ഡബ്ലിന്‍ : 2030 ഓടെ വോള്‍വോയുടെ മുഴുവന്‍ കാറുകളും പൂര്‍ണമായും വൈദ്യുതമാകുമെന്ന് കമ്പനി അറിയിച്ചു. 2025 ല്‍ തന്നെആഗോള വില്‍പ്പനയുടെ 50% പൂര്‍ണമായും ഇലക്ട്രിക് കാറുകളായിരിക്കും. മറ്റ് പകുതി ഹൈബ്രിഡ് മോഡലുകളാകുമെന്നും സ്വീഡിഷ് ആസ്ഥാനമായുള്ള ചൈനീസ് കാര്‍ നിര്‍മ്മാതാവ് പറഞ്ഞു.
ഹാങ്ഷൗ ആസ്ഥാനമായുള്ള സെജിയാങ് ഗീലി ഹോള്‍ഡിംഗ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വോള്‍വോ അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ ഒരു പുതിയ ഇലക്ട്രിക് കാറുകളുടെ ഫാമിലിയെ അവതരിപ്പിക്കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. ഓണ്‍ലൈനില്‍ മാത്രമാകും ഇവയുടെയെല്ലാം വില്‍പ്പന.ഈ മോഡലുകളില്‍ ആദ്യത്തേത് കഴിഞ്ഞ ദിവസം പുറത്തിറക്കി.പൂര്‍ണ്ണമായും ഇലക്ട്രിക് എസ്യുവിയായ സി 40യുടെ പ്രാരംഭ ബാറ്ററി ശ്രേണി 420 കിലോമീറ്ററാണ്.
വോള്‍വോയുടെ പുതിയ ഇലക്ട്രിക് മോഡലുകളില്‍ വയര്‍ലെസ് അപ്ഗ്രേഡുകളും പരിഹാരങ്ങളും ഉള്‍പ്പെടുത്തും. ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല ഇങ്ക് ആണ് ഈ സമീപനം യഥാര്‍ത്ഥത്തില്‍ മുന്നോട്ട് വച്ചത്.സി 40 ന്റെ ശ്രേണി കാലക്രമേണ സോഫ്റ്റ്വെയര് നവീകരണത്തിലൂടെ വിപുലീകരിക്കുമെന്ന് ചീഫ് ടെക്നോളജി ഓഫീസര്‍ ഹെന്റിക് ഗ്രീന്‍ പറഞ്ഞു.ഭാവിയില്‍ പെട്രോള്‍ എഞ്ചിനൊപ്പം തുടരാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുണ്ടാകില്ലെന്ന് പൂര്‍ണ ബോധ്യമുണ്ടെന്ന് വോള്‍വോ ചീഫ് എക്സിക്യൂട്ടീവ് ഹൊകാന് സാമുവല്‍സണ്‍ പറഞ്ഞു.
യൂറോപ്പിലെയും ചൈനയിലെയും സിഒ2 ഉദ്ഗമനം കുറയ്ക്കുന്നതിനൊപ്പം ഫോസില്‍ ഇന്ധന വാഹനങ്ങള്‍ക്ക് ചില രാജ്യങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തുന്നതും സീറോ-എമിഷന്‍ മോഡലുകളിലേക്ക് മാറാന്‍ കമ്പനിയെ പ്രേരിപ്പിക്കുകയാണ്.
2030ഓടെ യൂറോപ്പിലെ ലൈനപ്പ് പൂര്‍ണമായും വൈദ്യുതമാകുമെന്ന് ഫോര്‍ഡ് മോട്ടോര്‍ കമ്പനിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 2025 ഓടെ ജാഗ്വാര്‍ ആഢംബര ബ്രാന്‍ഡ് പൂര്‍ണമായും വൈദ്യുതമാകുമെന്നും ടാറ്റാ മോട്ടോഴ്സ് യൂണിറ്റ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ അറിയിച്ചു.മുഴുവന്‍ ലൈനപ്പുകളിലും 2030 ഓടെ ഇലക്ട്രിക് മോഡലുകള്‍ പുറത്തിറക്കുമെന്ന് അറിയിച്ചു.
ജര്‍മ്മനിയുടെ ഫോക്സ്വാഗണിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാര്‍ നിര്‍മാതാക്കളായ ബെന്റ്ലി, 2030 ഓടെ അതിന്റെ മോഡലുകളെല്ലാം വൈദ്യുതമാകുമെന്ന് നവംബറില്‍ പ്രഖ്യാപിച്ചിരുന്നു.അതേ സമയം, ഇലക്ട്രിക് വാഹനങ്ങള്‍ കാര്‍ വ്യവസായത്തിലെ തൊഴില്‍ സാധ്യത കുറയ്ക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
- Advertisement -
Comments are closed.