head1
head3

വരുമോ പുതിയൊരു പുലരി….പകര്‍ച്ചവ്യാധികളില്ലാത്ത ലോകം സ്വപ്നം കണ്ട് ലോകാരോഗ്യ സംഘടന

കോവിഡ് പകര്‍ച്ചവ്യാധി ലോകത്തിനാകെ പുതിയൊരു ബോധ്യം നല്‍കിയിരിക്കുകയാണ്. നേടിയതൊന്നും നേട്ടമല്ലെന്ന നിരാശ കലര്‍ന്ന യാഥാര്‍ഥ്യമാണത്. എല്ലാം കൈപ്പിടിയിലെന്ന കരുതിയവരെല്ലാം ചെറിയൊരു വൈറസിന് മുന്നില്‍ മുട്ടുകുത്തുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്.ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട ലോകാരോഗ്യ സംഘടന ഭാവിയെ മുന്നില്‍ക്കണ്ടുള്ള കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കാനുള്ള ശ്രമത്തിലാണ്.ഈ ശ്രമം വിജയിച്ചാല്‍ ലോകത്തിന് വലിയ നേട്ടമാകും…ഒരു പുതിയ പുലരിയുടെ തുടക്കവുമാകും

കോവിഡിനെ തുടക്കത്തില്‍ത്തന്നെ തിരിച്ചറിയാനും വേഗത്തില്‍ ഇടപെടാനും ലോകാരോഗ്യ സംഘടനയ്ക്ക് സാധിച്ചില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര അവലോകന പാനല്‍ റിപ്പോര്‍ട്ട്.കോവിഡ് -19: മേക്ക് ഇറ്റ് ദി ലാസ്റ്റ് പാന്‍ഡെമിക്’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് ലോകത്തിന്റെ ആരോഗ്യഭാവിയെക്കുറിച്ച് സ്വീകരിക്കേണ്ട നയപരിപാടികളും ലോകാരോഗ്യ സംഘടനയുടെ വീഴ്ചകളും ചൂണ്ടിക്കാട്ടുന്നത്. ചൈനയുള്‍പ്പടെ ഒരു രാജ്യത്തെയും കുറ്റപ്പെടുത്താതെയുള്ള ഈ റിപ്പോര്‍ട്ടിനെതിരെ ചില കേന്ദ്രങ്ങളില്‍ നിന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

മെയ് 24ന് തുടങ്ങിയ ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക അസംബ്ലിയില്‍ ആരോഗ്യമന്ത്രിമാര്‍ ഈ കണ്ടെത്തലുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.. യൂറോപ്യന്‍ യൂണിയന്റെ യുഎന്‍ ഏജന്‍സിയിലെ പരിഷ്‌കരണ ശ്രമങ്ങള്‍ക്ക് പക്ഷെ സമയമെടുക്കുമെന്നും നയതന്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

ഏതു നിമിഷവും പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാമെന്ന തിരിച്ചറിവിലാണ് ലോകാരോഗ്യ സംഘടന.അവയോട് വേഗത്തില്‍ പ്രതികരിക്കുന്നതിന് ഒരു പുതിയ ആഗോള സംവിധാനം രൂപീകരിക്കണമെന്നും സംഘടനആവശ്യപ്പെടുന്നു.ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഒരു വൈറസും കോവിഡ് 19 പോലെ മഹാമാരിയുണ്ടാക്കില്ലെന്ന് ഉറപ്പുവരുത്താന്‍ കഴിയണമെന്ന് റിപ്പോര്‍ട്ട് ഓര്‍മ്മപ്പെടുത്തുന്നു.

തിരിച്ചറിയാന്‍ വൈകി…

2020ന്റെ തുടക്കത്തില്‍ പകര്‍ച്ചവ്യാധിയെ തിരിച്ചറിയാനും വേഗത്തിലിടപെടാനും സാധിച്ചില്ലെന്നാണ് പാനലിന്റെ വിലയിരുത്തല്‍.കോവിഡിന്റെ കാര്യത്തിലുണ്ടായ വീഴ്ചകള്‍ വിദഗ്ദ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലെ കാലതാമസം, യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലുണ്ടായ പരാജയം, മുന്നറിയിപ്പുകളെ രാജ്യങ്ങള്‍ അവഗണിച്ചതുമെല്ലാമാണ് കോവിഡിനെ ആഗോള ദുരന്തമായി വളരാന്‍ ഇടയാക്കിയതെന്ന് പാനല്‍ പറയുന്നു.

ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ലോകാരോഗ്യ സംഘടനയ്ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്ന് പാനല്‍ ശുപാര്‍ശ ചെയ്യുന്നു.പുതിയ രോഗം ശ്രദ്ധയില്‍പ്പെടുമ്പോള്‍ തന്നെ അന്വേഷകരെ വേഗത്തില്‍ അയയ്ക്കാനും അവരുടെ കണ്ടെത്തലുകള്‍ കാലതാമസമില്ലാതെ പ്രസിദ്ധീകരിക്കാനും സാധിക്കണം.

