ഡബ്ലിന്‍ : വൈകിയാണെങ്കിലും പുറത്തിറക്കിയ അന്റുവിന്റെ കോമണ്‍സെന്‍സ് മാനിഫെസ്റ്റോയെ ജനം തള്ളുമോ കൊള്ളുമോ…രാജ്യത്തെ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങള്‍ മുതല്‍ പ്രത്യയശാസ്ത്ര പോയിന്റുകള്‍ വരെ പരാമര്‍ശിച്ച രാഷ്ട്രീയ ലോകം ഏറെ ശ്രദ്ധിച്ച മാനിഫെസ്റ്റോയായിരുന്നു ഏക ടി ഡി പാര്‍ട്ടിയാണെങ്കിലും അന്റു പുറത്തിറക്കിയത്.കോമണ്‍സെന്‍സ് മാനിഫെസ്റ്റോയെന്ന വിശേഷണവും പാര്‍ട്ടി തന്നെയാണ് പ്രകടനപത്രികയ്ക്ക് നല്‍കിയത്.എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്ന പാര്‍ട്ടിക്ക് അനുകൂലമായ തരംഗമുണ്ടെന്നാണ് ടോയ്ബിന്റെ അവകാശവാദം.ഇത് ശരിയാണോയെന്നറിയാന്‍ ഫലപ്രഖ്യാപനം വരെ കാത്തിരിക്കേണ്ടതുണ്ട്. എട്ടാം ഭേദഗതി അസാധുവാക്കിയതിനെ പിന്തുണച്ചതിന്റെ പേരിലുള്ള അഭിപ്രായവ്യത്യാസമാണ് ആറ് വര്‍ഷം മുമ്പ് സിന്‍ ഫെയിന്‍ വിടാന്‍ പീഡര്‍ ടോയ്ബിന് പ്രേരിപ്പിച്ചത്.ആ ചുവടുമാറ്റം നേട്ടമുണ്ടാക്കുമോയെന്നും ഇക്കുറിയറിയാം.
പാര്‍പ്പിടം, സമ്പദ്വ്യവസ്ഥ, ജീവിതച്ചെലവ്, ക്രമസമാധാനം, ഗ്രാമീണ ജീവിതം,ഗര്‍ഭച്ഛിദ്രം, കുടിയേറ്റം, ലിംഗ വ്യക്തിത്വ പ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ വിഷയങ്ങളെയും പാര്‍ട്ടിയുടെ കോമണ്‍സെന്‍സ് മാനിഫെസ്റ്റോ അഡ്രസ് ചെയ്തു.
അയര്‍ലണ്ടുകാരെ തിരികെ കൊണ്ടുവരും
കുടിയേറിയ ഐറിഷ് പൗരന്മാരെ തിരികെ വരാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പാര്‍ട്ടിയുടെ കോമണ്‍സെന്‍സ് മാനിഫെസ്റ്റോ പദ്ധതികളാണ് ഏറെ ചര്‍ച്ചയായത്.ഓപ്പറേഷന്‍ ഷാംറോക്ക് എന്നപദ്ധതിയില്‍, ആരോഗ്യ സേവന പ്രവര്‍ത്തകര്‍, നിര്‍മ്മാണ മേഖലയിലെ ആളുകള്‍ തുടങ്ങിയ മേഖലയിലെ തൊഴിലാളികള്‍ക്ക് അയര്‍ലണ്ടിലേക്ക് മടങ്ങാന്‍ 5,000 യൂറോ ഗ്രാന്റ് നല്‍കുമെന്നാണ് പാര്‍ട്ടിയുടെ ഓഫര്‍.നാല് വര്‍ഷത്തിനുള്ളില്‍ 10,000 യൂറോയുടെ നികുതി ഇളവും നല്‍കും
കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ല
കുടിയൊഴിപ്പിക്കല്‍ നിരോധനം തെറ്റില്ലാതെ വീണ്ടും അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പാര്‍ട്ടിയുടെ ഭവന നിര്‍മ്മാണ വിഷയത്തില്‍ വര്‍ഷം തോറും 15,000 സോഷ്യല്‍ അഫോര്‍ഡബിള്‍ വീടുകള്‍ നിര്‍മ്മിക്കാനും ഒഴിഞ്ഞുകിടക്കുന്ന 8,000 വീടുകള്‍ക്കായി 70,000 യൂറോ ഗ്രാന്റുകള്‍ നല്‍കാനും പാര്‍ട്ടി ആഗ്രഹിക്കുന്നു.
