കൊച്ചി : ആറര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെയാണ് ഇന്ന് രാവിലെ ഇ.ഡി ശിവശങ്കറിനെ വഞ്ചിയൂരിലെ ആയുര്‍വേദ കേന്ദ്രത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിച്ചത്. ഇ.ഡിയും കസ്റ്റംസും റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലിന്റെ അവസാന മണിക്കൂറുകളില്‍ ശിവശങ്കറിന്റെ അറസ്റ്റ് സംബന്ധിച്ച് ഇ.ഡി ഓഫീസില്‍ നിര്‍ണായക കൂടിയാലോചനകളും നടന്നിരുന്നു. ഡല്‍ഹിയിലെ ഇ.ഡി, കസ്റ്റംസ് മേധാവിമാരും ചര്‍ച്ചയില്‍ പങ്കെടുത്തു. ചെന്നൈയില്‍ നിന്ന് ഇ.ഡി സ്‌പെഷ്യല്‍ ഡയറക്ടറും, ജോയിന്റ് ഡയറക്ടറും ചോദ്യം ചെയ്യലില്‍ പങ്കെടുക്കാന്‍ വൈകിട്ട് കൊച്ചിയിലെത്തിയിരുന്നു.
സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപയാണ് ശിവശങ്കറിനെതിരെ ശക്തമായ തെളിവായത്. ഈ ലോക്കര്‍ തുറക്കാന്‍ മുന്‍കൈ എടുത്തത് ശിവശങ്കറായിരുന്നു. സ്വന്തം ചാര്‍ട്ടേഡ് അക്കൗണ്ടിനെ സ്വപ്നക്കൊപ്പം സംയുക്ത ഉടമയും ആക്കിയിരുന്നു. ലോക്കറിലെ പണം കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനമെന്നാണും ഇ.ഡി കണ്ടെത്തി. പ്രതികള്‍ക്ക് താമസിക്കാന്‍ ശിവശങ്കര്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്തതും മറ്റൊരു പ്രധാന തെളിവായെന്നാണ് വിവരം. പ്രതികളുമായുള്ള അടുപ്പത്തിന്റെ ആഴമാണ് ഫ്‌ളാറ്റ് ബുക്ക് ചെയ്തതിലൂടെ വ്യക്തമായതെന്നാണ് ഇ.ഡി പറയുന്നത്. സ്വപ്നയുടേയും വേണുഗോപാലിന്റേയും മൊഴികളും ശിവശങ്കറിന് കുരുക്കായി.
വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ശിവശങ്കറിനെ നാളെ രാവിലെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കും. ശിവശങ്കറില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതിനാല്‍ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
ജൂണ്‍ 30ന് ദുബായില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍ 15 കോടിയിലധികം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസാണ് വിവിധ തലങ്ങളിലൂടെ സഞ്ചരിച്ച് ഒടുവില്‍ ശിവശങ്കറിന്റെ അറസ്റ്റിലെത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ വിശ്വസ്ഥനായിരുന്ന ശിവശങ്കറിന്റെ അറസ്റ്റ് പാര്‍ട്ടിക്ക് വലിയ ക്ഷീണമായിരിക്കും ഉണ്ടാക്കുക. ശിവശങ്കറിന്റെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയതിന് പിന്നാലെ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി ഉന്നയിക്കുകയാണ് പ്രതിപക്ഷവും ബിജെപിയും.
ഐറിഷ് മലയാളി ന്യൂസ്


Comments are closed.