ടെല്‍അവീവ് : പലസ്തീന്‍ വിഷയത്തില്‍ അയര്‍ലണ്ടിനെതിരെ വീണ്ടും അതിശക്തമായ ഭാഷയില്‍ പ്രതികരിച്ച് ഇസ്രയേല്‍.സകല മര്യാദകളുടെയും ലംഘനമാണ് അയര്‍ലണ്ട് നടത്തുന്നതെന്ന് ഇസ്രായേല്‍ എംബസി ആരോപിച്ചു. എല്ലാത്തിനും ഒരു അതിരുണ്ട്. എന്നാല്‍ അയര്‍ലണ്ട് ആ സീമകളെല്ലാം ലംഘിച്ചു.ഇസ്രായേലിനെ നിയമവിരുദ്ധ രാജ്യമാക്കാനുള്ള ശ്രമങ്ങളും വാചകക്കസര്‍ത്തുകളുമാണ് അയര്‍ലണ്ട് നടത്തുന്നത്.
കുട്ടികളെ ബോധപൂര്‍വ്വം പട്ടിണിക്കിട്ടെന്നും സാധാരണക്കാരെ മനപ്പൂര്‍വ്വം കൊന്നൊടുക്കുന്നുവെന്നും ആരോപിച്ച് ഇസ്രായേലിനെ അപകീര്‍ത്തിപ്പെടുത്തുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ വംശഹത്യയുടെ നിയമപരമായ നിര്‍വചനം പോലും മാറ്റിമറിച്ചു.-ഇസ്രായേല്‍ ആരോപിക്കുന്നു.
ഒരേ പ്രശ്നത്തോട് രണ്ട് സമീപനമാണ് അയര്‍ലണ്ടിനുള്ളത്. ഇസ്രായേലിനോട് ഏകപക്ഷീയമായ സമീപനമാണ് സ്വീകരിക്കുന്നത്. അയര്‍ലണ്ടിന്റെ യഹൂദ വിരുദ്ധതയെക്കുറിച്ച് ദീര്‍ഘകാലമായി ഇസ്രയേല്‍ ആശങ്ക അറിയിക്കുന്നു.എന്നാല്‍ അതിനെയൊക്കെ പൂര്‍ണ്ണമായും അവഗണിക്കുന്ന നിലപാടാണ് അയര്‍ലണ്ട് സ്വീകരിച്ചത്-എംബസി പറഞ്ഞു.
അയര്‍ലണ്ട് യഹൂദ വിരുദ്ധമാണെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത വിമര്‍ശനവുമായി ഇസ്രയേല്‍ എംബസി രംഗത്തുവന്നത്.
ഇസ്രയേലിനെ ആക്രമിച്ച് പ്രസിഡന്റ് ഹിഗ്ഗിന്‍സ്
അതിനിടെ ഇസ്രയേലിനെതിരെ വിമര്‍ശനവുമായി ഐറിഷ് പ്രസിഡന്റ് മീഹോള്‍ ഡി ഹിഗ്ഗിന്‍സ് രംഗത്തുവന്നു.ബെഞ്ചമിന്‍ നെതന്യാഹുവിനെ വിമര്‍ശിച്ചതിന്റെ പേരില്‍ അയര്‍ലണ്ടിനെ യഹൂദ വിരുദ്ധമായി ചിത്രീകരിക്കുന്നത് ഗൗരവതരമായ അപകീര്‍ത്തികരവുമാണെന്ന് പ്രസിഡന്റ് പറഞ്ഞു.
