ഡബ്ലിന്‍ : ഡിസ്‌കവര്‍ ഇയുവിന്റെ ഭാഗമായി യുവാക്കള്‍ക്ക് സൗജന്യ യൂറോപ്യന്‍ യൂണിയന്‍ യാത്രാ പാസുകള്‍ക്കായി ഒക്ടോബര്‍ 26 വരെ അപേക്ഷിക്കാം. 60,000 പാസുകളാണ് അനുവദിക്കുന്നത്. യുവാക്കള്‍ക്ക് പഠനാനുഭവങ്ങളിലൂടെ യൂറോപ്പിനെ കണ്ടെത്താനുള്ള അവസരം ഒരുക്കുന്ന യൂറോപ്യന്‍ യൂണിയന്‍ സംരംഭമാണ് ഡിസ്‌കവര്‍ ഇയു. യുവാക്കള്‍ക്ക് 2022 മാര്‍ച്ച് മുതല്‍ 2023 ഫെബ്രുവരി വരെയുള്ള 30 ദിവസങ്ങളില്‍ ഈ പാസുപയോഗിച്ച് യാത്ര ചെയ്യാം.
യാത്രകള്‍ കൂടുതലും റെയില്‍വേ വഴിയായിരിക്കും. ആവശ്യമെങ്കില്‍ ഫെറികളും കോച്ചുകളും ഉപയോഗിക്കാം. താമസിക്കുന്ന രാജ്യത്തെ കൂടാതെ യൂണിയനിലെ മറ്റൊരു അംഗരാജ്യത്തെ കൂടി യാത്രയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
2001 ജൂലൈ ഒന്നിനും 2003 ഡിസംബര്‍ 31നും ഇടയില്‍ ജനിച്ച യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പാസിന് അപേക്ഷിക്കാം. യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ യൂണിയന്‍ സംരംഭങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അഞ്ച് ചോദ്യങ്ങളുള്‍പ്പെട്ട ചെറിയ ക്വിസ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പാസ് ലഭിക്കൂ.
വ്യക്തിഗതമായോ അഞ്ച് പേരുള്‍പ്പെട്ട ഗ്രൂപ്പുകളായോ അപേക്ഷകള്‍ നല്‍കാം. വികലാംഗര്‍ക്കും ആരോഗ്യപ്രശ്നങ്ങളുള്ള അപേക്ഷകര്‍ക്കും പ്രത്യേക സഹായവും പിന്തുണയും ലഭിക്കും.
2018ല്‍ 12 മില്യണ്‍ യൂറോയുടെ ബജറ്റിലാണ് ഡിസ്‌കവര്‍ ഇയു ആരംഭിച്ചത്. ഇപ്പോള്‍ ഇറാസ്മസ്+ പ്രോഗ്രാമുമായി ഇതിനെ സംയോജിപ്പിച്ചിട്ടുണ്ട്. 2022ല്‍ 26 മില്യണ്‍ യൂറോയുടെ ബജറ്റില്‍ പദ്ധതി കൂടുതല്‍ വിപുലീകരിച്ചേക്കും. ആര്‍ക്കൊക്കെയാണ് പാസുകള്‍ ലഭിക്കുകയെന്ന് 2022 ജനുവരി ആറിനകം അറിയാം.
2018, 2019 വര്‍ഷങ്ങളിലായി ഏകദേശം 350,000 ആളുകളാണ് യാത്രാ പാസുകള്‍ക്ക് അപേക്ഷിച്ചത്. ഇവരില്‍ 70,000 പേര്‍ക്ക് പാസ് ലഭിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.