ഡബ്ലിന്‍ : കോവിഡ് വിലക്കുകളുടെ പശ്ചാത്തലത്തില്‍ പരമ്പരാഗത സെന്റ് പാട്രിക്ക് ദിനത്തില്‍ വൈറ്റ് ഹൗസിലേക്കുള്ള പതിവു യാത്ര ഉപേക്ഷിക്കാനൊരുങ്ങുകയാണ് പ്രധാനമന്ത്രി മീഹോള്‍ മാര്ട്ടിന്.പകരം ഓണ്‍ലൈന്‍ ഇവന്റാക്കി മാറ്റാനാണ് ആലോചന.
കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തിലെ ഈ ദിവസം അടയാളപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗത്തെക്കുറിച്ച് രണ്ട് ഭരണകൂടങ്ങളും ആലോചിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ക്ഷണിച്ചാല്‍ വാര്‍ഷിക ഷാംറോക്ക് ചടങ്ങിനായി വാഷിംഗ്ടണിലേക്ക് പോകാന്‍ തയ്യാറാണെന്ന് മാര്ട്ടിന് നേരത്തേ പറഞ്ഞിരുന്നു.എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെ നിലപാടില്‍ മാറ്റം വരുത്തിയതായി പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു. ലൊക്കേഷനില്‍ വലിയ കാര്യമൊന്നുമില്ല, രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിലാണ് കാര്യം.
പ്രസിഡന്റ് ബൈഡന് നേരിടുന്ന ഒന്നാം വെല്ലുവിളിയാണ് കോവിഡ് .ഇവിടെ നമ്മള് നേരിടുന്ന ഒന്നാം വെല്ലുവിളിയും അതുതന്നെ -മാര്ട്ടിന് പറഞ്ഞു.ഈ സാഹചര്യത്തില്‍ മാറിച്ചിന്തിക്കുന്നതില് തെറ്റ് കാണുന്നില്ല.സെന്റ് പാട്രിക് ദിനത്തില്‍ യുഎസുമായുള്ള ബന്ധം അടയാളപ്പെടുത്തുന്നതിനാണ് പ്രാധാന്യമെന്ന് മാര്ട്ടിന് തറപ്പിച്ചുപറഞ്ഞു – അത്തരമൊരു ചടങ്ങ് എവിടെ നടക്കുന്നുവെന്നതിന് പ്രാധാന്യമില്ല.
എങ്ങനെ വളരെ സുഗമമായി ഈ ചടങ്ങ് സംഘടിപ്പിക്കാമെന്നതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ കൂടിയാലോചനകളും ചര്‍ച്ചകളും നടത്തുകയാണ്. ഈ വര്‍ഷം സെന്റ് പാട്രിക് ദിനം ആഘോഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം എന്താണെന്ന് ഉടന്‍ തീരുമാനത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.വാക്സിനേഷന് പ്രോഗ്രാമില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് കോവിഡ് -19 വാക്സിനേഷന് ക്യാമറകള്‍ക്ക് മുന്നില്‍ നല്കാന് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
- Advertisement -