head3
head1

താലയില്‍ ശക്തി തെളിയിച്ച് ഇമാം അനുകൂലികള്‍ , അയര്‍ലണ്ടിലെ മുസ്ലിം പള്ളികള്‍ക്ക് കാവലൊരുക്കണം ,

ഡബ്ലിന്‍ : അയര്‍ലണ്ടിലെ മുസ്ലിം പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സുരക്ഷാ ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ചീഫ് ഇമാം ഡോ ഉമര്‍ അല്‍ ഖാദ്രി.മുസ്ലീം പള്ളികളും സൈറ്റുകളും വിദ്വേഷത്തിനിരയാകുന്നത് കൂടിവരുകയാണ്. ഈ സാഹചര്യത്തില്‍ എന്തെങ്കിലും സംഭവിക്കുന്നത് തടയാന്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കണമെന്നാണ് ഇമാമിന്റെ ആവശ്യം. കഴിഞ്ഞ ആഴ്ച താലയില്‍ ആക്രമണത്തിനിരയായതിന്റെ പശ്ചാത്തലത്തില്‍ ആര്‍ ടി ഇ റേഡിയോയുടെ ന്യൂസ് അറ്റ് വണ്ണില്‍ സംസാരിക്കുകയായിരുന്നു ഡബ്ലിന്‍ ഇമാം.

എല്ലാ മതനേതാക്കളും അയര്‍ലണ്ടിലെ എല്ലാ ഇമാമുമാരും സുരക്ഷയും മുന്‍കരുതലുകളും ശക്തിപ്പെടുത്തേണ്ടതുണ്ട്.ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കാനും കാണാനെത്തുന്ന ആളുകളെ മുന്‍കൂട്ടി അറിയാനും ശ്രദ്ധിക്കണം.മുസ്ലീം പള്ളികളുടെയും ആരാധനാലയ സ്ഥാപനങ്ങളുടെയും സുരക്ഷ വര്‍ധിപ്പിക്കണം.ഇമാം ആവശ്യപ്പെട്ടു.

അതിശയിപ്പിക്കുന്നതും അതുല്യവുമായ രാജ്യമാണ് അയര്‍ലണ്ട്. എന്നാലും വെറുപ്പില്‍ നിന്ന് മുക്തമാണെന്ന് അര്‍ത്ഥമാക്കേണ്ടതില്ല.വിദ്വേഷം നുഴഞ്ഞുകയറിയിട്ടില്ലാത്തവരാണെന്നും അതിനര്‍ഥമില്ല.തെറ്റായത് സംഭവിക്കാതിരിക്കാന്‍ കമ്യൂണിറ്റിയെ കേന്ദ്രീകരിച്ച് സുരക്ഷാ നടപടികളെല്ലാം ഉറപ്പാക്കേണ്ടതുണ്ടെന്നും ഇമാം പറഞ്ഞു.

തനിക്കെതിരായ ആക്രമണം ബോധപൂര്‍വം മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നുവെന്ന് ഡോ. അല്‍ ഖദ്രി പറഞ്ഞു.ലക്ഷ്യം കവര്‍ച്ചയായിരുന്നില്ല.ഒരു സമുദായത്തിന്റെ നേതാവിന് നേരെയുണ്ടായ ആക്രമണമെന്ന നിലയില്‍ അതില്‍ ആശങ്കപ്പെട്ട് നിരവധി ആളുകള്‍ ബന്ധപ്പെട്ടിരുന്നു.

ഗാര്‍ഡ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ ,കാത്തിരിക്കാമെന്ന നിലപാടാണുള്ളത്. കുറ്റവാളികള്‍ ആരാണെന്നും ലക്ഷ്യം എന്താണെന്നും കണ്ടെത്തേണ്ടതുണ്ട്.തനിക്കു നേരെയുള്ള ആക്രമണം വ്യക്തിപരമാണെങ്കില്‍ കൂടിയും അത് കാര്യങ്ങളെ മാറ്റി മറിക്കും. കാരണം അയര്‍ലണ്ടിലെ മത നേതാവാണ് താന്‍. 21 വര്‍ഷമായി അയര്‍ലണ്ടിലുള്ള താന്‍ തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരെ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ അങ്ങനെയുള്ളയാളെയാണ് ആക്രമിച്ചിരിക്കുന്നതെന്ന് ഡോ. അല്‍ ഖാദ്രി പറഞ്ഞു.

കുറേ മാസങ്ങളായി വംശീയതയ്‌ക്കെതിരെയും മുസ്ലീം വിരുദ്ധ, കുടിയേറ്റ വിരുദ്ധ വികാരങ്ങളുടെ അതിപ്രസരത്തിനെതിരെയും സംസാരിച്ചു. ഇപ്പോള്‍ പെട്ടെന്നാണ് ആക്രമിക്കപ്പെട്ടത്. അതിനാല്‍ ആക്രമണം യാദൃശ്ചികമല്ല, ആസൂത്രിതമാണ്.

