head3
head1

വിഖ്യാത തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈന്‍ (73) അന്തരിച്ചു

സംഗീതലോകത്തെ മാസ്മരികവലയത്തിലാക്കിയ ആ മാന്ത്രിക താളം നിലച്ചു

സാന്‍ ഫ്രാന്‍സിസ്‌കോ :ആറ് പതിറ്റാണ്ടോളം ലോകത്തെ സംഗീതത്തിന്റെ മാസ്മരികവലയത്തിലാക്കിയ മാന്ത്രിക താളം നിലച്ചു. വിഖ്യാത തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈന്‍ (73) അന്തരിച്ചു. ഉയര്‍ന്ന രക്തസമ്മര്‍ദവും ഹൃദയസംബന്ധമായ അസുഖങ്ങളും മൂലം അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഉസ്താദിന്റെ മരണം കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് സാക്കിര്‍ ഹുസൈന്റെ മരണം കുടുംബം സ്ഥിരീകരിച്ചത്. തബലയെ ലോകസംഗീതത്തിന്റെ വിഹായസ്സിലേക്ക് ഉയര്‍ത്തിയ കലാകാരനാണ് വിടവാങ്ങിയത്.

പ്രമുഖ തബല വാദകനായിരുന്ന ഉസ്താദ് അല്ലാരാഖയുടെ മൂത്ത മകനായി 1951ല്‍ മുംബൈയില്‍ ജനിച്ചു. അഞ്ചാംവയസ്സു മുതല്‍ അച്ഛനില്‍ നിന്ന് സംഗീതാഭ്യാസം തുടങ്ങി. 12 വയസ്സിനുള്ളില്‍ രാജ്യത്ത് അങ്ങോളമിങ്ങോളം വേദികളില്‍ ആ താള വിസ്മയം എത്തി. പഞ്ചാബ് ഖരാനയില്‍ അച്ഛന്റെ പാത പിന്തുടര്‍ന്നു. ഏഴാംവയസ്സില്‍ അച്ഛന് പകരക്കാരനായി സരോദ് വിദ്വാന്‍ ഉസ്താദ് അലി അക്ബര്‍ ഖാനോടൊപ്പം വായിച്ചതാണ് ആദ്യ പ്രധാന വേദി. ബിസ്മില്ലാ ഖാന്‍, പണ്ഡിറ്റ് രവിശങ്കര്‍ ഉള്‍പ്പെടെയുള്ള അതുല്യപ്രതിഭകള്‍ക്കൊപ്പവും പിന്നീട് ഒട്ടനവധി വേദികള്‍ പങ്കിട്ടു.

മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജിലായിരുന്നു പഠനം. തുടര്‍ന്ന് വാഷിങ്ടണ്‍ സര്‍വകലാശാലയില്‍നിന്ന് ചൈനീസ്, ആഫ്രിക്കന്‍, ഇന്തോനേഷ്യന്‍ താളവാദ്യങ്ങള്‍ ശാസ്ത്രീയമായി പഠിച്ചു. പാരമ്പര്യത്തിലുറച്ച് നില്‍ക്കുമ്പോഴും പുതിയ പരീക്ഷണങ്ങള്‍ക്കും മടിച്ചില്ല. കര്‍ണാടിക്, ഹിന്ദുസ്ഥാനി അതിര്‍വരമ്പുകള്‍ ഭേദിക്കാന്‍ ശ്രമിച്ചു. ലോകത്തുള്ള പ്രധാനപ്പെട്ട എല്ലാ താള വാദ്യങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്ലാനറ്റ് ഡ്രം അടക്കമുള്ള പ്രോജക്ടുകളിലും അദ്ദേഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞു.

ഇന്ത്യയിലും വിദേശത്തുമായി നിരവധി സിനിമകള്‍ക്കായി സംഗീതമൊരുക്കി. മലയാളത്തില്‍ ‘വാനപ്രസ്ഥം’ സിനിമയുടെ സംഗീത സംവിധായകനാണ്. 1988ല്‍ പത്മശ്രീയും 2002ല്‍ പത്മഭൂഷണും 2023ല്‍ പത്മ വിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. രാജ്യത്ത് സംഗീതത്തിലെ പരമോന്നത ബഹുമതിയായ സംഗീതനാടക അക്കാദമി അവാര്‍ഡ് 1990ല്‍ ലഭിച്ചു. അഞ്ച് ഗ്രാമി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. മൂന്നെണ്ണം ഈ വര്‍ഷമാണ്. സംഗീത പരിപാടികളുമായി ജനുവരിയില്‍ ഇന്ത്യാ ടൂര്‍ നടത്താനിരിക്കെയാണ് തികച്ചും ആകസ്മികമായുള്ള വിടവാങ്ങല്‍. കഥക് നര്‍ത്തകി അന്റോണിയ മിനെക്കോളയാണ് ഭാര്യ.സംവിധായിക അനിസ ഖുറേഷി, നര്‍ത്തകി ഇസബെല്ല ഖുറേഷി എന്നിവര്‍ മക്കളാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm

Comments are closed.

error: Content is protected !!