head1
head3

ഊര്‍ജ ഉപഭോക്താക്കള്‍ക്ക് വീണ്ടും മൊറട്ടോറിയവുമായി ഇലക്ട്രിക്ക് അയര്‍ലണ്ട്…

ഡബ്ലിന്‍ : കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ 1.3 മില്ല്യണ്‍ റെസിഡന്‍ഷ്യല്‍, ബിസിനസ് ഉപഭോക്താക്കള്‍ക്കായി ഡിസ്‌കണക്ഷന് മൊറട്ടോറിയം വീണ്ടും അവതരിപ്പിച്ച് ഇലക്ട്രിക്ക് അയര്‍ലണ്ട്.

ലെവല്‍ 5 നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതുമുതല്‍ ഡിസംബര്‍ ഒന്ന് വരെയാണ് ജനങ്ങള്‍ക്ക് ആശ്വാസമായി മൊറട്ടോറിയം പ്രഖ്യാപിച്ചത്. അപേക്ഷിക്കുന്നവരുടെ വൈദ്യുതി ബന്ധം ഇക്കാലയളവില്‍ യാതൊരു കാരണവശാലും ബോര്‍ഡ് വിച്ഛേദിക്കില്ല,

കടുത്ത നിയന്ത്രണങ്ങളില്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ഉപഭോക്താക്കളെ സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.

ഇക്കാലയളവില്‍ പ്രയാസമനുഭവിക്കുന്ന എല്ലാ ഉപഭോക്താക്കളും ബന്ധപ്പെടണമെന്ന് ഇലക്ട്രിക് അയര്‍ലണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഉപഭോക്താക്കളുടെ വ്യക്തിഗത സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു പേയ്മെന്റ് പ്ലാന്‍ കണ്ടെത്താന്‍ അവരുമായി പ്രവര്‍ത്തിക്കുമെന്നും കമ്പനി പറയുന്നു.

ബില്ലുകള്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടുന്ന ഉപഭോക്താക്കളെ സഹായിക്കാന്‍ ഐറിഷ് മണി അഡൈ്വസ് ആന്‍ഡ് ബജറ്റിംഗ് സര്‍വീസ്, സൊസൈറ്റി ഓഫ് സെന്റ് വിന്‍സെന്റ് ഡി പോള്‍ തുടങ്ങിയ സംഘടനകളുമായി ചേര്‍ന്നായിരിക്കും പ്രവര്‍ത്തനം.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് കമ്പനി ഡിസ്‌കണക്ഷന്‍ മൊറട്ടോറിയം അവതരിപ്പിക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.