ഡബ്ലിന്‍ : കോവിഡ് പ്രതിസന്ധിയില്‍ തകര്‍ന്ന വിമാന യാത്രകള്‍ സാധാരണ നിലയിലാകാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അയര്‍ലണ്ടിലെ എമിറേറ്റ്‌സ് കണ്‍ട്രി മാനേജര്‍ എന്‍ഡ കോര്‍നെയില്‍.
2022 വരെ എയര്‍ലൈന്‍ വ്യവസായം പഴയപടിയാകില്ലെന്ന് അദ്ദേഹം പറയുന്നു.
കോവിഡ് വ്യാപനത്തെ നേരിടാന്‍ ലോക രാജ്യങ്ങള്‍ സ്വീകരിച്ച നടപടികളും വിമാനയാത്രാ മേഖലയെ വളരെയധികം പ്രതികൂലമായി ബാധിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 90 ശതമാനം ഐറിഷ് വിമാന യാത്രക്കാരുടെ കുറവാണ് കഴിഞ്ഞ ജൂലൈയില്‍ രേഖപ്പെടുത്തിയതെന്ന് കോര്‍നെയില്‍ വ്യക്തമാക്കുന്നു.
അതേസമയം, കോവിഡ് പ്രതിസന്ധിയുടെ ഭാഗമായുള്ള സാമ്പത്തിക ആഘാതം വിമാനക്കമ്പനികളെ പൂര്‍ണമായും തകര്‍ത്തേക്കുമെന്ന പ്രവചനവും ഡബ്ലിന്‍ സ്വദേശികൂടിയായ എന്‍ഡ കോര്‍നെയില്‍ നടത്തി .
വിമാനയാത്രയും എയര്‍ലൈന്‍ വ്യവസായവും കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങി പോകാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും. ഒരുപക്ഷേ വാക്‌സിന്‍ കണ്ടെത്തിയില്ലെങ്കില്‍ അടുത്ത വര്‍ഷം കൂടി ജനങ്ങള്‍ വിദേശ യാത്ര ചെയ്യാനും അവധിക്കാല യാത്രകള്‍ നടത്താനും മടിക്കുമെന്നും അദ്ദേഹം പറയുന്നു.
അതേസമയം, നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും മേഖലയുടെ തിരിച്ചുവരവെന്നും ഇതില്‍ കോവിഡ് വാക്‌സിന്‍ ഒരു പ്രധാന ഘടകമായിരിക്കുമെന്നും കോര്‍നെയില്‍ പറഞ്ഞു.
വാക്‌സിന്‍ കണ്ടുപിടിച്ചില്ലെങ്കില്‍ വിമാനത്താവളത്തില്‍ സ്ഥിരമായതും കൂടുതല്‍ സമഗ്രവുമായ പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും.
വിമാനയാത്ര കൂടുതല്‍ സ്വീകാര്യമാകണമെങ്കില്‍ നിലവിലെ നിയന്ത്രണങ്ങള്‍ നീക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.
കോവിഡിനു മുമ്പ് ആഴ്ചയില്‍ 85ശതമാനം യാത്രക്കാരുമായി 14 എമിറേറ്റ്‌സ് വിമാനങ്ങളാണ് ഡബ്ലിനിലേക്ക് പറന്നിരുന്നത്.
ക്രിസ്മസ് സീസണില്‍ 85 മുതല്‍ 100 ശതമാനം വരെ യാത്രക്കാരുമായി അയര്‍ലണ്ടിലേക്ക് സര്‍വീസ് നടത്തിയ ചരിത്രവും എമിറേറ്റ്‌സിനുണ്ടെന്നും കോര്‍നെയില്‍ പറഞ്ഞു.
ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് ഗ്രൂപ്പിന് 270 വിമാനങ്ങളാണുള്ളത്. ഇത് വിവിധ രാജ്യങ്ങളിലെ 150ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് പറക്കുന്നത്. എന്നാല്‍ കോവിഡ് എല്ലാം താറുമാറാക്കിയെന്നും അടുത്ത കാലത്തൊന്നും എല്ലാം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഐറിഷ് മലയാളി ന്യൂസ്


Comments are closed.