head3
head1

ഓണ്‍ ലൈന്‍ തീയറി ടെസ്റ്റ് നല്ലതുതന്നെ, പക്ഷേ കമ്പ്യൂട്ടര്‍ കൂടി വാങ്ങണമെന്ന് പറഞ്ഞാലെങ്ങനാ…

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ പുതിയ ഓണ്‍ലൈന്‍ ഡ്രൈവര്‍ തിയറി ടെസ്റ്റിന് പുതിയ കമ്പ്യൂട്ടര്‍ കൂടി വാങ്ങണമെന്ന അവസ്ഥയുണ്ടാക്കുന്ന റോഡ് സുരക്ഷാ അതോറിറ്റിയുടെ നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനമുയരുന്നു.വിന്‍ഡോസ് കമ്പ്യൂട്ടറുകളില്‍ മാത്രം ഓണ്‍ലൈന്‍ പരിശോധന പരിമിതപ്പെടുത്താനുള്ള അതോറിറ്റി തീരുമാനമാണ് ആളുകള്‍ക്ക് ബുദ്ധിമുട്ടായത്.പുതിയ വിന്‍ഡോസ് കമ്പ്യൂട്ടറിന് 350 യൂറോ മുതല്‍ ചെലവ് വരും.കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ അത്യാവശ്യ കമ്പ്യൂട്ടിംഗ് ആവശ്യങ്ങള്‍ക്കായി സ്മാര്‍ട്ട്‌ഫോണുകളെയും ടാബ്ലെറ്റുകളെയുമാണ് ആശ്രയിക്കുന്നത്.

ആര്‍ എസ് എ അതിന്റെ ഓണ്‍ലൈന്‍ ഡ്രൈവര്‍ തിയറി ടെസ്റ്റിനായി തിരഞ്ഞെടുത്ത ‘പ്രോപ്രോക്ടര്‍’ സോഫ്ട് വെയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് പഴയ രീതിയിലുള്ള, പരമ്പരാഗത കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കാന്‍ മാത്രമാണ്.

ഐറിഷ് വീടുകളില്‍ നാലിലൊന്ന് മാത്രമാണ് വിന്‍ഡോസ് ഉപയോഗിക്കുന്നത്. ഇക്കാരണത്താല്‍ ഡ്രൈവറാകാന്‍ കമ്പ്യൂട്ടര്‍ കൂടി വാങ്ങേണ്ടി വരുമെന്ന നിലയിലാണ് നല്ലൊരു ശതമാനം അപേക്ഷകരും.ടെസ്റ്റിന് ഗൂഗിള്‍ ക്രോം മാത്രമേ ഉപയോഗിക്കാവൂയെന്നും വ്യവസ്ഥയുണ്ട്.

അപേക്ഷകര്‍ വിന്‍ഡോസ് (8 അല്ലെങ്കില്‍ മുകളില്‍) ലാപ്‌ടോപ്പ് അല്ലെങ്കില്‍ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കണം.മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ്, മാക് , വിന്‍ഡോസ് 7 എന്നിവയും ഉപയോഗിക്കാനാവില്ല.-ആര്‍ എസ് എ പുതിയ ഓണ്‍ലൈന്‍ തിയറി ടെസ്റ്റിനെക്കുറിച്ചുള്ള അറിയിപ്പില്‍ പറയുന്നു.

ഐറിഷുകാരില്‍ 24 ശതമാനമേ വിന്‍ഡോസ് കമ്പ്യൂട്ടറുകളുപയോഗിക്കുന്നുള്ളുവെന്നാണ് സ്റ്റാറ്റ്കൗണ്ടറില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത്. ടാബ്ലെറ്റുകള്‍, ലാര്‍ജ് സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണുകള്‍, മാക് കമ്പ്യൂട്ടറുകള്‍,ക്രോം ബുക്സ് എന്നിവയാണ് ഓണ്‍ലൈന്‍ ഉപയോക്താക്കളില്‍ മുക്കാല്‍ ഭാഗവും ഉപയോഗിക്കുന്നത്.

പ്ലാറ്റ്‌ഫോമില്‍ പരിമിതികളുണ്ടെന്ന് അംഗീകരിച്ച വക്താവ് ഒക്ടോബറില്‍ അപ്‌ഗ്രേഡുചെയ്ത പതിപ്പ് പുറത്തിറക്കുമെന്നും അപ്പോള്‍ ഉപഭോക്താക്കളുടെ തടസ്സങ്ങള്‍ നീങ്ങുമെന്നും പറഞ്ഞു. യുകെയും നോര്‍ത്തേണ്‍ അയര്‍ലണ്ടും ഓണ്‍ലൈന്‍ തിയറി ടെസ്റ്റ് നടത്തുന്നില്ലെന്നും വക്താവ് ചൂണ്ടിക്കാട്ടി.

പ്രൊഫഷണല്‍ ഡ്രൈവര്‍മാരെയും ബസ്, ട്രക്ക് ഡ്രൈവര്‍മാരെയും ലക്ഷ്യമിട്ടുള്ള പൈലറ്റ് പ്രോജക്ട് എന്ന നിലയിലാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. കാറ്റഗറി ബിയിലെ കാര്‍ ഉപയോക്താക്കള്‍ക്കായി പദ്ധതി വിപുലീകരിക്കുമെന്ന് റോഡ് സുരക്ഷാ അതോറിറ്റി വക്താവ് പറഞ്ഞു.

കാര്‍ തിയറി ടെസ്റ്റുകള്‍ക്കായുള്ള അപ്‌ഡേറ്റ് ചെയ്ത സംവിധാനം വിന്‍ഡോസ്, ആപ്പിള്‍ മാക് കമ്പ്യൂട്ടര്‍ തുടങ്ങി ഒന്നിലധികം പ്ലാറ്റ്ഫോമുകളിലും ലഭ്യമാകുമെന്ന് വക്താവ് പറഞ്ഞു.സാധാരണ പ്ലാറ്റ്ഫോമുകളായ ഐപാഡുകള്‍, ടാബ്ലെറ്റുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ക്രോം ബുക്ക്സ് എന്നിവയെ ഈ സംവിധാനം പിന്തുണയ്ക്കില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.

കോവിഡിനു ശേഷം തുറക്കുമ്പോള്‍ പ്രതിമാസം 50,000 ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള ശേഷിയുണ്ടാകുമെന്നും വക്താവ് പറഞ്ഞു. 15000 ടെസ്റ്റുകള്‍ക്കുള്ള സംവിധാനമേ ഇപ്പോഴുള്ളു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More