head1
head3

ന്യൂഡൽഹിയിൽ സ്ഫോടനം, 13 പേർ  കൊല്ലപ്പെട്ടു 

ന്യൂ ഡൽഹി :  ഇന്ന്  (തിങ്കളാഴ്ച) വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം  പാർക്ക് ചെയ്തിരുന്ന  കാറിലുണ്ടായ  സ്‌ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടതായി പ്രാഥമിക റിപ്പോർട്ടുകൾ. ഗുരുതരമായ പരിക്കേറ്റ  മുപ്പതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

എട്ടോളം വാഹനങ്ങൾ കത്തിനശിച്ചിട്ടുണ്ട്.
സമീപത്ത് പാർക്ക് ചെയ്തിരുന്ന പല വാഹനങ്ങൾക്കും നാശം സംഭവിച്ചു. ഇതിനെത്തുടർന്ന് രാജ്യതലസ്ഥാനത്തും പ്രധാനനഗരങ്ങളിലും   അതീവ ജാഗ്രതാ മുന്നറിയിപ്പ്  പ്രഖ്യാപിച്ചു. ഡെൽഹി ഫയർ സർവീസിന്റെ വിവരമനുസരിച്ച്, ലാൽ കില മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1-ന്റെ സമീപം, ഗൗരി ശങ്കർ ക്ഷേത്രത്തിന് സമീപമാണ്  വൈകിട്ട് ഏകദേശം 6:55 ഓടെ സ്ഫോടനം ഉണ്ടായത്.
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന   ചില ദൃക്സാക്ഷികൾ അവരുടെ ആദ്യപ്രതികരണങ്ങൾ പങ്കുവച്ചു.”എന്റെ ജീവിതത്തിൽ ഇത്രയും വലിയ സ്‌ഫോടന ശബ്ദം ഞാൻ ഒരിക്കലും കേട്ടിട്ടില്ല. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഞാൻ മൂന്നു പ്രാവശ്യം നിലത്ത് വീണു. നമ്മളൊക്കെ മരിക്കുമെന്ന് തോന്നി,” എന്ന് ഒരാൾ ANI-യോട് പറഞ്ഞു.
“എന്റെ വീട്ടിൽ നിന്നപ്പോഴാണ്  തീജ്വാലകൾ ഞാൻ കണ്ടത്. എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഞാൻ താഴേക്ക് ഇറങ്ങി. അത്രയും വലിയ സ്‌ഫോടന ശബ്ദം ഉണ്ടായി. ഞാൻ സമീപത്താണ് താമസിക്കുന്നത്,” എന്ന് പ്രദേശവാസിയായ  രാജ്ധർ പാണ്ഡേ പറഞ്ഞു.

“എന്റെ മുന്നിലുള്ള കാർ ഏകദേശം രണ്ട് അടി അകലെയായിരുന്നു. അതിൽ ബോംബ് ഉണ്ടോ മറ്റെന്തെങ്കിലും ആണോ എന്നറിയില്ല, പക്ഷേ അത് പൊട്ടിത്തെറിച്ചു. അത് ഒരു സ്വിഫ്റ്റ് ഡിസയർ കാറായിരുന്നു,” എന്ന് മറ്റൊരു ദൃക്സാക്ഷി പറഞ്ഞു. “ഞാൻ എന്റെ കാറിൽ ഇരിക്കുമ്പോഴാണ് സ്‌ഫോടനം നടന്നത്, സമയം വൈകിട്ട് 7 മണിയോടെ. ഉടൻ കാറിൽ നിന്ന് ഇറങ്ങി അവിടെ നിന്ന് രക്ഷപ്പെട്ടു,” എന്നും മറ്റൊരാൾ പറഞ്ഞു.

എല്ലാ പ്രധാന ഏജൻസികളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്ന്​ മാധ്യമങ്ങളോട് സംസാരിച്ച ഡെൽഹി പൊലീസ് കമ്മീഷണർ സതീഷ് ഗോള്ച പറഞ്ഞു, ​ സ്ഥിതി പൂർണ്ണമായി നിരീക്ഷണത്തിലാണ് എന്നും, അതുസംബന്ധിച്ച എല്ലാ വിവരങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി പങ്കുവച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Leave A Reply

Your email address will not be published.