head1
head3

1ജി വിസ കാലാവധി സിറ്റിസണ്‍ഷിപ്പിനുള്ള യോഗ്യതാ കാലാവധിയില്‍ ഉള്‍പ്പെടുത്തിയേക്കും

1ജി വിസ സംബന്ധിച്ച് സര്‍ക്കാര്‍ വെബ്സൈറ്റില്‍ അവ്യക്തത

ഡബ്ലിന്‍: അയര്‍ലണ്ടിലെ പഠനത്തിന് ശേഷം  1ജി  വിസ സിറ്റിസണ്‍ഷിപ്പ് കണക്കാക്കുന്നതിന് പരിഗണിക്കുമോ എന്നത് സംബന്ധിച്ച സന്ദേഹം തുടരുന്നു. 1ജി വിസ കാലാവധി ബിരുദധാരികള്‍ക്കും ഇമിഗ്രേഷന്‍ സ്റ്റാമ്പുള്ള വിദഗ്ധ തൊഴിലാളികള്‍ക്കും സിറ്റിസണ്‍ഷിപ് അപേക്ഷയ്ക്ക് വേണ്ട അഞ്ച് വര്‍ഷത്തെ താമസനിബന്ധനയ്ക്ക് ( reckonable residence ) പരിഗണിക്കുമെന്ന് സെപ്തംബര്‍ 16 ന് നീതിന്യായ വകുപ്പിന്റെ വക്താവ് വ്യക്തമാക്കിയിരുന്നു.

അയർലണ്ടിൽ നിലവിൽ ഇരുപതിനായിരത്തോളം 1 ജി വിസക്കാർ ഉണ്ടെന്നാണ് കണക്കുകൾ.ഇവരിൽ പകുതിയോളവും ഇന്ത്യാക്കാരാണ്

സര്‍ക്കാര്‍ വെബ്സൈറ്റില്‍ ഇത് സംബന്ധിച്ച വ്യക്തത നല്‍കാത്തത് പൗരത്വ അപേക്ഷകരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട് . സിറ്റിസണ്‍ഷിപ്പ് കണക്കാക്കുന്നതിന്  1ജി  വിസ പരിഗണിക്കുമോയെന്ന കാര്യത്തിലാണ് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്തത്.

പൗരത്വവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ജസ്റ്റിസ് വകുപ്പും കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ വെബ്സൈറ്റില്‍ അപ് ഡേറ്റ് ചെയ്യാത്തതാണ് പ്രശ്നമാകുന്നത്.ഇത് ആളുകളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നു. മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ നൂറുകണക്കിന് ആളുകളിലേയ്ക്കും എത്തുന്നു.അനാവശ്യ വ്യാഖ്യാനത്തിനും വിമര്‍ശനത്തിനും ഇത് ഇടയാക്കുന്നുവെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.

1ജി  വിസയില്‍ കഴിയുന്ന കാലയളവ് പൗരത്വത്തിന് നിഷ്‌കര്‍ഷിച്ചിട്ടുള്ള സമയമായി കണക്കാക്കുമോയെന്ന് നിലവില്‍ വെബ്സൈറ്റില്‍ നിന്നും കൃത്യമായി അറിയാനാകുന്നില്ല.

വിദ്യാര്‍ഥിയായി ഇവിടെയെത്തി രണ്ടോ മൂന്നോ നാലോ വര്‍ഷം ചെലവിടുന്നത് പൗരത്വത്തിനായി കണക്കാക്കില്ലെന്ന് വെബ്്സൈറ്റില്‍ ഒരു ഭാഗത്ത് പറയുന്നുമുണ്ട്. എന്നാല്‍ ബിരുദധാരികള്‍ക്കും ഇമിഗ്രേഷന്‍ സ്റ്റാമ്പുള്ള വിദഗ്ധ തൊഴിലാളികള്‍ക്കും സിറ്റിസണ്‍ഷിപ്പ് യോഗ്യതയില്‍ ഇതും പരിഗണിക്കുമെന്നാണ് സെപ്തംബര്‍ 16 ന് നീതിന്യായ വകുപ്പിന്റെ വക്താവ് വ്യക്തമാക്കിയത്.അതേസമയം ബിരുദധാരിയെന്ന നിലയില്‍ ചെലവഴിച്ച സമയം കണക്കാക്കാനാവില്ല എന്നാണ് സിറ്റിസണ്‍സ് ഇന്‍ഫര്‍മേഷന്‍ ഗൈഡും പറയുന്നത്.ഇക്കാര്യത്തില്‍ വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യാത്തതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കാന്‍ വകുപ്പിന്റെ ഔദ്യോഗിക വക്താവിനുമാകുന്നില്ല.

വെബ്സൈറ്റില്‍ ഇക്കാര്യം വ്യക്തമാക്കാത്തതുകൊണ്ട് നിരവധിയാളുകള്‍ പൗരത്വത്തിന് അപേക്ഷിക്കാതെ പോകുന്നു.ആവശ്യമായ വിവരങ്ങളില്ലെന്ന് മാത്രമല്ല സൈറ്റില്‍ തെറ്റായ വിവരങ്ങളുണ്ടെന്നും ആളുകള്‍ പറയുന്നു.അസൈലം സീക്കേഴ്സിനും അഭയാര്‍ഥികള്‍ക്കും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര അനുവദിക്കുന്ന യാത്രാ രേഖ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് വെബ്സൈറ്റ് ഓഗസ്റ്റില്‍ പറഞ്ഞിരുന്നു. അത് ശരിയായ കാര്യമായിരുന്നില്ല.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റും ബിരുദധാരികള്‍ക്കുള്ള ജി1നെ കുറിച്ചുള്ള വ്യവസ്ഥകളെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കുന്നില്ല.ഇതൊരു വിദ്യാഭ്യാസ വിസയാണെന്നും പൗരത്വത്തിന് കണക്കാക്കാനാവില്ലെന്നും സൈറ്റ് പറയുന്നു.നോണ്‍ യൂറോപ്യന്‍ യൂണിയന്‍ തേര്‍ഡ് ലെവല്‍, ഇംഗ്ലീഷ് ഭാഷാ വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന 1ജി  പൗരത്വത്തിനായി കണക്കാക്കുന്നില്ലെന്നും ഇതില്‍ പറയുന്നുണ്ട്

ഇത് സംബന്ധിച്ച വ്യക്തത വരുത്തിക്കൊണ്ട് ജസ്റ്റീസ് വകുപ്പ് അടുത്ത ദിവസങ്ങളില്‍ തന്നെ ഉത്തരവിറക്കിയേക്കുമെന്ന് സൂചനകളുണ്ട്.അത് വരെയും ജി1 വിസക്കാരെ സിറ്റിസണ്‍ഷിപ്പ് യോഗ്യതാ കാലാവധി പട്ടികയില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യവും സംശയാസ്പദമാക്കി തുടരും.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.