ഡബ്ലിന്‍ : അയര്‍ലണ്ടാകെ മഞ്ഞു മൂടുകയാണ്.റോഡുകളും പാലങ്ങളുമെല്ലാം മഞ്ഞില്‍ മുങ്ങി. മഞ്ഞും മഴയും സ്നോയുമെല്ലാമായി രാജ്യത്തെ റോഡ് ഗതാഗതം താറുമാറാണ്. അപകടങ്ങള്‍ സംഭവിക്കാന്‍ ഏറെ സാധ്യതയാണുള്ളത്.അതിനാല്‍ ആര്‍ എസ് എയും ഗാര്‍ഡയും കാലാവസ്ഥാ നിരീക്ഷകരും വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അത്യാവശ്യമാണെങ്കില്‍ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന നിര്‍ദ്ദേശമാണ് ഇവരെല്ലാം നല്‍കുന്നത്.
ചില യാത്രകള്‍ ഒഴിവാക്കാനാവുന്നതല്ല.അനിവാര്യമായ യാത്രകള്‍ സുരക്ഷിതമായി പര്യവസാനിക്കാന്‍ ഓര്‍ത്തുവെയ്ക്കേണ്ട ചില സംഗതികളുണ്ട്. അവയെ ഇങ്ങനെ സംഗ്രഹിക്കാം.
ബാറ്ററിയും ടയറുകളും പ്രത്യേകം ശ്രദ്ധിക്കണം
ലളിതമായ മുന്‍കരുതലുകളെടുക്കുന്നതിലൂടെ വിന്ററില്‍ റോഡുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ കഴിയും.ബാറ്ററിയും ടയറുകളും വിന്റര്‍ യാത്രകളില്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് ബാറ്ററിയും ടയറുകളും.ശൈത്യകാല ഡ്രൈവിംഗിനുള്ള ഏറ്റവും നല്ല തയ്യാറെടുപ്പാണ് നല്ല ബാറ്ററി ഉറപ്പാക്കുകയെന്നത്.ബാറ്ററി പഴയതാണെങ്കില്‍ വഴിയിലാകുമെന്ന് ഉറപ്പാണ്.ഹീറ്റിംഗ്, ലൈറ്റുകള്‍ എന്നിവ കുഴപ്പത്തിലാകുമെന്ന് മാത്രമല്ല കാര്‍ സ്റ്റാര്‍ട്ടാവുകയുമില്ല.ബാറ്ററി മൂന്ന് വര്‍ഷത്തിലേറെ പഴക്കമുള്ളതാണെങ്കില്‍ ശരിക്കും പരിശോധിച്ച് അത് മാറ്റേണ്ടതുണ്ടോയെന്ന് നോക്കണം.
നല്ല ടയറുകള്‍ പലപ്പോഴും അപകടങ്ങള്‍ ഒഴിവാക്കുന്നു.അയര്‍ലണ്ടിലെ ടയറുകളുടെ ഏറ്റവും കുറഞ്ഞ ട്രെഡ് ഡെപ്ത് 1.6 മില്ലീമീറ്ററാണ്. ഇത് പരിശോധിക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റി ക്രെഡിറ്റ് കാര്‍ഡ് വലിപ്പമുള്ള ഉപകരണം നല്‍കുന്നുണ്ട്. അതുപയോഗിച്ച് ടയര്‍ ഷോപ്പില്‍ കയറി ഈ പരിശോധന നടത്താം.മോശം ടയറുകളുപയോഗിച്ചുള്ള ഡ്രൈവിംഗ് അപകടകരവും ചെലവേറിയതുമാണ്.കാര്‍ സ്പെയര്‍ വീലുണ്ടെന്നും അതില്‍ എയര്‍ നിറച്ചിട്ടുണ്ടെന്നും ഉറപ്പാക്കണം. ഒരു ടയര്‍ പഞ്ചറായാല്‍ അതെങ്ങനെ മാറ്റാമെന്ന് അറിഞ്ഞരിക്കേണ്ടതും അത്യാവശ്യമാണ്. വാഹനം റോഡിലിറക്കുന്നതിന് മുമ്പ് ടയറുകള്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കണം.ഇവയുടെ പ്രഷറും ശരിയായ നിലയിലാണെന്ന് ഉറപ്പാക്കണം.
