ഡബ്ലിന്‍: 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കോവ്ഡ് പ്രതിരോധ കുത്തിവെയ്പ്പ് ഓഗസ്റ്റ് മാസം മുതല്‍ ആരംഭിക്കും.
ഓഗസ്റ്റ് അവസാനത്തോടെ സ്‌കൂളുകള്‍ തുറക്കാനാവും എന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
അതേസമയം ഓഗസ്റ്റ് ആദ്യവാരം മുതല്‍ കോവിഡിന്റെ നാലാം തരംഗം അയര്‍ലണ്ടില്‍ ആഞ്ഞടിച്ചേക്കുമെന്നും ഡെല്‍റ്റ വേരിയന്റില്‍ ഉയരുന്ന മരണനിരക്ക് പ്രതീക്ഷിക്കാവുന്നതില്‍ അധികമായേക്കുമെന്നും പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ഓഗസ്റ്റില്‍ സ്‌കൂളുകള്‍ തുറക്കാനാവുമോ എന്ന ആശങ്കയും നിലവിലുണ്ട്.
എന്നാല്‍ മറ്റൊരു ലോക്ക്ഡൗണിന് ഇനി യാതൊരു സാധ്യതയും ഇല്ലെന്ന് ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍ ഇന്നലെയും ആവര്‍ത്തിച്ചു. ഇനി അഥവാ സ്ഥിതിഗതികള്‍ മോശമായാലും ,കുട്ടികള്‍ക്ക് വാക്‌സിന്‍ കൊടുക്കുന്നത് വൈകിപ്പിക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്
ക്ലിനിക്കല്‍ ഉപദേശം അനുവദിക്കുന്ന മുറയ്ക്ക് കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന് നിലവിലുള്ള കോവിഡ് -19 വാക്‌സിനേഷന്‍ ഇന്‍ഫ്രാസ്ട്രക്ചറിനൊപ്പം സ്‌കൂളുകള്‍ കേന്ദ്രമാക്കിയും ഇമ്യൂണൈസേഷന്‍ പ്രോഗ്രാം ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
രാജ്യത്തെ 30 നും 34 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ജൂലൈ 5 തിങ്കളാഴ്ച കോവിഡ് വാക്സിന്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണല്ലി വ്യക്തമാക്കിയിരുന്നു..
18 – 34 വയസ് പരിധിയില്‍ ഉള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇനി വാക്‌സിന്‍
അതേ സമയം 18- 34 വയസ് പരിധിയില്‍ ഉള്ളവര്‍ക്ക് കോവിഡ് രജിസ്ട്രേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ നാളെ മുതല്‍ വാക്‌സിന്‍ സ്വീകരിക്കാനുള്ള അവസരമുണ്ട്.നിങ്ങളുടെ പ്രദേശത്തുള്ള ഫാര്‍മസിയില്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്ത ശേഷം കൃത്യ സമയത്ത് അവിടെയെത്തി കോവിഡ് വാക്‌സിന്‍ സ്വീകരിക്കാം. ഒരൊറ്റ ഡോസ് മാത്രം സ്വീകരിക്കേണ്ടതായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ജാന്‍സണ്‍ വാക്‌സിനാണ് ഫാര്‍മസികളില്‍ നല്‍കുന്നത്.
. 60-69 വയസ് പ്രായമുള്ളവര്‍ക്കുള്ള രണ്ടാമത്തെ ഡോസുകള്‍ വരും ആഴ്ചകളില്‍ പൂര്‍ത്തിയാകുമെന്നും ഡോണെല്ലി ട്വിറ്ററില്‍ പറഞ്ഞു രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി വീണ്ടും അഭ്യര്‍ത്ഥനകള്‍ അയയ്ക്കുണ്ട്. .ഈ ആഴ്ച 300,000-330,000 വാക്സിനുകള്‍ നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞയാഴ്ച 3,51,000 ഡോസ് വാക്സിനുകളാണ് നല്‍കിയത്.
രേഖകള്‍ ഇല്ലാത്തവര്‍ക്കും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം
ഓണ്‍ ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പിപിഎസ് നമ്പര്‍, ഏര്‍ കോഡ്,മൊബൈല്‍ ഫോണ്‍ നമ്പര്‍,ഇമെയില്‍ അഡ്രസ് എന്നിവ ആവശ്യമാണ്. ഇവയില്ലാത്തവരോ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കാത്തവരോ ആയ ആളുകള്‍ക്ക് രജിസ്ട്രേഷനായി എച്ച് എസ് ഇലൈവ് 1850 241 850 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും സിഇഒ പറഞ്ഞു.
വാക്സിനേഷന്‍ ആവുന്നത്ര വേഗത്തില്‍
ഡെല്‍റ്റ വേരിയന്റില്‍ നിന്ന് രക്ഷനേടാന്‍ ലഭ്യമായ വാക്സിനുകള്‍ എത്രയും വേഗം നല്‍കണമെന്നാണ് എച്ച് എസ് ഇ ആഗ്രഹിക്കുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് പോള്‍ റീഡ് പറഞ്ഞു.എത്ര വാക്സിനുകള്‍ ലഭിക്കുമോ അത്രത്തോളം ആവുന്നത്ര വേഗത്തില്‍ ആളുകള്‍ക്ക് നല്‍കുകയെന്നതാണ് നമുക്ക് മുന്നിലുള്ള പോംവഴിയെന്ന് സിഇഒ പറഞ്ഞു. നിയാകിന്റെ ശുപാര്‍ശകള്‍ പൂര്‍ണ്ണമായും പ്രാവര്‍ത്തികമാക്കുന്നതിന് എല്ലാ ചാനലുകളും ഉപയോഗിക്കുമെന്ന് റീഡ് കൂട്ടിച്ചേര്‍ത്തു.
ഇതുവരെ നല്‍കിയത് 4.1 മില്യണിലധികം
അയര്‍ലണ്ടില്‍ 4.1 മില്യണിലധികം വാക്സിന്‍ ഡോസുകള്‍ ഇതുവരെ നല്‍കിയതായി സിഇഒ പറഞ്ഞു.അയര്‍ലണ്ടിലെ കോവിഡ് 19 വാക്സിന്‍ അപ് ടെയ്ക്ക് നിരക്ക് യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന് റീഡ് പറഞ്ഞു. എച്ച്എസ്ഇയുടെ പുതുക്കിയ നിര്‍ദ്ദിഷ്ട വാക്സിനേഷന്‍ പദ്ധതിയെക്കുറിച്ച് എച്ച്എസ്ഇ ഡോണല്ലിയെ അറിയിച്ചിട്ടുണ്ടെന്ന് റീഡ് സ്ഥിരീകരിച്ചു.കോവിഡിന്റെ ദേശീയ അണുബാധാ നിരക്ക് ഇപ്പോഴും 100ല്‍ താഴെയാണെന്നും വൈറസ് ബാധിതരുടെ ശരാശരി പ്രായം 26 ആണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 14 ദിവസത്തെ 83.5% കേസുകളും 45 വയസ്സിന് താഴെയുള്ളവരിലാണെന്നും റീഡ് വ്യക്തമാക്കി.
18 -34 വയസ് പരിധിയില്‍ ഉള്ളവരാണോ :
കോവിഡ് വാക്‌സിന്‍ ലഭിക്കുന്ന നിങ്ങളുടെ പ്രദേശത്തുള്ള ഫാര്മസികളുടെ വിശദവിവരങ്ങളും ഫോണ്‍ നമ്പറും ഇവിടെ കണ്ടെത്താം https://www2.hse.ie/Apps/Services/PharmaciesServiceList.aspx
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl


Comments are closed.