തൃശൂര്‍ : മലയാളികളുടെ പ്രിയ ഗായകന്‍ പി. ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം അഞ്ച് തവണ നേടി. 2021 ല്‍ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നേടി.
1944 മാര്‍ച്ച് മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി പാലിയത്ത് ജയചന്ദ്രക്കുട്ടന്‍ എന്ന പി ജയചന്ദ്രന്‍ എറണാകുളം ജില്ലയിലെ രവിപുരത്ത് ജനിച്ചു. പിന്നീട് കുടുംബം തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി.
കഥകളി, മൃദംഗം ചെണ്ടവായന, പൂരം,പാഠകം,ചാക്യാര്‍കൂത്ത് എന്നിവയോടെല്ലാം കമ്പമുണ്ടായിരുന്ന പി.ജയചന്ദ്രന്‍ സ്‌കൂള്‍ കലോത്സവങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങള്‍ നേടിയിരുന്നു.
2008 ല്‍ എആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ ‘ADA ,എ വേ ഓഫ് ലൈഫ്” എന്ന ചിത്രത്തിനായി അല്‍ക യാഗ്നിക്കിനൊപ്പം പാടിക്കൊണ്ട് ജയചന്ദ്രന്‍ ആദ്യമായി ഹിന്ദി ഗാനരംഗത്തേയ്ക്കും പ്രവേശനം നടത്തി. മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2020ലെ ജെ സി ഡാനിയേല്‍ അവാര്‍ഡ് നല്‍കി കേരള സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി ശനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനു മാസ ചന്ദ്രിക വന്നു’ എന്നു തുടങ്ങുന്ന ഗാനമാണ്.നീലഗിരിയുടെ സഖികളെ, സ്വര്‍ണഗോപുര നര്‍ത്തകീ ശില്പം, കര്‍പ്പൂരദീപത്തിന്‍ കാന്തിയില്‍, അഷ്ടപദിയിലെ നായികേ, തിരുവാഭരണം ചാര്‍ത്തി വിടര്‍ന്നു, കാറ്റുമൊഴുക്കും കിഴക്കോട്ട്, രാജീവനയനേ നീയുറങ്ങൂ, റംസാനിലെ ചന്ദ്രികയോ, നന്ദ്യാര്‍വട്ട പൂ ചിരിച്ചു, അനുരാഗ ഗാനം പോലെ, ഹര്‍ഷബാഷ്പംചൂടി, ഏകാന്ത പഥികന്‍ , ശരദിന്ദു മലര്‍ദീപനാളം, യദുകുല രതിദേവനെവിടെ, സന്ധ്യക്കെന്തിനു സിന്ദൂരം, നിന്‍മണിയറയിലെ നിര്‍മലശയ്യയിലെ, ഉപാസന ഉപാസനാ, മല്ലികപ്പൂവിന്‍ മധുരഗന്ധം, മധുചന്ദ്രികയുടെ ചായത്തളികയില്‍, നുണക്കുഴിക്കവിളില്‍ നഖചിത്രമെഴുതും, കരിമുകില്‍ കാട്ടിലെ, ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു, കേവലമര്‍ത്യഭാഷ, പ്രായം തമ്മില്‍ മോഹം നല്‍കി, കല്ലായിക്കടവത്തെ, വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ, കേരനിരകളാടും ഒരു ഹരിത ചാരുതീരം, നീയൊരു പുഴയായ് തഴുകുമ്പോള്‍, എന്തേ ഇന്നും വന്നീല, ആരാരും കാണാതെ ആരോമല്‍ തൈമുല്ല തുടങ്ങിയവയാണ് ശ്രദ്ധേയ ചലച്ചിത്രഗാനങ്ങള്‍.
ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലേ, ജയദേവ കവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേ, സ്മൃതിതന്‍ ചിറകിലേറി ഞാനെന്‍ തുടങ്ങിയ ലളിതഗാനങ്ങളും ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം എന്ന ആല്‍ബം ഗാനവും ശ്രദ്ധിക്കപ്പെട്ടു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.