ഡല്‍ഹി ചെങ്കോട്ടയിലേത് ചാവേര്‍ ആക്രമണമെന്ന് സ്ഥിരീകരിച്ച് പൊലീസ്. ആസൂത്രണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും. സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ആണെന്നാണ് സൂചന. ഇയാളുടെ ചിത്രമടക്കം പുറത്ത് വന്നിട്ടുണ്ട്. ഉമര്‍ മുഹമ്മദാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം.
ജമ്മു-കശ്മീര്‍, ഹരിയാന പൊലീസ് കഴിഞ്ഞ ദിവസം സ്ഫോടകവസ്തുക്കളുമായി അറസ്റ്റ് ചെയ്ത ഡോക്ടര്‍മാരുടെ കൂട്ടാളിയാണ് ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതെന്നാണ് സൂചന. ചാവേര്‍ സ്ഫോടനമാണ് നടന്നതെന്നും മുഖ്യ സൂത്രധാരന്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്നയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചാവേറെന്ന് സംശയിക്കുന്ന ഡോക്ടര്‍ ഉമര്‍ മുഹമ്മദിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഹ്യൂണ്ടായ് ഐ20 കാറാണ് പൊട്ടിത്തെറിച്ചത്. പഴയ ഡല്‍ഹിയില്‍ ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപത്തായിരുന്നു സ്ഫോടനം. സംഭവത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6:52-നാണ് സ്‌ഫോടനം ഉണ്ടായത്. ഇതിന് മുമ്പായി കാര്‍ മൂന്ന് മണിക്കൂറോളം പാര്‍ക്ക് ചെയ്തതിന്റേയും മറ്റുമുള്ള സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
ജമ്മു-കശ്മീര്‍, ഹരിയാണ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലായി വ്യാപിച്ച ഭീകരവാദശൃംഖലയിലെ എട്ട് പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മൂന്ന് ഡോക്ടര്‍മാരുള്‍പ്പെടെ ഇതിലുണ്ടായിരുന്നു. 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ് അടക്കം ഐഇഡി നിര്‍മാണത്തിനുള്ള 2900 കിലോഗ്രാം വസ്തുക്കള്‍ ഇവരില്‍നിന്ന് പിടികൂടിയിരുന്നു. പിടിയിലായ ഡോക്ടര്‍ മുസമ്മില്‍ അഹമ്മദ് ഖന്നെയുടെയും ഡോക്ടര്‍ അദീല്‍ അഹമ്മദ് റാത്തറിന്റെയും കൂട്ടാളിയാണ് ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയ ഉമര്‍ മുഹമ്മദ് എന്നാണ് സംശയിക്കപ്പെടുന്നത്.
ഉത്തരവാദികളെ നിയമത്തിന് മുന്നിൽ എത്തിക്കുമെന്ന് പ്രധാനമന്ത്രി
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരകൾക്ക് നീതി ഉറപ്പാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി കുറ്റക്കാരെ വെറുതെ വിടില്ലെന്നും പറഞ്ഞു. ഭൂട്ടാനിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. താൻ ഇന്ന് ഇവിടെ വരുന്നത് വളരെ ഭാരിച്ച ഹൃദയത്തോടെയാണെന്ന് പറഞ്ഞ മോദി ഡൽഹിയിൽ നടന്ന ഭയാനകമായ സംഭവം എല്ലാവരെയും ദുഃഖിപ്പിച്ചുവെന്നും കൂട്ടിച്ചേർത്തു. ദുരിതബാധിത കുടുംബങ്ങളുടെ ദുഃഖം ഞാൻ മനസ്സിലാക്കുന്നുവെന്നും മോദി പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എല്ലാ ഏജൻസികളുമായും ഇന്നലെ രാത്രി മുഴുവൻ ബന്ധപ്പെട്ടിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.

