head3
head1

മലയാളത്തിന്റെ മഹാകവി അക്കിത്തം അന്തരിച്ചു

തൃശൂര്‍ : മലയാളത്തിന്റെ മഹാകവിയും ജ്ഞാനപീഠം ജേതാവുമായ അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു.

തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇതോടെ എട്ട് പതിറ്റാണ്ട് നീണ്ടു നിന്ന അക്കിത്തത്തിന്റെ മഹത്തായ കാവ്യജീവിതത്തിന് വിരാമമായി.

അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായി 1926 മാര്‍ച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അക്കിത്തം ജനിച്ചത്. ഭാര്യ: പരേതയായ ശ്രീദേവി അന്തര്‍ജനം. മക്കള്‍: പാര്‍വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന്‍. പ്രശസ്ത ചിത്രകാരന്‍ അക്കിത്തം നാരായണന്‍ സഹോദരനാണ്.

ദേശീയപ്രസ്ഥാനത്തിലും യോഗക്ഷേമ സഭയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന അക്കിത്തം കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ലേഖനസമാഹാരം എന്നിവയുള്‍പ്പെടെ അന്‍പതോളം കൃതികള്‍ രചിച്ചു.

വേദവും ഇംഗ്ലീഷും കണക്കും തമിഴും പഠിച്ച അക്കിത്തം എട്ടുവയസ്സുമുതല്‍ കവിതയെഴുതുമായിരുന്നു. കുട്ടികാലത്തുതന്നെ ചിത്രകലയിലും സംഗീതത്തിലും താല്‍പര്യം കാട്ടിയിരുന്നു.

കോഴിക്കോട് സാമൂതിരി കോളജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നെങ്കിലും രോഗം മൂലം പഠനം മുടങ്ങി. പിന്നീട് തൃശൂര്‍ മംഗളോദയം പ്രസില്‍നിന്ന് പുറത്തിറങ്ങിയിരുന്ന ‘ഉണ്ണി നമ്പൂതിരി’യുടെ പ്രിന്ററും പബ്ലിഷറുമായി.

1946 മുതല്‍ മൂന്ന് വര്‍ഷമാണ് അദ്ദേഹം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായിരുന്നത്. പിന്നീട് മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹപത്രാധിപരുമായി.

അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്, കൂട്ടുകൃഷി തുടങ്ങിയ നാടകങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

‘ ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ ‘ …. എന്ന് തുടങ്ങുന്ന കവിയുടെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലെ വരികള്‍ മലയാളിയുടെ മനസില്‍ ആഴത്തില്‍ തറച്ചവയാണ്. 26-ാം വയസിലാണ് കവി ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം രചിച്ചത്.

അക്കിത്തം മൂന്ന് പതിറ്റാണ്ട് ആകാശവാണിയില്‍ ജോലി ചെയ്തിട്ടുണ്ട്. 1956ല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായിട്ടായിരുന്നു തുടക്കം. പിന്നീട് 1975ഓടെ തൃശൂര്‍ ആകാശവാണിയില്‍ എഡിറ്ററായി. 1985ല്‍ വിരമിച്ചു.

കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, കൊച്ചി ചങ്ങമ്പുഴ സ്മാരകസമിതി വൈസ് പ്രസിഡന്റ്, കോട്ടയം സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം ഡയറക്ടര്‍, തപസ്യ കലാസാഹിത്യ വേദി പ്രസിഡന്റ്, കടവല്ലൂര്‍ അന്യോന്യ പരിഷത് പ്രസിഡന്റ്, പൊന്നാനി കേന്ദ്ര കലാസമിതി സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

2019 നവംബറില്‍ രാജ്യം അക്കിത്തത്തിന് ജ്ഞാനപീഠപുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 2017ല്‍ പദ്മശ്രീ പുരസ്‌കാരവും, 2012ല്‍ വയലാര്‍ പുരസ്‌കാരവും, 2008ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും 1974ല്‍ ഓടക്കുഴല്‍ അവാര്‍ഡും, 1972ലും 73ലുമായി കേരള, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡുകളും അക്കിത്തത്തിന് ലഭിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, വളക്കിലുക്കം, മനഃസ്സാക്ഷിയുടെ പൂക്കള്‍, നിമിഷക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, ആലഞ്ഞാട്ടമ്മ, കരതലാമലകം, കളിക്കൊട്ടിലില്‍, സമത്വത്തിന്റെ ആകാശം, ശ്രീമദ്ഭാഗവതം (വിവര്‍ത്തനം,മൂന്ന് വാല്യങ്ങള്‍) എന്നിവയാണ് പ്രധാന കൃതികള്‍.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.