ഡബ്ലിന്‍ : വിന്ററില്‍ പനി പണി തരുമോ എന്ന ഭീതിയിലാണ് അയര്‍ലണ്ടുകാര്‍.വിന്റര്‍ മാസങ്ങളില്‍ ജലദോഷവും ഇന്‍ഫ്ലുവന്‍സയും ഏറ്റവും സാധാരണമാണ്. എന്നിരുന്നാലും വരും നാളുകളില്‍ മൂന്നില്‍ ഒരാള്‍ക്ക് പനി പിടിപെടുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.ഇവരില്‍ 80% പേര്‍ക്കും ചികിത്സ തേടേണ്ടി വരുമെന്നും കണക്കാക്കുന്നു. പനി, തലവേദന, ചുമ എന്നിവയാണ് ജലദോഷത്തിന്റെയും ഫ്ളൂവിന്റെയും പ്രധാന ലക്ഷണങ്ങള്‍.
അഞ്ചില്‍ രണ്ട് പേര്‍ക്കും ഇക്കാരണത്താല്‍ ജോലിയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നേക്കും. ആളുകള്‍ പൊതുവില്‍ വിന്റര്‍ കാല പനിയെക്കുറിച്ച് മുന്‍കൂര്‍ ധാരണയുള്ളവരാണെങ്കിലും ചില സംഗതികള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
പനി വന്നാല്‍ ….വീട്ടിലിരിക്കണം….
ജലദോഷവും പനിയും വന്നാല്‍ വീട്ടിലിരിക്കണമെന്നതാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രധാന ഉപദേശം.മൂക്കൊലിപ്പ്, തലവേദന, തൊണ്ടവേദന, പേശിവേദന, ചുമ തുടങ്ങിയ എന്തെങ്കിലും ലക്ഷണങ്ങളുണ്ടെങ്കില്‍, ജോലിസ്ഥലത്ത് നിന്ന് മാറി റസ്റ്റ് എടുക്കണം.എളുപ്പം സുഖം പ്രാപിക്കാന്‍ അതിലൂടെ സാധിക്കും.രോഗവ്യാപനവും തടയാം.
കൈകള്‍ നന്നായി കഴുകാന്‍ മറക്കേണ്ട
കൈകള്‍ നന്നായി കഴുകുകയെന്നതാണ് മറ്റൊരു പ്രതിരോധം.ഓഫീസിലോ ജോലി സ്ഥലത്തോ ആയിരിക്കുമ്പോള്‍ ഇടയ്ക്കിടെ കൈകഴുകുന്നത് ശീലമാക്കണം.ഇത് ജലദോഷം, ഫ്ളൂ വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കും. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ വൃത്തിയുള്ള ടിഷ്യു ഉപയോഗിക്കണം. ഉടന്‍ തന്നെ കൈകള്‍ വൃത്തിയായി കഴുകണം.അതിന് മുമ്പ് ടിഷ്യു, ബിന്നിലിടാനും ശ്രദ്ധിക്കണം.
സാനിറ്റൈസര്‍ കരുതണം
സീസണ്‍ നോക്കാതെ, വര്‍ക്ക്‌സ്റ്റേഷന്‍ വൃത്തിയുള്ളതും അണുവിമുക്തമാക്കുന്നതും നല്ല സമീപനമാണ്. ഡെസ്‌ക്കുകള്‍, കംപ്യൂട്ടറുകള്‍, വിശ്രമ സ്ഥലങ്ങള്‍, ഡോര്‍ ഹാന്റിലുകള്‍, ഫോണുകള്‍ എന്നിവയെല്ലാം രോഗവ്യാപനമുണ്ടാക്കുന്ന ഇടങ്ങളാണ്. അണുനാശിനി ഉപയോഗിച്ച് സ്വന്തം സ്പേസും ചുറ്റുപാടുകളും വൃത്തിയാക്കുക. ഹാന്‍ഡ് സാനിറ്റൈസര്‍ മേശപ്പുറത്ത് സൂക്ഷിക്കാനും ശ്രദ്ധിക്കണം.