ഇത്തരത്തില്‍ ലോകാരോഗ്യസംഘടനയെ ശാക്തീകരിക്കുകയെന്നത് വളരെ നിര്‍ണായകമാണെന്ന് പാനല്‍ കോ-ചെയര്‍, ന്യൂസിലാന്റ് മുന്‍ പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്ക് പറഞ്ഞു.ഒരു പുതിയ നിരീക്ഷണ, അലേര്‍ട്ട് സംവിധാനമാണ് ഉണ്ടാകേണ്ടതെന്ന് ലൈബീരിയയുടെ മുന്‍ പ്രസിഡന്റ് കോ-ചെയര്‍ എല്ലെന്‍ ജോണ്‍സണ്‍ സര്‍ലീഫ് പറഞ്ഞു.

ലോകാരോഗ്യസംഘടനയെ ശക്തിപ്പെടുത്തുന്നതിനും നമുക്കെല്ലാവര്‍ക്കും ആരോഗ്യകരവും സുരക്ഷിതവും മികച്ചതുമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഈ പാനലിന്റെയും മറ്റ് കമ്മിറ്റികളുടെയും ശുപാര്‍ശകള്‍ അംഗരാജ്യങ്ങളെല്ലാം ചര്‍ച്ച ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രെസസ് പറഞ്ഞു.

വീഴ്ചകളിലൂടെ…
പാന്‍ഡെമിക്കിന്റെ ആദ്യ ദിവസങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, 2019 ഡിസംബറില്‍ ചൈനീസ് ഡോക്ടര്‍മാര്‍ അസാധാരണമായ ന്യുമോണിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തായ്വാന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ നിന്നും മറ്റും ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടുകള്‍ സ്വീകരിച്ചിരുന്നു.എന്നിരുന്നാലും ജനുവരി 22 ന് യോഗം ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് അതിവേഗ നടപടിയെടുത്തില്ല. നിര്‍ണായകമായ എട്ട് ദിവസത്തിനുശേഷം പോലും ആ പ്രഖ്യാപനം വന്നില്ല.അത് വലിയ നഷ്ടമായി.

അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സമിതി അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ അംഗീകരിക്കാനും വിസമ്മതിച്ചു. ഇത് ചെയ്തിരുന്നുവെങ്കില്‍ വൈറസിന്റെ വ്യാപനം മന്ദഗതിയിലാകുമായിരുന്നു. ഇത്തരം വീഴ്ചകള്‍ തിരുത്തേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് പറഞ്ഞു.

ഫെബ്രുവരിയുടെ നഷ്ടം…

അടിയന്തരാവസ്ഥ പ്രഖ്യാപനം മാത്രമാണ് ലോകാരോഗ്യ സംഘടനയുടെ സാധ്യമായ ഏറ്റവും വലിയ അലാറമെന്ന് മനസ്സിലാക്കുന്നതില്‍ വിവിധ സര്‍ക്കാരുകളും പരാജയപ്പെട്ടു. പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കുന്നതിന് നിര്‍ണ്ണായക നടപടിയെടുക്കേണ്ട 2020 ഫെബ്രുവരിമാസം വെറുതെ നഷ്ടപ്പെടുത്തിയെന്നും അതാണ് പകര്‍ച്ചവ്യാധിയ്ക്ക് മേല്‍ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമായതെന്നും പാനല്‍ പറയുന്നു.

ആരേയും നോവിക്കാതെ പാനല്‍ റിപ്പോര്‍ട്ട്

പാന്‍ഡെമിക്കിന്റെ ആഗോള വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ ചൈനയെയോ യുഎസിന്റെ അന്നത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയോ കുറ്റപ്പെടുത്തുന്നില്ല.ഇതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.കുറ്റക്കാരെ ചൂണ്ടിക്കാട്ടുന്നതില്‍ റിപ്പോര്‍ട്ട് പരാജയപ്പെട്ടെന്ന് വാഷിംഗ്ടണ്‍ ഡിസിയിലെ ജോര്‍ജ്ജ്ടൗണ്‍ ലോയിലെ ഒ നീല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലോറന്‍സ് ഗോസ്റ്റിന്‍ ആരോപിച്ചു. ഏതെങ്കിലും സര്‍ക്കാരിനെയോ ഏജന്‍സിയെയോ വ്യക്തിയെയോ കുറ്റപ്പെടുത്തുന്നില്ലെന്നത് ബലഹീനതയാണെന്ന് അദ്ദേഹം പറഞ്ഞു.

വുഹാനില്‍ പകര്‍ച്ചവ്യാധി പൊട്ടിത്തെറി റിപ്പോര്‍ട്ട് ചെയ്തതില്‍ ചൈന വരുത്തിയ കാലതാമസവും പാന്‍ഡെമിക്കിന്റെ ഉത്ഭവ കേന്ദ്രം കണ്ടെത്തുന്നതില്‍ ലോകാരോഗ്യസംഘടനയെ തടസ്സപ്പെടുത്തിയതുമൊന്നും ആ സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ ഉള്‍പ്പെടുത്താന്‍ പാനല്‍ ശ്രമിച്ചില്ലെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More