head3
head1

കുഞ്ഞു ജുവാനൊപ്പം ചേർന്ന് , നിറചിരിയോടെ സെല്‍ഫിയെടുത്ത , സ്റ്റെഫിയെ തേടിയെത്തിയത് ചെന്തീ പോലൊരു മാലാഖ

ആബിഫില്‍ (കൗണ്ടി ലീമെറിക്ക് ) :കൗണ്ടി ലീമെറിക്കിന്റെയും ,കെറിയുടെയും അതിര്‍ത്തി ഗ്രാമമായ ആബിഫില്‍ ഇപ്പോള്‍ സങ്കടത്തിന്റെ കരിനിഴലിലാണ്. ഈ ഗ്രാമത്തിന്റെ പ്രിയപ്പെട്ടവളായ സ്റ്റെഫി ബൈജുവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഈ ചെറിയ ഗ്രാമം.

കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വെച്ച് പ്രസവാനന്തരം പെട്ടന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് , ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് സ്റ്റെഫി ,യാത്രയായത്. രാവിലെ പത്തര മണിയോടെയാണ് കുഞ്ഞു ജുവാനെ സ്റ്റെഫി ,ലോകത്തിന് നല്‍കിയത്. കുഞ്ഞുവാവയെ കാത്തിരുന്ന പിതാവ് സുല്‍ത്താന്‍ ബത്തേരി ചീരാല്‍ കരുവാലികുന്ന് കരവട്ടത്തിന്‍കര ബൈജു സ്‌കറിയായും, ജുവനെ കണ്‍കുളിര്‍ക്കെ കണ്ടു.അമ്മയ്ക്ക് മുത്തങ്ങള്‍ നല്‍കി. എല്ലാവരും ചേര്‍ന്ന് സെല്‍ഫിയും എടുത്തു.രണ്ടാമതും ഒരാൺകുഞ്ഞിനെ കൂടി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു അവർ.സ്‌കൂൾ വിദ്യാർത്ഥി കൂടിയായ പത്തുവയസുകാരൻ ജോഹാൻ ബൈജു സ്കറിയയെ , കുഞ്ഞാവയെ കാണിക്കാനുള്ള സന്തോഷത്തിലായിരുന്നു  സ്റ്റെഫി.

നിറചിരിയോടെ ഒത്തിരി വര്‍ത്തമാനം പറഞ്ഞാണ് സ്റ്റെഫിയോട് യാത്രപറഞ്ഞ് ബൈജു പുറത്തിറങ്ങിയത്.ഏതാനം മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്റ്റെഫിയ്ക്ക് , അസ്വസ്ഥതകള്‍ തുടങ്ങിയത്. അത് കാര്‍ഡിയാക് അറസ്റ്റാണെന്ന് സ്ഥിരീകരിച്ചതോടെ പ്രാര്‍ത്ഥനയുടെ മണിക്കൂറുകളായിരുന്നു പിന്നീട്. വൈകുന്നേരത്തോടെ  വീണ്ടും ഒരിക്കല്‍ കൂടി സ്റ്റെഫി ദുരന്തമുഖത്തെത്തി.മെഡിക്കല്‍ ടീമിന്റെ അക്ഷീണ പരിശ്രമങ്ങളെല്ലാം വിഫലമായതോടെ രാത്രി എട്ട് മണിയോടെ അവള്‍ മാലാഖമാരുടെ ലോകത്തേക്ക് പറന്നു പോയി.

ആദ്യഘട്ടത്തില്‍ ട്രെലി ഹോസ്പിറ്റലിലായിരുന്നു ഗൈനക്കോളജിസ്റ്റിനെ കണ്ടിരുന്നത്.പിന്നീട് കൂടുതല്‍ സൗകര്യങ്ങളുള്ള കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് മാറുകയായിരുന്നു. ആശുപത്രിയിലെത്താനുള്ള സൗകര്യപ്രദമായ രീതിയില്‍ പ്രസവത്തിന് ഏതാനം ദിവസം മുമ്പ് തന്നെ കോര്‍ക്കില്‍ റൂമെടുത്ത് താമസിച്ചപ്പോഴും,യാതൊരു അസ്വസ്ഥതകളും സ്റ്റെഫിയ്ക്ക് അനുഭവപ്പെട്ടിരുന്നില്ല.സമീപത്തെ ദേവാലയത്തില്‍ പോയി വിശുദ്ധ കുര്‍ബാന കൂടിയും,പ്രാര്‍ത്ഥിച്ചുമാണ് അവര്‍ കുഞ്ഞിനെ കാത്തിരുന്നത്.