ആരോഗ്യകരമായ ശീലങ്ങള്‍ നിലനിര്‍ത്തുക
ജീവിതം ആരോഗ്യകരമാക്കുന്നതിനും വൈറസുകളെ ചെറുക്കുന്നതിനും വര്‍ഷം മുഴുവനും ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തേണ്ടത് പ്രധാനമാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിക്കുന്നു.ജലദോഷമോ പനിയോ ബാധിക്കുന്നതിനെ ചെറുക്കാന്‍ ശരീരത്തിന് ഇത് കരുത്തു നല്‍കും.ചിട്ടയായ മൂവ്മെന്റ്, നല്ല ഉറക്കവും വിശ്രമവും പോഷകാഹാരം അടങ്ങിയ സമീകൃതാഹാരം എന്നിവയെല്ലാം ആരോഗ്യത്തെ പോഷിപ്പിക്കും.വൈറ്റമിന്‍ സി രോഗപ്രതിരോധത്തിന് സഹായിക്കും.
ഫ്ളൂ വാക്സിന്‍ എടുക്കുക
വിന്റര്‍ മുഴുവന്‍ ആരോഗ്യത്തോടെ സുരക്ഷിതമാക്കാനുള്ള മാര്‍ഗ്ഗമാണ് ഫളൂ വാക്സിന്‍.ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ ഇത് ലഭ്യമാണ്.65 വയസ്സിനു മുകളിലുള്ളവരെയും കുട്ടികളെയും ദുര്‍ബലരായ ആളുകളെയും വാക്സിന്‍ സംരക്ഷിക്കും. ജലദോഷമോ പനിയോ വന്നാല്‍ ഫാര്‍മസിസ്റ്റിന്റെ ഉപദേശം തേടണം.
സോല്‍പാകോള്‍ഡ് ആന്റ് ഫ്ളൂ മള്‍ട്ടി റിലീഫ് മാക്സ് പൗഡര്‍ ഫോര്‍ ഓറല്‍ സൊലൂഷന്‍ ജലദോഷത്തിന്റെയും പനിയുടെയും എല്ലാ ലക്ഷണങ്ങളും സൈനസൈറ്റിസിന്റെ വേദനയും അകറ്റാന്‍ ഫലപ്രദമാണ് എന്ന് എച്ച് എസ് ഇ അംഗീകരിച്ചിട്ടുണ്ട്.
പെയിന്‍,തലവേദന, മൂക്കും തൊണ്ടയും അടയല്‍, വിറയല്‍, പനി എന്നിവയ്ക്കുള്ള ട്രിപ്പിള്‍ ആക്റ്റീവ് ഫോര്‍മുലേഷനും ലഭ്യമാണ്. മുതിര്‍ന്നവര്‍ക്കും പ്രായപൂര്‍ത്തിയായവര്‍ക്കും 16 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്കും ഡോക്ടറുടെ അഭിപ്രായം തേടിയ ശേഷം ഇതുപയോഗിക്കാം.
ആയുര്‍വേദ പരിഹാരങ്ങള്‍
ചെറുനാരങ്ങയുടെ നീര് അല്‍പം ചൂടാക്കി തേന്‍ ചേര്‍ത്തു ദിവസംതോറും മൂന്നുനേരം കഴിച്ചാല്‍ പനിയും തൊണ്ടവേദനയും മാറും.പത്തുഗ്രാം ഇഞ്ചിനീരില്‍ പതിനഞ്ചുഗ്രാം തേന്‍ ചേര്‍ത്തു സേവിച്ചാല്‍ ജലദോഷം ശമിക്കും. തേന്‍ ചൂടാക്കി മുക്കിനു പുറത്തു അല്‍പനേരം ലേപനം ചെയ്തു വച്ചാലും ജലദോഷം മാറുമെന്നും പഴമക്കാര്‍ പറയുന്നു..
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.