വയനാട് : മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരല്‍മലയിലും ഇന്ന് വെളുപ്പിന് ഉണ്ടായ വന്‍ ഉരുള്‍ പൊട്ടലില്‍ വന്‍ദുരന്തം. 45 മരണം ഇതേ വരെ സ്ഥിരീകരിച്ചിട്ടുണ്ട്.മരണസംഖ്യ ഉയരുകയാണ്. ചൂരല്‍മല മേഖലയില്‍ നിന്നും എട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. മേപ്പാടി ആശുപത്രിയില്‍ 33 പേരെ പരുക്കോടെ പ്രവേശിപ്പിച്ചു.
മുണ്ടകൈയ്ക്ക് രണ്ടു കിലോമീറ്റര്‍ അകലെ അട്ടമലയില്‍ ആറു മൃതദേഹങ്ങള്‍ ഒഴുകിയെത്തി. ചാലിയാറിലെ മുണ്ടേരിയിലും പോത്തുകല്ലിലും നാലു മൃതദേഹങ്ങള്‍ കണ്ടെത്തി.
നിരവധി പേരെ കാണാതായിട്ടുള്ളതായാണ് വിവരം. ഉരുള്‍ പൊട്ടലും മലവെള്ളപാച്ചിലും 400 ലധികം കുടുംബങ്ങളെയാണ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. മലവെള്ള പാച്ചിലില്‍ നിരവധി വീടുകള്‍ ഒലിച്ചു പോയി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ എത്തുന്നുണ്ട്. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും വെള്ളത്തിനടയിലായി. സമീപകാലത്തൊന്നും കാണാത്ത തരത്തിലുള്ള ദുരന്തമാണ് വയനാട് ഉണ്ടായത്.
പുലര്‍ച്ചെ ഒരു മണിയോടെയാണ് നാടിനെ നടുക്കിയ ആദ്യ ദുരന്തമുണ്ടായത്. നാല് മണിയോടെ രണ്ടാമത്തെ ഉരുള്‍പ്പൊട്ടലും ഉണ്ടായി. നാനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി വാഹനങ്ങളും ഒഴുകി പോയിട്ടുണ്ട്. ചൂരല്‍ മലയിലെ പാലം തകര്‍ന്നത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചു. മൂണ്ടക്കൈ, അട്ടമല പ്രദേശങ്ങളിലെ പ്രധാന പാലമാണ് തകര്‍ന്നത്. അപകടത്തിന്റെ വ്യാപ്തി ഇനിയും പൂര്‍ണമായി വ്യക്തമായിട്ടില്ല.
ദുരന്തത്തെ തുടര്‍ന്ന് കോഴിക്കോടുനിന്ന് വയനാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 2019 ല്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയ്ക്ക് സമീപമാണ് മുണ്ടക്കേ. കോഴിക്കോട് ജില്ലയിലെ നാലിടത്തും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. മഞ്ഞച്ചീളി, മാടാഞ്ചേരി, പാനോം എന്നിവിടങ്ങളിലാണ് മണ്ണിടിച്ചലും ഉരുള്‍പ്പൊട്ടലുമുണ്ടായത്.വെള്ളാർമല സ്‌കൂൾ പൂർണ്ണമായും തകർന്നു .
കേരളത്തില്‍ ഉടനീളം മഴ കനക്കുകയാണ്. ഇരിട്ടി,വിലങ്ങാട് , മലപ്പുറം മേഖലകളിലെല്ലാം മഴ ശക്തമായി പെയ്തുകൊണ്ടിരിക്കുകയാണ്. തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ഫയര്‍ഫോഴ്‌സ് സംഘത്തെ പൂര്‍ണമായി വയനാട്ടിലേക്ക് നിയോഗിച്ചിട്ടുണ്ട്. പുലര്‍ച്ചെ തന്നെ മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഉത്തരമേഖല ഐജിയും കണ്ണൂര്‍ ഡിഐജിയും അല്പസമയത്തിനുള്ളില്‍ വയനാട് എത്തും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിക്ക് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.
കേരള ആംഡ് പൊലീസ് നാല്, അഞ്ച് ബറ്റാലിയനുകള്‍, മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് എന്നിവിടങ്ങളില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വയനാട്ടേയ്ക്ക് തിരിച്ചുകഴിഞ്ഞു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്. മലപ്പുറം ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായും പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.വയനാട്ടിൽ ദുരന്തം പൊട്ടിപുറപ്പെട്ടിട്ട് എട്ടു മണിക്കൂറുകൾ പിന്നിടുമ്പോൾ സമാനതകളില്ലാത്ത രക്ഷാ പ്രവർത്തനമാണ് ദുരന്ത ഭൂമിയിൽ തുടരുന്നത്. ഫയർ ആൻഡ് റസ്ക്യൂ, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്പോൺസ് ടീം എന്നിവരാണ് മണിക്കൂറുകളായി രക്ഷാ പ്രവർത്തനം നടത്തുന്നത്. രക്ഷാപ്രവർത്തനത്തിനായി വയനാട്ടിലേക്ക് ഉടൻ സൈന്യമെത്തും.
കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലിൽ ഒരാളെ കാണാതായി. പ്രദേശവാസിയായ മാത്യു എന്നയാളെയാണ് കാണാതായത്. മഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിലാണ് മൂന്നു തവണ ഉരുള്‍ പൊട്ടിയത്. 11 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. നാല്‍പതോളം വീട്ടുകാര്‍ ഒറ്റപ്പെട്ടു. രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.