ഡബ്ലിന്‍ : ഇന്ന് മുതല്‍ രാജ്യത്തെ എല്ലാ ഫാമുകളിലുമുള്ള കോഴികളെയും , മറ്റു പക്ഷികളെയും കൂട്ടിനുള്ളില്‍ തന്നെ അടച്ചിട്ടുവളര്‍ത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. കൃഷിവകുപ്പ് കഴിഞ്ഞ ആഴ്ച ഈ തീരുമാനം പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് പക്ഷിപ്പനി (avian influenza) വ്യാപന സാധ്യത ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ അടിയന്തര നടപടി സ്വീകരിച്ചത്. കഴിഞ്ഞ ആഴ്ച രണ്ട് വ്യത്യസ്ത വ്യാപാര ടര്‍ക്കി ഫാമുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്നറിയിപ്പ് നടപ്പില്‍ വരുത്തിയിരുന്നു.
ചൊവ്വാഴ്ച കാര്‍ലോ കൗണ്ടിയിലെ ഒരു ഫാമില്‍ വൈറസ് സ്ഥിരീകരിക്കപ്പെട്ടപ്പോള്‍, ബുധനാഴ്ച മറ്റൊരു സ്ഥലത്തും (കില്‍സ് ,കൗണ്ടി മീത്ത്) കണ്ടെത്തി. ഇരുവിടങ്ങളിലുമുള്ള രോഗവ്യാപനം തടയുന്നതിനായി മൂന്ന് കിലോമീറ്റര്‍ സംരക്ഷണ മേഖലയും പത്ത് കിലോമീറ്റര്‍ നിരീക്ഷണ മേഖലയുമാണ് നിലവില്‍ വരുത്തിയിരിക്കുന്നത്. അയര്‍ലണ്ടിലെ ഒരു വ്യാപാര കോഴി ഫാമില്‍ രണ്ട് വര്‍ഷത്തിനുശേഷം രേഖപ്പെടുത്തിയ ആദ്യ സംഭവം എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്.
ഉത്തര അയര്‍ലണ്ടിലും സമാനമായ സ്ഥിതിയാണ്. അവിടെ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കോഴികളെ കൂട്ടിനുള്ളില്‍ പാര്‍പ്പിക്കേണ്ടതായുള്ള ഉത്തരവ് നിലവിലുണ്ട്. വെള്ളിയാഴ്ച ഫെര്‍മാനാഘ്, ടൈറോണ്‍ കൗണ്ടികളിലെ രണ്ട് വ്യത്യസ്ത ഫാമുകളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ലാബ് പരിശോധനയില്‍ Highly Pathogenic Avian Influenza (HPAI) H5N1 വൈറസ് തന്നെയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. വിദഗ്ധര്‍ എല്ലാ കോഴിവളര്‍ത്തല്‍ യൂണിറ്റുകളും ശക്തമായ ജൈവസുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.

