head1
head3

അനിശ്ചിതത്വത്തിന്റെ വഴികള്‍ കടന്ന് ഒളിമ്പിക്‌സിലേയ്ക്ക്…

ടോക്യോ : അനിശ്ചിതത്വത്തിന്റെ വഴികള്‍ കടന്ന് ഒളിമ്പിക്സ് ദീപജ്ജ്വാലയിലേയ്ക്ക് ടോക്യോ കണ്‍തുറക്കുകയാണ്. ഇന്നേയ്ക്ക് നൂറാം ദിനത്തില്‍ ലോകം ഒളിമ്പിക്‌സ് മാമാങ്കത്തിലാകും.കോവിഡ് കാരണം മാറ്റിവച്ച ഒളിമ്പിക്സിനാണ് ജൂലൈ 23ന് തിരിതെളിയുന്നത്. ഇപ്പോഴും പ്രതിസന്ധികള്‍ തന്നെയാണ് ടോക്യോയില്‍. പൂര്‍ണപ്രഭാവത്തോടെ മേള നടക്കില്ലെന്ന് ഉറപ്പാണ്.

കോവിഡ് ഭീഷണി അവസാനിച്ചിട്ടില്ല. ജപ്പാനില്‍ ആളുകള്‍ക്ക് മേളയോടുള്ള അതൃപ്തി മറനീക്കുന്നു. ഓരോ ദിനവും ഉയരുന്ന ചെലവുകള്‍. വിദേശ കാണികള്‍ക്കുള്ള വിലക്ക്. ഉത്തരകൊറിയയുടെ പിന്മാറ്റം. ഇതിനിടെ ലൈംഗികപരാമര്‍ശം നടത്തിയതിന് ഒളിമ്പിക് സംഘാടകസമിതി തലവന്‍ യോഷിറോ മോറി രാജിവയ്ക്കുകയും ചെയ്തു.

2013ലാണ് ടോക്യോ വേദി ഉറപ്പാകുന്നത്. ജപ്പാന്‍ ആഘോഷിച്ചു. 2019 ആകുമ്പോഴേക്കും മേളയ്ക്കുള്ള ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി. എന്നാല്‍, കോവിഡ് പടര്‍ന്നതോടെ എല്ലാം താളംതെറ്റി. 2020 മാര്‍ച്ച് 24ന് ഒളിമ്പിക്സ് മാറ്റിവയ്ക്കുന്നതായുള്ള പ്രഖ്യാപനം വന്നു. ഒരുവര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനം. കോവിഡ് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചാല്‍ മേള ഉപേക്ഷിക്കുമെന്നും രാജ്യാന്തര ഒളിമ്പിക് സമിതി വ്യക്തമാക്കി.

ഈ വര്‍ഷം ജനുവരിയില്‍ ജപ്പാനില്‍ കോവിഡിന്റെ രണ്ടാംതരംഗം ആഞ്ഞടിച്ചതോടെ മേള ഉപേക്ഷിക്കാനുള്ള ആവശ്യം ശക്തമായി. എന്നാല്‍, സംഘാടകസമിതിയും ഐഒസിയും ജപ്പാന്‍ സര്‍ക്കാരും ഏതുവിധേനയും നടത്തുമെന്ന് പ്രഖ്യാപിച്ചു. വിദേശ കാണികളെ വിലക്കിയതും വിവാദമായി. പിന്നാലെയായിരുന്നു കോവിഡിന്റെ പേരില്‍ ഉത്തരകൊറിയ പിന്മാറ്റം പ്രഖ്യാപിച്ചത്.

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More