മൂന്ന് അയല്‍രാജ്യങ്ങളുടെ പരമാധികാരവും അന്താരാഷ്ട്ര നിയമങ്ങളും ബെഞ്ചമിന്‍ നെതന്യാഹു ലംഘിച്ചുവെന്ന് പ്രസിഡന്റ് ഹിഗ്ഗിന്‍സ് പറഞ്ഞു.പലസ്തീന്‍ സ്റ്റേറ്റ് അംബാസഡര്‍ ജിലാന്‍ അബ്ദല്‍ജാമിദിന്റെയും ഇറ്റലിയിലെ അംബാസഡര്‍ നിക്കോള ഫഗനെല്ലോയ്ക്കുമുള്ള ക്രെഡന്‍ഷ്യല്‍ സ്വീകരണ ചടങ്ങിലാണ് പ്രസിഡന്റ് ഹിഗ്ഗിന്‍സ് ഈ പരാമര്‍ശം നടത്തിയത്.
ഇസ്രായേല്‍ അംബാസഡര്‍ ഡാന എര്‍ലിച്ചിനെയും പ്രസിഡന്റ് വിമര്‍ശിച്ചു. ഇവര്‍ക്ക് അനുഭവപരിചയത്തിന്റെ കുറവുണ്ടായിരുന്നു. ഇക്കാര്യം ഇവരുടെ നിയമന സമയത്ത് റിമാര്‍ക്കായി പറഞ്ഞിരുന്നു.ആദ്യകാലത്തെ ഇവരുടെ പരാമര്‍ശങ്ങള്‍ പരിചയക്കുറവിന്റേതാണെന്നാണ് കരുതിയത്.എന്നാല്‍ അയര്‍ലണ്ടിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണതെന്ന് പിന്നീട് മനസ്സിലാക്കി.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെ അപലപിക്കുന്നതായി പ്രസിഡന്റ് ആവര്‍ത്തിച്ചു.എന്നാല്‍ ഇസ്രായേലിന്റെ പ്രതികരണം ഗാസയില്‍ കുട്ടികളടക്കം 45,000ത്തിലധികം പേരുടെ ജീവനെടുത്തെന്നും ആരോപിച്ചു.അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനങ്ങളുടെ എല്ലാ വിശദാംശങ്ങളും അയര്‍ലണ്ട് അറിയിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.കൈയേറ്റം, അധിനിവേശം തുടങ്ങിയ വാക്കുകള്‍ അയര്‍ലണ്ടിന് വേഗത്തില്‍ മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധിനിവേശം തന്നെ കാരണം
താരതമ്യേനെ ചെറിയ രാജ്യമായ അയര്‍ലണ്ടിനെ കീഴടക്കാനുള്ള അറബ് വ്യാപാരശക്തികളുടെ ഇടപെടലാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ കാരണമെന്ന് ഫാര്‍ റൈറ്റ് ഗ്രൂപ്പുകള്‍ ആരോപിക്കുന്നു. അയര്‍ലണ്ടിലെ ഇസ്രായേല്‍ ഇതര വ്യാപാര സംരഭങ്ങളിലെല്ലാം ഇടപെടല്‍ നടത്താന്‍ ഒരു പ്രത്യേക വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്.രാജ്യത്ത് ഇപ്പോഴും ഇസ്രായേലിന്റെ ഗണ്യമായ തോതിലുള്ള ഇന്‍വെസ്റ്റ്‌മെന്റ് ഉണ്ട്. അതുകൊണ്ടാണ് ഇസ്രായേലിന്റെ വ്യാപാര നിക്ഷേപ മേഖലയെ തകര്‍ക്കാന്‍ ഗാസയുടെ പേരില്‍ ഉപരോധം തീര്‍ത്ത് ,പ്രതിരോധിക്കുന്നത്. എല്ലാ വ്യാപാരങ്ങളും കൈപ്പിടിയില്‍ ഒതുക്കാനുള്ള ചിലരുടെ തന്ത്രം തിരിച്ചറിയാതെയാണ് അയര്‍ലണ്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇസ്രായേലിനെ എതിര്‍ക്കുന്നതെന്ന് ഫാര്‍ റൈറ്റ് ഗ്രൂപ്പുകള്‍ മുന്നറിയിപ്പ് നല്‍കി.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/


Comments are closed.