കര്‍ഷകരെ കാക്കും
റസിഡന്‍ഷ്യല്‍ സോണിലെ ഭൂനികുതിയില്‍ നിന്ന് കൃഷിഭൂമിയെ ഒഴിവാക്കിയും ഫെര്‍ട്ടിലൈസര്‍ ക്രെഡിറ്റ് സ്‌കീം നടപ്പാക്കിയും കര്‍ഷകരെ സഹായിക്കുമെന്ന് പാര്‍ട്ടി പറയുന്നു. 26 പുതിയ ഗ്രാമീണ ഗാര്‍ഡ സ്റ്റേഷനുകളും 18,000 ഗാര്‍ഡകളും പാര്‍ട്ടിയുടെ നയമാണ്
കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍… കുറഞ്ഞ ജീവിതച്ചെലവ്
അടുത്ത വര്‍ഷം 400 ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റുമാരെയും 2030ഓടെ കൂടുതലായി 3,500 നഴ്സുമാരെയും മിഡൈ്വഫുമാരെയും നിയമിക്കുമെന്ന് പാര്‍ട്ടി പറയുന്നു. ഇതിനായി 347 മില്യണ്‍ യൂറോയാണ് പാര്‍ട്ട ചെലവിടുക.ചൈല്‍ഡ് കെയര്‍ കോസ്റ്റ് ആഴ്ചയില്‍ 100യൂറോയാക്കും.
വൈദ്യുതിയ്ക്ക് സീറോ വാറ്റ്
വില ഉയരുമ്പോള്‍ വൈദ്യുതിയുടെ സീറോ വാറ്റ് നിരക്കാണ് മറ്റൊരു ഓഫര്‍.പബ്ബുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമുള്ള വാറ്റ് നിരക്ക് 13.5%ല്‍ നിന്ന് 9% ആയി കുറയ്ക്കുമെന്ന് പാര്‍ട്ടി ഓഫര്‍ ചെയ്യുന്നു.അടുത്തിടെ പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളുടെ മേല്‍ രണ്ടു തവണ കൂട്ടിയ എക്സൈസ് നികുതി പിന്‍വലിക്കും.
മദ്യപര്‍ക്കും ആശ്വാസം
മദ്യപരെയും പാര്‍ട്ടി കൈവിട്ടില്ല.പബ്ബുകളിലും റെസ്റ്റോറന്റുകളിലും വില്‍ക്കുന്ന മദ്യത്തിന്റെ എക്‌സൈസ് നികുതി യൂണിറ്റൊന്നിന് 10 ശതമാനം കുറച്ചാണ് അവരെ സഹായിക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളെ മുതല്‍ക്കൂട്ടാക്കും… പ്രത്യേക മന്ത്രി
പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും ‘മാലിന്യങ്ങള്‍’ അവസാനിപ്പിക്കുന്നതിനും പ്രധാനമന്ത്രിയുടെ വകുപ്പില്‍ ജൂനിയര്‍ മന്ത്രിയെ നിയോഗിക്കുമെന്നും പാര്‍ട്ടി പറയുന്നു.പൊതുമരാമത്ത് ഓഫീസ് കരാറുകള്‍ മൂന്നാം കക്ഷികള്‍ക്ക് ഔട്ട്‌സോഴ്‌സിംഗ് നല്‍കുന്നത് അവസാനിപ്പിക്കുമെന്നും അന്റു പറയുന്നു.