പ്രസവം നടന്ന വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ തന്നെ സ്റ്റെഫിയുടെ മാതാപിതാക്കളായ ചീരാല്‍ കിഴക്കേക്കുന്നത്ത് ഔസേഫും,എല്‍സി ഔസേഫും വയനാട്ടില്‍ നിന്നും കൗണ്ടി ലീമെറിക്കിലെ ആബിഫിലിയിലുള്ള ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. പിറ്റേന്ന് രാവിലെ കോര്‍ക്കിലെ ആശുപത്രിയില്‍ എത്തി മോളെയും,കുഞ്ഞു ജുവാനെയും കാണാനായിരുന്നു അവരുടെ ആഗ്രഹം.എന്നാല്‍ വൈകുന്നേരത്തോടെയെത്തിയത് ഹൃദയം തകര്‍ക്കുന്ന ആ ദുരന്തവാര്‍ത്തയായിരുന്നു. കുഞ്ഞാവയെ കാണാനായി ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന ബൈജുവിന്റെയും,സ്റ്റെഫിയുടെയും  മകന്‍ ജോഹാനെയും കൂട്ടി കോര്‍ക്കില്‍ കുതിച്ചെത്തിയ അവര്‍ക്ക് കാണാനായത് നിശ്ചേതനമായ ആ മുഖമായിരുന്നു.

ഫില്‍ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത്  ആറ് മലയാളി കുടുംബങ്ങളെ ആകെയുള്ളു.ആബിഫില്‍ നഴ്സിംഗ് ഹോമിലും , പ്രദേശത്തെ ചില കമ്പനികളിലുമായി ജോലി ചെയ്യുന്നവരാണവര്‍. ഇവിടെ നിന്നും 40 കിലോ മീറ്റര്‍ അകലെയാണ് സ്റ്റെഫി ജോലി ചെയ്തിരുന്ന ട്രെലിയിലെ , കെറി ജനറല്‍ ഹോസ്പിറ്റല്‍. എല്ലാവരും സങ്കടത്തിലാണ്. ട്രേലിയിലേ കെറി ജനറല്‍ ആശുപത്രിയിലും,സ്റ്റെഫി ആദ്യം ജോലി ചെയ്തിരുന്ന ഡുവായിലെ കില്‍ക്കര്‍ ഹൗസ് നഴ്സിംഗ് ഹോമിലുമുള്ള സഹ പ്രവര്‍ത്തകരും തങ്ങളുടെ സഹപ്രവര്‍ത്തകയുടെ ആകസ്മിക വേര്‍പാടിന്റെ ഞെട്ടലിലാണ്. കെറി ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ട്രെലിയില്‍ , സ്റ്റെഫിയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്.

ഇന്ന് ഉച്ചയ്ക്ക് ശേഷം  ആബെഫിൽ ഇടവകാ വികാരിയും, ബൈജുവിന്റെയും, സ്റ്റെഫിയുടെയും അയൽക്കാരനുമായ  ഫാ. ടോണി മുള്ളിൻസ്  കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തിയിരുന്നു.അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രാർത്ഥനാ ശുശ്രൂഷയും നടത്തപ്പെട്ടു.

ഫാ. ഷോജിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ടും പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ഒരുക്കുന്നുണ്ട്.

സ്റ്റെഫിയുടെ അകാല നിര്യാണത്തിൽ   ഇന്ത്യൻ  ഓർത്തഡോക്സ്  ചർച്ചിന്റെ യൂ കെ – യൂറോപ്പ് ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ  അബ്രഹാം മാർ സ്തേഫാനോസ്  അനുശോചനം അറിയിച്ചു.അയര്‍ലണ്ടിലെ ലീമെറിക്ക് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച് അംഗമായ സ്റ്റെഫി ബൈജുവിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ,നാട്ടില്‍ ,  വെച്ച് നടത്താനാണ് കുടുംബം ആഗ്രഹിക്കുന്നത് .വയനാട്ടിലെ   സുൽത്താൻ ബത്തേരി സെന്റ് ജോർജ്  ഓർത്തഡോക്സ് പള്ളി ഇടവകാംഗങ്ങളാണ് ബൈജുവിന്റെയും ,സ്റ്റെഫിയുടെയും കുടുംബം.

സ്റ്റെഫിയുടെ കുടുംബത്തെ സഹായിക്കാനായി രൂപീകരിച്ച ഗോ ഫണ്ട് മീ പേജിലേക്ക് അയര്‍ലണ്ടിലെ ജനസമൂഹം ഉദാരമായ സംഭാവനകളാണ് നല്‍കുന്നത്. സംസ്‌കാര ചടങ്ങുകള്‍ക്കും,കുടുംബത്തെ സഹായിക്കാനുമായുള്ള അഭ്യര്‍ത്ഥനയ്ക്ക് രണ്ടായിരത്തോളം പേരാണ് പ്രത്യുത്തരമായെത്തിയത്. ഇതിനകം തന്നെ 56000 യൂറോയോളം യൂറോയുടെ സംഭാവനകളെത്തിയിട്ടുണ്ട്. ആവശ്യത്തിനനുസരിച്ച് സഹായിക്കുന്ന ഐറിഷ് മനസിന് ഏറ്റവും വലിയ ഉദാഹരണമായി ഈ ധനസമാഹരണയഞ്ജം.https://www.gofundme.com/f/fund-raiser-for-funeral-service?attribution_id=sl%3A82309d7a-b451-47d1-a5af-60b1818d826e&utm_campaign=pd_ss_icons&utm_medium=customer&utm_source=copy_link&fbclid=IwZXh0bgNhZW0CMTEAAR3_oFZbYIDxbPhqQmhDOdlB18xi2fWwf-acaayECFikkrfsyiY-VUODveU_aem_en0M4jZm1biwEqzwnhBdTw

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a</

Comments are closed.

error: Content is protected !!