head3
head1

സങ്കട നെരിപ്പോടില്‍ വയനാട് , ഇനിയും കണ്ടെത്താനാവരുടെ എണ്ണം മുന്നൂറോളം ,മരണം 277

മേപ്പാടി : വേദനയുടെ നെരിപ്പോടോടുങ്ങാതെ കേരളവും വയനാടും. 277 പേരുടെ മരണത്തില്‍ കലാശിച്ച അതിദാരുണമായ അപകടത്തില്‍ ഇനിയും കണ്ടെത്താനാവാത്ത മുന്നൂറോളം പേര് കൂടി ഉണ്ടെന്ന കണക്കുകള്‍ പുറത്തുവരുമ്പോള്‍ .ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളുടെ പട്ടികയിലേക്കാണ് മുണ്ടകൈയിലെയും ,ചൂരല്‍ മലയിലെയും ഉരുള്‍പൊട്ടല്‍ അടയാളപ്പെടുത്തുന്നത്.

ഉറ്റവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുമ്പോഴും,ഇനിയും കിട്ടാനുള്ള ബാക്കി കുടുംബാംഗങ്ങളുടെ മുഖം തിരയുകയാണ് ചിലരെങ്കിലും.നാടും നഗരവും ഒരുമിച്ചു കേരളത്തിന്റെ ഈ ദുരിതഭൂമിയില്‍ സഹായഹസ്തവുമായി ഉണ്ടെന്നത് മാത്രമാണ് വയനാടന്‍ ജനതയുടെ ആശ്വാസം.

രക്ഷാപ്രവര്‍ത്തനം തുടരുന്നു

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ ഇന്നു വീണ്ടും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. രാവിലെ 6.30നാണ് രക്ഷാ പ്രവര്‍ത്തനം തുടങ്ങിയത്. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ഒറ്റപ്പെടുത്തിയ മുണ്ടക്കൈയെ ചൂരല്‍മലയുമായി ബന്ധിപ്പിക്കുന്ന ബെയ്ലി പാലം ഇന്നു സൈന്യം തുറന്ന് നല്‍കുന്നതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാകും
നിലവില്‍ 1167 പേരുള്‍പ്പെടുന്ന സംഘത്തെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 10 സ്റ്റേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സമീപ ജില്ലയില്‍ നിന്ന് ഉള്‍പ്പെടെയുള്ള 645 അഗ്നിസേനാംഗങ്ങളും, 94 എന്‍.ഡി.ആര്‍.എഫ് അംഗങ്ങളും, 167 ഡി.എസ്.സി അംഗങ്ങളും, എം.ഇ.ജിയില്‍ നിന്നുള്ള 153 പേരും ഉള്‍പ്പെടുന്നു. കോസ്റ്റ് ഗാര്‍ഡ് അംഗങ്ങളും എത്തിയിട്ടുണ്ട്

എണ്ണായിരത്തിലധികം പേര്‍ ക്യാമ്പുകളില്‍

വയനാട് ജില്ലയില്‍ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 8304 പേര്‍. ശക്തമായ മഴയും ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പുകളും കണക്കിലെടുത്താണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇത്രയും പേരെ മാറ്റി പാര്‍പ്പിച്ചത്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച എട്ട് ക്യാമ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ ക്യാമ്പിലുമായി 3022 പുരുഷന്‍മാരും 3398 സ്ത്രീകളും 1884 കുട്ടികളും 23 ഗര്‍ഭിണികളുമാണ് കഴിയുന്നത്.

ബെയ്ലി പാലം ഇന്ന് തുറന്നു നല്‍കും
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ഒറ്റപ്പെടുത്തിയ മുണ്ടക്കൈയെ ചൂരല്‍മലയുമായി ബന്ധിപ്പിക്കുന്ന ബെയ്‌ലി പാലം ഇന്നു സൈന്യം തുറന്ന് നല്‍കും. ലൈറ്റിന്റെ വെട്ടത്തില്‍ ഇന്നലെ അര്‍ദ്ധരാത്രിയും ജോലികള്‍ നടത്തിയാണ് പാലം നിര്‍മാണം വേഗത്തിലാക്കിയത്. സൈന്യമാണ് പുഴയ്ക്ക് കുറുകെയുള്ള പാലം നിര്‍മ്മിക്കുന്നത്.

പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മുണ്ടക്കൈ മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുതിയവേഗം കൈവരിക്കും. ഭാരമേറിയ യന്ത്രസാമഗ്രികള്‍ ഉള്‍പ്പെടെ മുണ്ടക്കൈയിലെത്തിച്ച് തിരച്ചില്‍ നടത്തുമ്പോള്‍ കൂടുതല്‍പേരെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.നേരത്തേ ഇവിടെയുണ്ടായിരുന്ന പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നതോടെ പുഴയ്ക്ക് കുറുകെ വടംകെട്ടിയും താത്കാലിക പാലം സ്ഥാപിച്ചുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

190 അടിയാണ് ചൂരല്‍മലയില്‍ നിര്‍മ്മിക്കുന്ന ബെയ്‌ലി പാലത്തിന്റെ നീളം. 24 ടണ്‍ ഭാരം വഹിക്കാന്‍ പാലത്തിന് കഴിയും. നീളം കൂടുതലായതിനാല്‍ പുഴയ്ക്ക് മധ്യത്തില്‍ തൂണ്‍ സ്ഥാപിച്ചാണ് പാലം നിര്‍മിക്കുന്നത്. സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗമാണ് പാലം നിര്‍മ്മിക്കുന്നത്. ഡല്‍ഹിയില്‍നിന്നും ബെംഗളൂരുവില്‍നിന്നുമാണ് പാലം നിര്‍മിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിക്കുന്നത്.
സംസ്ഥാനത്താകെ മഴ തുടരുന്നു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.കാഞ്ഞിരപ്പള്ളി,മീനിച്ചില്‍ താലൂക്കുകളിലെ സ്‌കൂളുകള്‍ക്കും അവധിയാണ്. അതേസമയം ഓഗസ്റ്റ് 3 വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</

Comments are closed.

error: Content is protected !!