ഗര്‍ഭിണികള്‍ക്ക് സാമ്പത്തിക സഹായം…ഗര്‍ഭഛിദ്രത്തിനുള്ള കാത്തിരിപ്പ് മൂന്നു ദിവസം
ഗര്‍ഭിണികള്‍ക്കെല്ലാം സാമ്പത്തിക സഹായം നല്‍കുമെന്നും ലിംഗഭേദമോ വൈകല്യമോ നോക്കിയുള്ള ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുമെന്നും പാര്‍ട്ടി പറയുന്നു. ഏതെങ്കിലും കാരണവശാല്‍ ഗര്‍ഭച്ഛിദ്രത്തിന് ശ്രമിക്കുന്ന സ്ത്രീക്ക് നല്‍കുന്ന മൂന്ന് ദിവസത്തെ കാത്തിരിപ്പ് തുടരുമെന്ന് പാര്‍ട്ടി പറയുന്നു.ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈ വിഷയത്തില്‍ മനസ്സാക്ഷിയുടെ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി നിയമം വരും.ഗര്‍ഭഛിദ്രം വേണമോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് ഗര്‍ഭിണിക്ക് അള്‍ട്രാ സൗണ്ട് ഓപ്ഷന്‍ നല്‍കണമെന്നും പ്രകടനപത്രികയില്‍ പ്രത്യേകം എടുത്തു പറയുന്നു.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിതത്വം
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി സുരക്ഷിതമായ ഇടങ്ങള്‍ ഉറപ്പാക്കുമെന്ന് പാര്‍ട്ടി പറയുന്നു. വിദ്വേഷ പ്രസംഗ നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ക്ക് എതിരാണെന്നും പാര്‍ട്ടി പറയുന്നു.
എല്ലാത്തരം വിവേചനങ്ങള്‍ക്കും എതിര്
ഇമിഗ്രേഷനുമായി ബന്ധപ്പെട്ട എല്ലാത്തരം വിവേചനങ്ങള്‍ക്കും അന്റു എതിരാണെന്ന് പത്രിക പറയുന്നു.എന്നിരുന്നാലും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നതിന് അതിര്‍ത്തി നിയന്ത്രണമടക്കമുള്ള നിയമങ്ങള്‍ നടപ്പിലാക്കാന്‍ മേല്‍നോട്ടം വഹിക്കുന്നതിന് 4,000ഓളം ജീവനക്കാരുള്ള പുതിയ ഐറിഷ് ബോര്‍ഡര്‍ ഏജന്‍സി സ്ഥാപിക്കുമെന്ന് പാര്‍ട്ടി പറയുന്നു.
അഭയാര്‍ത്ഥി അപേക്ഷകളില്‍ ആറ് മാസത്തിനുള്ളില്‍ തീര്‍പ്പ്
അഭയാര്‍ത്ഥി അപേക്ഷകളില്‍ ആറ് മാസത്തിനുള്ളില്‍ തീരുമാനമെടുക്കുന്നതിന് നിയമ വരും. ക്രിമിനല്‍ ശിക്ഷ നേരിടുന്നവര്‍ക്ക് അയര്‍ലണ്ട് വിലക്കുന്നതും പാര്‍ട്ടി നയമാണ്.അഭയാര്‍ത്ഥികളെ സഹായിക്കുന്നതിന് കമ്മ്യൂണിറ്റി ഡിവിഡന്റ് അവതരിപ്പിക്കാനും അയര്‍ലണ്ടില്‍ എത്തുമ്പോള്‍ പാസ്‌പോര്‍ട്ട് നശിപ്പിക്കുന്നവരെ നാടുകടത്താനും പാര്‍ട്ടി ആഗ്രഹിക്കുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/


Comments are closed.