വെള്ളക്കെട്ടില്‍, കനത്ത മഞ്ഞില്‍…
വെള്ളക്കെട്ടിലൂടെയും ഐസ് -മഞ്ഞുവീഴ്ചയുള്ളപ്പോഴും ഡ്രൈവ് ചെയ്യുന്നത് വലിയ റിസ്‌കാണ്. മുമ്പിലുള്ള വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കാന്‍ ശ്രദ്ധിക്കണം.വെള്ളക്കെട്ടിലൂടെ വാഹനമോടിക്കരുത്. മുന്നോട്ടുള്ള വഴി കാണുന്നില്ലെങ്കിലും ഡ്രൈവ് ചെയ്യരുത്. റോഡിന്റെ മധ്യഭാഗം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
വേഗത കുറച്ചാല്‍ നന്ന്,സ്‌കിഡ് ചെയ്താല്‍…
അപ്രതീക്ഷിതവുമായി റോഡ് കാണാതാകുമെന്നും പെട്ടെന്ന് ബ്രേക്കിടേണ്ടി വരുമെന്നും ഓര്‍മ്മിക്കണം. അതിനാല്‍ വേഗത കുറയ്ക്കാന്‍ ശ്രദ്ധിക്കണം.ഐസിലോ മഞ്ഞിലോ വാഹനമോടിക്കുമ്പോള്‍ ഹൈ ഗിയര്‍ ഉപയോഗിക്കുക. സഡന്‍ ബ്രേക്ക് പാടില്ല. പതിയെ ബ്രേക്ക് ചെയ്യുന്നതാണ് നല്ലത്.വലതു കാല്‍ ആക്സിലറേറ്ററില്‍ത്തന്നെ വയ്ക്കുക. സ്‌കിഡ് ചെയ്താല്‍, ആ ദിശയിലേക്ക് തന്നെ ഡ്രൈവ് ചെയ്യണം.എതിര്‍ദിശയിലേയ്ക്ക വെട്ടിച്ചാല്‍ നിയന്ത്രണം നഷ്ടമാകാനിടയുണ്ട്.
ഐസ് നീക്കാന്‍ ചൂടുവെള്ളം വേണ്ട, ആളും സ്ഥലത്തുണ്ടാകണം
കാറിന്റെ ഗ്ലാസ് പൊട്ടാനിടയുള്ളതിനാല്‍ ഐസ് നീക്കാന്‍ ഒരിക്കലും തിളച്ച വെള്ളം ഉപയോഗിക്കരുതെന്ന് വിദഗ്ദ്ധര്‍ ഉപദേശിക്കുന്നു.വിന്‍ഡ്‌സ്‌ക്രീന്‍ പൊട്ടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.കാര്‍ ഡീ-ഐസ് ചെയ്യുമ്പോള്‍ എഞ്ചിന്‍ പ്രവര്‍ത്തിക്കണം. ആളും സ്ഥലത്തുണ്ടാകണം.കാറുകള്‍ മോഷ്ടിക്കപ്പെടാനുള്ള സാധ്യത മുന്‍കൂട്ടി കാണണം.വെള്ളം തങ്ങിനിന്ന് വാഹനത്തിന്റെ ലോക്ക് സിസ്റ്റം തകരാറിലാകാനും ഇടയുണ്ട്.ഇക്കാര്യവും ശ്രദ്ധിക്കണം.
റിയര്‍ വീല്‍ ഡ്രൈവാണ് ഈ വേളയില്‍ സുരക്ഷിതം. എന്നാല്‍ അയര്‍ലണ്ടിലെ മിക്ക കാറുകളും ഫ്രണ്ട് വീല്‍ ഡ്രൈവാണ്. എന്നാല്‍ മെഴ്‌സിഡസ്, ബി എം ഡബ്ല്യു തുടങ്ങിയ ജര്‍മ്മന്‍ നിര്‍മ്മിത കാറുകള്‍ റിയര്‍ വീല്‍ ഡ്രൈവാണ്.
ഡിപ്പ്ഡ് ലൈറ്റുകള്‍ വേണം
ശൈത്യകാലത്ത് പകല്‍ സമയത്തും ഡിപ്പ് ചെയ്ത ഹെഡ് ലൈറ്റുകള്‍ ഉപയോഗിക്കണം.എളുപ്പത്തില്‍ റോഡ് കാണാന്‍ ഇതിലൂടെ കഴിയും. ഹെഡ്‌ലൈറ്റുകളും ടെയില്‍ലൈറ്റുകളും പ്രവര്‍ത്തന ക്ഷമമായിരിക്കണം.
ബ്രേക്ക് സിസ്റ്റം പരിശോധിക്കണം.
ബ്രേക്ക് സിസ്റ്റവും പരിശോധിക്കണം. വാഹനത്തിന് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇ എസ് സി), ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എ ബി എസ്) പോലെയുള്ള സുരക്ഷാ സഹായ സാങ്കേതികവിദ്യയുണ്ടോയെന്ന് അറിയണം. മോശംകാലാവസ്ഥയില്‍ ഈ സാങ്കേതികവിദ്യകള്‍ നമുക്ക് വലിയ സഹായമാണ്.
സുരക്ഷിതമായ അകലം
വേഗത കുറയ്ക്കുന്നത് നല്ലതാണ്.മുന്നിലുള്ള വാഹനവുമായി നല്ല ദൂരം പാലിച്ചാല്‍ ഇടിയൊഴിവാക്കാനാകും.
