്ടില്‍ ആവശ്യമായ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ബാങ്കുകള്‍, ക്രെഡിറ്റ് യൂണിയനുകള്‍, പോസ്റ്റ് ഓഫീസ് എന്നിവയുടെ 1,912 ബ്രാഞ്ചുകള്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രാജ്യത്തെ ബാങ്കുകളെ കുറിച്ച് കഴിഞ്ഞ വര്‍ഷം ധനവകുപ്പ് പുറത്തിറക്കിയ ഇന്‍ഡികോണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍, 63 ശതമാനം ബ്രാഞ്ചുകളും പോസ്റ്റ് ഓഫീസുകളോ ക്രെഡിറ്റ് യൂണിയനുകളോ ആണ്. 37 ശതമാനമാണ് ബാങ്കുകള്‍. ജനസംഖ്യയുടെ ഗണ്യമായ ശതമാനവും ഗ്രാമങ്ങളിലാണെന്നും ഇവിടങ്ങളില്‍ ആളോഹരി ബ്രാഞ്ചുകളുടെ എണ്ണം കൂടുതലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇതിനാല്‍ ബാങ്കുകളുടെ ബ്രാഞ്ചുകള്‍ കുറഞ്ഞാലും പേയ്മെന്റ് അക്കൗണ്ട്, വ്യക്തിഗത വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, വിവിധ ഇന്‍ഷുറന്‍സ്, മണി ട്രാന്‍സ്മിഷന്‍, വിദേശനാണ്യ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സാമ്പത്തിക സേവനങ്ങള്‍ ഒരു പോസ്റ്റ് ഓഫീസില്‍ നിന്ന് ലഭിക്കും.

പോസ്റ്റ് ഓഫീസുകള്‍ വഴി ജനങ്ങള്‍ക്ക് പണം പിന്‍വലിക്കാമെന്നും എന്നാല്‍ ബ്രാഞ്ചുകള്‍ പൂട്ടുന്ന അവസരത്തില്‍ ക്യാഷ് ബാക്കാണ് പണം പിന്‍വലിക്കുന്നതിനുള്ള ബദല്‍ മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.

ക്യാഷ് ബാക്ക് സാധാരണ നിലയില്‍ നടപ്പാക്കുകയും ചില്ലറ വ്യാപാരികള്‍ ഇതിന് അധിക നിരക്ക് ഈടാക്കുകയും ചെയ്യാത്ത യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ ഒരേയൊരു രാജ്യമാണ് അയര്‍ലണ്ടെന്നും അദ്ദേഹം പറയുന്നു.

എടിഎം സേവനങ്ങള്‍ തുടങ്ങിയ മൂന്നാം കക്ഷിപേയ്‌മെന്റുകള്‍ ലഭ്യമാക്കാന്‍ ക്രെഡിറ്റ് യൂണിയനുകള്‍ക്കും സാധിക്കും.

നിലവിലെ പ്രതിസന്ധി കാരണം ബാങ്കിംഗ് മേഖല പ്രയാസമനുഭവിക്കുകയാണ്. വെല്ലുവിള നിറഞ്ഞ പ്രവര്‍ത്തനാന്തരീക്ഷം കുറച്ചു കാലങ്ങളായി പരമ്പരാഗത ബാങ്കിംഗ് മേഖലയെ സമ്മര്‍ദ്ദത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഗ്രാമ പ്രദേശങ്ങളിലെ ബാങ്കിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.