കൊച്ചി :പ്രൊഫസര്‍ എംകെ സാനുവിന് കേരളം ഇന്ന് യാത്രാമൊഴി ചൊല്ലും. ഇടപ്പളളി അമൃത ആശുപത്രി നിന്നും സാനു മാസ്റ്ററുടെ മൃതദേഹം കൊച്ചി കാരിയ്ക്കാമുറിയിലെ വീട്ടിലേയ്ക്കും പിന്നീട് എറണാകുളം ടൗണ്‍ ഹാളിലേക്കും എത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക.
എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 5 .35 ന് ആയിരുന്നു 99 വയസായിരുന്ന സാനുമാഷിന്റെ വിയോഗം. ദീര്‍ഘകാലം എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായിരുന്ന പ്രൊഫസര്‍ എംകെ സാനുവിന് ശിഷ്യഗണങ്ങളും കൊച്ചി പൗരാവലിയും ഇന്ന് അന്തിമോപചാരം അര്‍പ്പിക്കും. വീട്ടില്‍ വെച്ച് ഉണ്ടായ ഒരു വീഴ്ചയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു.
മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരില്‍ ഒരാളാണ് വിടവാങ്ങിയത്. ചങ്ങമ്പുഴ കൃഷ്ണപിള്ള, പികെ ബാലകൃഷ്ണന്‍, വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങി 40 ലധികം പേരുടെ ജീവചരിത്രം എംകെ സാനു രചിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.


Comments are closed.