head3
head1

മൂന്ന് ലക്ഷം ടാക്സി യാത്രക്കാരുടെ സ്വകാര്യഡാറ്റകള്‍ ഓപ്പണ്‍ സൈറ്റില്‍

ടാക്സി ആപ്പിന്റെ ഉപയോഗം ശരിക്കും ആപ്പായോ ?

ഡബ്ലിന്‍ : ഓണ്‍ ലൈന്‍ ടാക്സി ആപ്പിന്റെ ഉപയോഗം ശരിക്കും ‘ആപ്പായോയെന്ന’ ആശങ്കയിലാണ് അയര്‍ലണ്ടിലെയും യു കെയിലെയും ലക്ഷക്കണക്കിന് ഉപയോക്താക്കള്‍.ഇവരുടെയെല്ലാം സ്വകാര്യവിവരങ്ങള്‍ പാസ്വേഡ് പരിരക്ഷയില്ലാത്ത ഡാറ്റാബേസില്‍ സുരക്ഷാ ഗവേഷകന്‍ കണ്ടെത്തി.

അയര്‍ലണ്ടിലെയും യു കെയിലെയും 300,000 ടാക്‌സി യാത്രക്കാരുടെ പേരുകളും ഫോണ്‍ നമ്പറുകളും ഇമെയില്‍ വിലാസങ്ങളും അടങ്ങിയ ഡാറ്റാബേസാണ് സൈബര്‍ സുരക്ഷാ ഗവേഷകന്‍ ജെറമിയ ഫൗളര്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തത്.ഓണ്‍ലൈന്‍ സ്വകാര്യതാ വെബ്‌സൈറ്റായ വി പി എന്‍ മെന്ററിലൂടെയാണ് ഈ കണ്ടെത്തലിനെക്കുറിച്ചുള്ള വിവരം ഇദ്ദേഹം പുറത്തുവിട്ടത്.

ടാക്സി ഡെസ്പാച്ച് പ്ലാറ്റ്‌ഫോം സാങ്കേതികവിദ്യ നല്‍കുന്ന ഡബ്ലിന്‍ ആസ്ഥാനമായുള്ള ഐകാബിയില്‍ നിന്നാണ് ഈ രേഖകള്‍ കണ്ടെത്തിയത്.ഇക്കാര്യം ഐകാബിയെ അറിയിച്ചെന്നും തുടര്‍ന്ന് അവര്‍ ഡാറ്റാബേസിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചെന്നും ഫൗളര്‍ പറഞ്ഞു.

‘ഐകാബിയോ അവരുടെ പങ്കാളികളോ എന്തെങ്കിലും തെറ്റും ചെയ്തിട്ടുണ്ടെന്ന് കരുതുന്നില്ല. ഡാറ്റ അപകടത്തിലാണെന്നോ മറ്റേതെങ്കിലും വ്യക്തികള്‍ ആക്‌സസ് ചെയ്തെന്നോ പറയുന്നില്ല’ ഫൗളര്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അറിയാമെന്ന് ഐകാബി പറഞ്ഞു.ഉചിതമായ നടപടി സ്വീകരിച്ചെന്നും ടാക്സി കമ്പനികളുമായി ബന്ധപ്പെട്ടെന്നും വക്താവ് പറഞ്ഞു.ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടെന്ന് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (ഡി പി സി) അറിയിച്ചു.ഇതിനെക്കുറിച്ച് ഐകാബിയുമായി ഇടപെട്ടു വരികയാണെന്നും വക്താവ് പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a</a

Leave A Reply

Your email address will not be published.