head3
head1

ബഡ്ജറ്റ് 2021 : 9,500 പുതിയ സാമൂഹിക ഭവനങ്ങളുടെ നിര്‍മ്മാണത്തിന് 500 മില്യണ്‍ യൂറോ

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഭവന മേഖലയ്ക്ക് കൈത്താങ്ങാകാന്‍ അടുത്ത വര്‍ഷം 9,500 സാമൂഹിക ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ 500 മില്ല്യണ്‍ യൂറോ ചെലവഴിക്കുമെന്ന് ഐറിഷ് സര്‍ക്കാര്‍.

ചെലവ് കുറഞ്ഞ സാമൂഹിക ഭവനങ്ങള്‍ സര്‍ക്കാര്‍ നേരിട്ട് നിര്‍മ്മിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ടെന്ന് 2021 ലെ ബജറ്റിലെ ചെലവുകള്‍ പ്രഖ്യാപിച്ച പബ്ലിക് എക്‌സ്പന്‍ഡിചര്‍ ആന്‍ഡ് റിഫോം മന്ത്രി മൈക്കല്‍ മഗ്രാത്ത് പറഞ്ഞു.

സുസ്ഥിരമായ കെട്ടിട നിര്‍മ്മാണ പദ്ധതി അയര്‍ലണ്ടിലെ മൊത്തം ഭവന നിര്‍മ്മാണത്തിന് ആക്കം കൂട്ടൂമെന്നും അദ്ദേഹം പറഞ്ഞു.

15,000 ഹൗസിംഗ് അസിസ്റ്റന്‍സ് പെയ്‌മെന്റിനും (എച്ച്എപി), 800 വാടക താമസ പദ്ധതിക്കുമായി 2.4 ബില്യണ്‍ യൂറോ ലഭ്യമാക്കുമെന്നും മഗ്രാത്ത് പറഞ്ഞു.

ഈ വര്‍ഷം ആദ്യ പകുതിയില്‍ വെറും 725 സാമൂഹിക ഭവനങ്ങള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ എന്ന് സ്ഥിരീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് സാമൂഹിക ഭവന നിര്‍മ്മാണത്തിന് പുതിയ ധനസഹായം പ്രഖ്യാപിക്കുന്നത്.

നിര്‍മ്മാണമേഖലയില്‍ കോവിഡ് വലിയ സ്വാധീനം ചെലുത്തിയതായി ഭവന മന്ത്രി ഡാരാഗ് ഓബ്രിയന്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സര്‍ക്കാരിന്റെ സാമൂഹിക ഭവന പദ്ധതികള്‍ ലക്ഷ്യത്തിലെത്തിയിട്ടില്ലെന്ന് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ പറഞ്ഞു.

അതേസമയം, അടുത്ത വര്‍ഷം 110 മില്യണ്‍ യൂറോയുടെ ചെലവ് കുറഞ്ഞ ഭവന പദ്ധതി നടപ്പാക്കുമെന്നും സ്വകാര്യ, പൊതു ഭൂമിയില്‍ ചെലവ് കുറഞ്ഞ രണ്ടായിരത്തിലധികം വീടുകള്‍ വിതരണം ചെയ്യുമെന്നും മഗ്രാത്ത് പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.