മൂന്ന് മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കസേരയിലിരിക്കുന്ന നിലയില്‍; അഞ്ച് തവണ ഉരുള്‍ പൊട്ടലില്‍ നെഞ്ചകം തകര്‍ന്ന് ചൂരല്‍മല
വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും പ്രകൃതിയുടെ താണ്ഡവത്തില്‍ ജീവന്‍ പൊലിഞ്ഞ 154 പേരെ ഇതുവരെ കണ്ടെത്തി. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് ഇന്നും കഴിഞ്ഞ ദിവസവും ശരീര ഭാഗങ്ങള്‍ നഷ്ടപ്പെട്ട നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കണ്ടെത്തിയ മൃതദേഹങ്ങളില്‍ ചിലത് പുറത്തെടുക്കാനാകാത്ത നിലയിലാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയില്‍ കണ്ടെത്തിയെങ്കിലും പുറത്തെടുക്കാനായിട്ടില്ല. പുലര്‍ച്ചെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
എന്നാല്‍ ഈ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത് ഏറെ ശ്രമകരമാണെന്നും അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ മാത്രമേ പുറത്തെടുക്കാനാകൂവെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിക്കുന്നു. ദുരന്തഭൂമിയില്‍ അഞ്ച് തവണയാണ് ഉരുള്‍പൊട്ടിയത്. തിങ്കളാഴ്ച രാത്രി 12.30ന് യിരുന്നു ആദ്യത്തെ ഉരുള്‍പൊട്ടല്‍. ഒരു മണിക്കൂറിനുള്ളില്‍ 1.25നും തുടര്‍ന്ന് പുലര്‍ച്ചെ 2.30നും ഉരുള്‍പൊട്ടുകയായിരുന്നു. ശേഷം രാവിലെ 7.46നും ഉച്ചയ്ക്ക് 2.30നും ആയിരുന്നു മുണ്ടക്കൈയെയും ചൂരല്‍മലയെയും തുടച്ചുമാറ്റിയ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായത്.
ഇരുട്ടുകുത്തി, പോത്തുങ്കല്‍, പനങ്കയം, ഭൂതാനം തുടങ്ങിയ ഭാഗങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നിറഞ്ഞൊഴുകുന്ന ചാലിയാറില്‍ മൃതദേഹങ്ങള്‍ കൂടാതെ പാര്‍പ്പിട അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ഒഴുകിയെത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി നാല് സംഘങ്ങളായി 150 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലെത്തി. ഇരുട്ടുകുത്തി ആദിവാസി കോളനിയിലുള്ളവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിക്കുന്നു.
നിലവില്‍ ദുരന്ത മുഖത്ത് ഭക്ഷണപ്പൊതികളും കുടിവെള്ളവും എത്തിക്കുന്നത് ഹെലികോപ്ടറിലാണ്.കുടിവെള്ളം എത്തിക്കണമെന്നായിരുന്നു രക്ഷാപ്രവര്‍ത്തകരുടെ ആവശ്യം. കഴിഞ്ഞ ദിവസം ജവവിഭവ വകുപ്പ് 20,000 ലിറ്റര്‍ കുടിവെള്ളം എത്തിക്കുമെന്ന് അറിയിച്ചിരുന്നു. അതേസമയം കാലാവസ്ഥ അനുകൂലമായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ ഹെലികോപ്ടര്‍ ഉപയോഗിക്കും.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം
മേപ്പാടി : ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ടാം ദിവസം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായിരിക്കുന്നത്.ഇതിനകം 154 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.ഇനിയും നൂറോളം പേരെ കണ്ടെത്താനുണ്ട് ,
മുഖ്യമന്ത്രിയും, ഗവര്‍ണറും അടക്കമുള്ളവര്‍ ഇന്ന് വയനാട്ടില്‍ എത്തും.ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തുമെന്നും ,രക്ഷാ പ്രവര്‍ത്തനത്തിന് നേരിട്ട് നേതൃത്വം നല്‍കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു. നാല് സംഘങ്ങളില്‍ 150 പേരടങ്ങിയ ടീമാണ് മുണ്ടക്കൈയിലേക്ക് തിരിച്ചിരിക്കുന്നത്. സൈന്യം, എന്‍ഡിആര്‍എഫ്, ആരോഗ്യപ്രവര്‍ത്തകര്‍, അഗ്‌നിശമനസേന എന്നിവരടങ്ങിയതാണ് സംഘം. സന്നദ്ധ പ്രവര്‍ത്തകരും സംഘത്തോടൊപ്പമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ചൂരല്‍ മലയില്‍ നിന്ന് മേപ്പാടിയിലേക്ക് സൈന്യവും ഫയര്‍ ആന്റ് റെസ്‌ക്യുവും സംയുക്തമായി നിര്‍മ്മിച്ച പാലത്തിലൂടെ മാത്രം 489 പേരെ നിലവില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിച്ചു. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് അനുയോജ്യമായ രക്ഷാപ്രവര്‍ത്തനം എയര്‍ ലിഫ്റ്റിംഗ് ആണ്. എന്നാല്‍ മഴയും മൂടല്‍ മഞ്ഞും ഹെലികോപ്ടര്‍ ലാന്റ് ചെയ്യാന്‍ പ്രതികൂല കാലാവസ്ഥ ഉയര്‍ത്തി. ഹെലികോപ്ടറിന് തടസമായി ഹൈ ടെന്‍ഷന്‍ കേബിളുകളും പാറകളുമുണ്ടായിരുന്നു. എന്നാല്‍ ഇവയെല്ലാം അവഗണിച്ച് അതിസാഹസികമായാണ് ഹെലികോപ്ടര്‍ ദുരന്ത ഭൂമിയില്‍ ലാന്റ് ചെയ്തത്. ചൂരല്‍ മലയില്‍ നിന്നാണ് പരിക്കേറ്റവരെ എയര്‍ ലിഫ്റ്റിംഗിലൂടെ ആശുപത്രിയിലെത്തിച്ചത്.
ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് കൂടുതല്‍ സൈന്യമെത്തും.മൂവായിരത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. 186 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 98 പേരെ കാണാതായിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍. ഇത് കുറയാനുള്ള സാധ്യതകളുണ്ടെന്നാണ് റവന്യു മന്ത്രി കെ രാജന്‍ വ്യക്തമാക്കുന്നത്. 486 പേരെയാണ് ദുരന്തമുഖത്തുനിന്ന് രക്ഷപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ 200ലധികം പേരെ കാണാതായിട്ടുണ്ടെന്നാണ് ക്യാമ്പുകളിലുള്ളവര്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളില്ല.
മണ്ണിനടിയില്‍ കുടുങ്ങിയവരുണ്ടോ എന്ന് കണ്ടെത്തുക നിര്‍ണായകമാണ്.
ചാലിയാര്‍ പുഴയിലും വനത്തിലും ഇന്ന് തെരച്ചില്‍ നടത്തും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടരുകയാണ്. എത്രയും വേഗം മൃതദേഹം വിട്ടുനല്‍കാന്‍ നടപടി ഊര്‍ജിതമാക്കിയിരിക്കുകയാണ്. രാപകല്‍ വ്യത്യാസമില്ലാതെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടരുന്നത്. ഉറ്റവരെ കണ്ടെത്താന്‍ കഴിയാതെ നിരവധി പേരാണ് ആശുപത്രിയില്‍ തുടരുന്നത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.