കാഴ്ച ഉറപ്പാക്കണം
വ്യക്തമായി റോഡ് കാണാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കണം.പലപ്പോഴും വാഹനമോടിക്കുന്നവര്‍ ജനാലകളും ഗ്ലാസുകളും ശരിയായി വൃത്തിയാക്കാന്‍ മെനക്കെടാറില്ല .സ്നോ ഒഴിവാക്കുകയും ഐസ് നീക്കം ചെയ്യുകയോ ചെയ്തില്ലെങ്കില്‍ കാഴ്ച അവ്യക്തമാകും.വാഹനത്തില്‍ ഒരു ഡീ-ഐസറും സ്‌ക്രീന്‍ സ്‌ക്രാപ്പറും കരുതുക.
ബ്ലാക്ക് ഐസ് ജാഗ്രത
കാഴ്ച തടസ്സപ്പെടുത്തുമെന്നതിനാല്‍ വിന്ററിലെ ഏറ്റവും വലിയ അപകടങ്ങളിലൊന്നാണ് ബ്ലാക്ക് ഐസ് ഇതിനെതിരെ ജാഗ്രത പാലിക്കണം.
അത്യാവശ്യസംഗതികളും വസ്തുക്കളും കാറില്‍ കരുതണം
വിന്റര്‍ യാത്രകളില്‍, വാഹനമോടിക്കുന്നവര്‍ കാറിന്റെ ബൂട്ടില്‍ അത്യാവശ്യ സംഗതികളെല്ലാം കരുതിവെയ്ക്കണം.ഹൈ വിസിബിലിറ്റി വെസ്റ്റ്, സ്പെയര്‍ ഇന്ധനം, യാത്ര തടസ്സപ്പെട്ടാല്‍ ഉപയോഗിക്കാനാവുന്ന പാദരക്ഷകള്‍ തുടങ്ങിയവയൊക്കെ കരുതിവെയ്ക്കണം.
ബൂട്ട്, ഹസാര്‍ഡ് വാണിംഗ് ട്രയാങ്കിള്‍, സ്പെയര്‍ വീല്‍, ടോ റോപ്പ്, ഷൈവ്വല്‍, ഡീ-ഐസിംഗ് ഉപകരണങ്ങള്‍ ,സ്പെയര്‍ ബള്‍ബുകള്‍, പ്രഥമശുശ്രൂഷാ കിറ്റ്, അഗ്നിശമന ഉപകരണം,ടോര്‍ച്ച്, കാര്‍ബ്ലാങ്കറ്റ് ,അഡീഷണല്‍ ഡ്രസ്സുകള്‍ എന്നിവയും ഭക്ഷണവും വെള്ളവും കരുതാന്‍ മറക്കരുത്.
വേഗത കുറച്ച് വാഹനമോടിക്കുകയെന്നതാണ് ഏറ്റവും പ്രധാനം.കുട്ടികള്‍ യാത്രയിലുണ്ടെങ്കില്‍ ചൂടുള്ള വസ്ത്രങ്ങള്‍ കരുതണം.മികച്ച ജാക്കറ്റ്,ടോര്‍ച്ച്, നട്ട്സ് പോലെയുള്ള ഭക്ഷ്യവസ്തുക്കള്‍ എന്നിവയും കരുതാം.ഫോണ്‍ ചാര്‍ജ്ജ് ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കണം.
ബ്രേക്ക്ഡൗണായാല്‍ …
ബ്രേക്ക്ഡൗണായാല്‍ മറ്റ് വാഹനങ്ങള്‍ക്ക് തടസ്സമാകാതിരിക്കാന്‍ ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഡ്രൈവര്‍മാര്‍ ഹസാര്‍ഡ് വാണിംഗ് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കണം. മോട്ടോര്‍വേയിലാണ് വാഹനം തകരാറിലാകുന്നതെങ്കില്‍ പരമാവധി സൈഡാക്കിയിടണം.ഹസാര്‍ഡ് ലൈറ്റുകള്‍ ഉപയോഗിച്ച് ട്രാഫിക്ക് മുന്നറിയിപ്പ് നല്‍കണം. ഗാര്‍ഡയെ വിവരം അറിയിക്കണം.
കാലാവസ്ഥാ,ട്രാഫിക് മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണം
പ്രാദേശിക കാലാവസ്ഥയും ട്രാഫിക് റിപ്പോര്‍ട്ടുകളും ശ്രദ്ധിക്കുന്നതും പ്രധാനമാണ്. സുരക്ഷിതമല്ലാത്തതും അപകടകരവുമായ ഡ്രൈവിംഗിനെക്കുറിച്ചുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളും,അപ്ഡേറ്റുകളും നിരന്തരം ശ്രദ്ധിക്കണം.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.