head1
head3

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലണ്ടന്‍ഡെറിയില്‍ മലയാളി കുടുംബത്തിന്റെ കാര്‍ കത്തിച്ചു

ലെറ്റർകെന്നി  : നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലണ്ടന്‍ഡെറിയില്‍ അജ്ഞാതരായ അക്രമികള്‍ മലയാളി കുടുംബത്തിന്റെ കാര്‍ കത്തിച്ചു.വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. കാര്‍ പൂര്‍ണ്ണമായും കത്തിപ്പോയി.

ലിമാവാഡിയിലെ ഐറിഷ് ഗ്രീന്‍ സ്ട്രീറ്റില്‍ കുടുംബത്തിന്റെ വീട്ടുവളപ്പിലെ ടെലിഫോണ്‍ തൂണും വേലിയും തീപിടുത്തത്തില്‍ കത്തിനശിച്ചു.അന്വേഷണം പുരോഗമിക്കുകയാണെന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ട് പോലീസ് അറിയിച്ചു.സംഭവത്തിന്റെ സിസിടിവി, മൊബൈല്‍ ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങളും തുടരുകയാണെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ചയും ഇന്ത്യക്കാര്‍ക്കെതിരെ ആക്രമണമുണ്ടായിരുന്നു. ഒരു കുടുംബത്തിന്റെ കാറിന്റെ നാല് ടയറുകളും കുത്തിക്കീറുകയായിരുന്നു ചെയ്തത്.കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ മലയാളി സമൂഹങ്ങളുടെ വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ അവരുടെ അംഗങ്ങളോട് ജാഗ്രത പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചു.

കുടിയേറ്റക്കാര്‍ക്കെതിരായ ആക്രമണമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമാനമായ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും സന്ദേശം പറയുന്നു.

ഡിയുപി കൗണ്‍സിലര്‍ ആരോണ്‍ കലന്‍ സംഭവത്തെ അപലപിച്ചു. ഇത്തരം അക്രമങ്ങള്‍ക്ക് സമൂഹത്തില്‍ സ്ഥാനമില്ലെന്നും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പ്രസ്താവിച്ചു.ലിമാവഡി എല്ലാവരെയും സ്വാഗതം ചെയ്യുന്ന നഗരമാണെന്നും വംശീയ,വിഭാഗീയ അക്രമങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലണ്ടന്‍ഡെറി കൗണ്ടിയില്‍ വിവിധ കേന്ദ്രങ്ങളില്‍ അടുത്തിടെ വംശീയ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.സമീപകാലത്ത് ഈ പ്രദേശത്ത് അഞ്ചിലേറെ വംശീയ ആക്രമണങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.ഭക്ഷണത്തിനായി പുറത്തുപോയ കൊളറൈനിലെ ഇന്ത്യന്‍ യുവാക്കള്‍ ആക്രമിക്കപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഒക്ടോബര്‍ ആദ്യം ബെല്‍ഫാസ്റ്റ് സിറ്റി ഹോസ്പിറ്റല്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് മധ്യവയസ്‌കനും വൃക്ക രോഗിയുമായ ഇന്ത്യക്കാരനെ ആക്രമിച്ചു.ചികിത്സയ്ക്കായി എത്തിയപ്പോള്‍ ഡൊണഗല്‍ റോഡിലാണ് ഇദ്ദേഹത്തിനെതിരെ ക്രൂരമായ ആക്രമണമുണ്ടായത്.പോലീസ് അന്വേഷിച്ചെങ്കിലും നടപടികളൊന്നുമുണ്ടായില്ല. വംശീയതയുടെ പേരില്‍ ഡോണഗേല്‍ റോഡില്‍ ഒരു വ്യാപാര സ്ഥാപനം ആക്രമിച്ച് കൊള്ളയടിച്ചിരുന്നു. അടുത്തിടെ നടന്ന ഈ സംഭവവുമായി ബന്ധപ്പെട്ട് 12 വയസ്സുകാരനെ അറസ്റ്റ് ചെയ്തിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.