ഡബ്ലിന്‍ : ജലസംഭരണികളില്‍ തണുത്തുറഞ്ഞ പ്രശ്നം തുടരുന്നതിനാല്‍ രാത്രിയില്‍ കൂടുതല്‍ ജല നിയന്ത്രണങ്ങള്‍ ആവശ്യമായി വന്നേക്കാമെന്ന് യുട്ടിലിറ്റി അധികൃതരുടെ മുന്നറിയിപ്പ്.അതിശൈത്യം മിക്ക ജലസംഭരണികളിലും വിതരണം കുറയാന്‍ കാരണമായിരുന്നു.പകല്‍ സമയത്ത് ജല ലഭ്യത ഉറപ്പാക്കുന്നതിനായി വെള്ളിയാഴ്ച മുതല്‍ രാത്രികാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പൂജ്യത്തിന് താഴെയുള്ള താപനിലയും തുടര്‍ന്ന് സംഭവിക്കുന്ന മഞ്ഞുരുകലും ചോര്‍ച്ചയ്ക്കും പൈപ്പുകള്‍ പൊട്ടുന്നതിനും കാരണമാകുന്നതിനാല്‍ അയര്‍ലണ്ടിലെ ജലവിതരണ ശൃംഖല പ്രതിസന്ധിയിലായിരിക്കുകയാണ്
അതിനിടെ വാരാന്ത്യത്തില്‍ ജല വിതരണ ശൃംഖലയിലുടനീളം ചോര്‍ച്ചകളിലും പൊട്ടിത്തെറികളുമുണ്ടായി. ഗ്രേറ്റര്‍ ഡബ്ലിന്‍ ഏരിയയില്‍ മാത്രം വാരാന്ത്യത്തില്‍ ഏകദേശം 25 പൊട്ടലുകളും ഒട്ടേറെ ചെറിയ ചോര്‍ച്ചകളുമുണ്ടായി. ഇതാണ് ഗ്രേറ്റര്‍ ഡബ്ലിന്‍ ഏരിയയിലെ ജല ആവശ്യം റെക്കോര്‍ഡിലെത്തിച്ചത്. ഇത് റിസര്‍വോയറിലെ ജലനിരപ്പിനെയും ബാധിച്ചു.
.ഇവ നന്നാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് സാധാരണ നിലയില്‍ ജല വിതരണം ഉറപ്പാക്കുന്നതിനും വാട്ടര്‍ സര്‍വീസസ് ക്രൂ വാരാന്ത്യത്തിലുടനീളം അറ്റകുറ്റപ്പണികള്‍ നടത്തുന്നുണ്ടെന്നും ജലവിതരണവിഭാഗം അറിയിച്ചു. വെള്ളിയാഴ്ച രാത്രി ട്രിമിലും ശനിയാഴ്ച രാത്രി സൗത്ത് ലെയ്ട്രിമിലും ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാത്രിയിലും കാര്‍ണ കില്‍കിരാനിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചോര്‍ച്ചകളും പൈപ്പ് പൊട്ടലുകളും മൂലം ഗ്രേറ്റര്‍ ഡബ്ലിന്‍ പ്രദേശത്ത് ജല ആവശ്യം റെക്കോര്‍ഡ് നിലയിലെത്തിയതായി ജലവിതരണ ഓപ്പറേറ്റര്‍ സ്ഥിരീകരിച്ചു. റിസര്‍വ്വോയറിലെ ജലനിരപ്പ് വീണ്ടെടുക്കാന്‍ വൈകുമെന്നതിനാല്‍ ചില പ്രദേശങ്ങളില്‍ രാത്രികാല നിയന്ത്രണങ്ങള്‍ ആവശ്യമാകുമെന്ന് ഉയിസ് ഏറാന്‍ പറയുന്നു.
പൊട്ടിയതും ചോര്‍ന്നൊലിക്കുന്നതുമായ ടാപ്പുകള്‍ നന്നാക്കണമെന്ന് വാട്ടര്‍ ഓപ്പറേഷന്‍സ് മേധാവി മാര്‍ഗരറ്റ് ആട്രിഡ്ജ് ഓര്‍മ്മിപ്പിച്ചു.അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് നെറ്റ്വര്‍ക്കില്‍ ചോര്‍ച്ചകളുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണം.പൊതുജനങ്ങള്‍ക്ക് 1800 278 278 എന്ന നമ്പറില്‍ കസ്റ്റമര്‍ കെയര്‍ ടീമിനെ വിളിച്ച് ചോര്‍ച്ചകളും പൊട്ടിത്തെറികളും റിപ്പോര്‍ട്ട് ചെയ്യാമെന്നും ഏജന്‍സി പറഞ്ഞു.
സ്‌നോ അലേര്‍ട്ട് വീണ്ടും
അടുത്ത ആഴ്ചയിലും പൂജ്യത്തിന് താഴേയ്ക്ക് താപനിലയെത്താനുള്ള സാധ്യതാ മുന്നറിയിപ്പ് മെറ്റ് ഏറാന്‍ നല്‍കുന്നുണ്ട്.തെളിഞ്ഞ അന്തരീക്ഷത്തില്‍ നേരിയതോതില്‍ താപനില ഉയരുമെങ്കിലും,വീണ്ടും സ്‌നോയും,മഞ്ഞും തിരിച്ചെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചനകള്‍.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.