എന്നാല്‍ ഇമാമിനെതിരെ നടന്നത് മോഷണശ്രമമാണ് എന്നാണ് ഗാര്‍ഡ പ്രാഥമിക അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ചത്.അയര്‍ലണ്ടില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രം നുഴഞ്ഞ് കയറിയ നാല്പത്തിനായിരത്തോളം അനധികൃത കുടിയേറ്റക്കാരെ സംരക്ഷിച്ചു നിര്‍ത്തുവാന്‍ സഹതാപം പിടിയ്ക്കാനുള്ള അടവാണ് ഇമാമിന്റെ കണ്ണുനീരെന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്.

പിന്തുണയുമായി സിന്‍ ഫെയ്നും ,മുസ്‌ളീം സമൂഹവും

താല : ഐറിഷ് മുസ്ലിം കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ ചീഫ് ഇമാം ഷെയ്ഖ് ഡോ. ഉമര്‍ അല്‍ ഖാദ്രിക്കെതിരായ ആക്രമണത്തെ അപലപിച്ച് തിങ്കളാഴ്ച താലയില്‍ പ്രകടനവും കൂട്ടായ്മയും നടത്തപ്പെട്ടു. അയര്‍ലണ്ടിലെ തീവ്ര വലതുപക്ഷ വിരുദ്ധ സഖ്യമായ ലെ ചെയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സിന്‍ഫെയ്ന്‍, സോളിഡാരിറ്റി പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് എന്നിവയാണ് ഈ സഖ്യത്തിലെ മറ്റ് കക്ഷികള്‍.

ഇമാമിനെതിരെയുള്ള ആക്രമണം കെട്ടുകഥയാണെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അതിനെ ചെറുക്കുന്നതിന് കൂടിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതെന്നാണ് സൂചന.

നടന്നത് വംശീയ ആക്രമണമെന്ന് പോള്‍ മര്‍ഫി ടി ഡി

ഇമാം എന്താണോ അതിനാലാണ് അദ്ദേഹം ആക്രമിക്കപ്പെട്ടതെന്ന് പരിപാടിയെ അഭിസംബോധന ചെയ്ത ഡബ്ലിന്‍ സൗത്ത്-വെസ്റ്റ് ടി ഡി ഡോ. പോള്‍ മര്‍ഫി പറഞ്ഞു.അവിടെ നടന്ന കാര്യങ്ങള്‍ നാട്ടുകാര്‍ നേരില്‍ക്കണ്ടതാണ്. അവരാണ് ആക്രമണത്തെ തടയാന്‍ രംഗത്തുവന്നത്.

ആക്രമണത്തിനും വിഭാഗീയതയ്ക്കും എതിരെ നിലകൊള്ളുന്ന യഥാര്‍ത്ഥ സമൂഹമാണ് താലയിലേതെന്ന് ടി ഡി പറഞ്ഞു.ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി വീട്ടില്‍ വിശ്രമത്തിലായതിനാല്‍ പരിപാടിക്കെത്താന്‍ ഇമാമിന് കഴിഞ്ഞില്ല.എന്നാല്‍ അദ്ദേഹത്തിന്റെ സന്ദേശം മര്‍ഫി പങ്കുവെച്ചു.ആക്രമണത്തില്‍ ഇമാമിന്റെ മുഖത്ത് പരിക്കേറ്റിരുന്നു.പല്ലൊടിഞ്ഞു പോയിരുന്നു.

ആക്രമണകാരികളോട് ക്ഷമിക്കണമെന്ന് ഡോ. അല്‍ ഖദ്രി

ആക്രമണം നടത്തിയവരോട് ക്ഷമിക്കണമെന്ന് ഡോ. അല്‍ ഖദ്രി സന്ദേശത്തില്‍ പറഞ്ഞു.വെല്ലുവിളി നിറഞ്ഞ സമയത്ത് നല്‍കിയ പിന്തുണയും സഹായവും ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചതായി ഇമാം സന്ദേശത്തില്‍ പറഞ്ഞു.നിര്‍ഭാഗ്യകരമായ സംഭവം ഗാര്‍ഡ സജീവമായി അന്വേഷിക്കുന്നുണ്ടെന്ന് ഉറപ്പ് നല്‍കുന്നു. ആക്രമണം നടത്തിയവരുമായി സംസാരിക്കാനും ക്ഷമിക്കാനുമാണ് ആഗ്രഹിക്കുന്നത് .
കമ്മ്യൂണിറ്റിക്കുള്ളില്‍ പരസ്പര ധാരണയും ഐക്യവും വളര്‍ത്തുന്നതിന് പ്രവര്‍ത്തിക്കുമെന്ന് ഡോ. അല്‍-ഖാദ്രി പറഞ്ഞു.

ഫെബ്രുവരി 15ന് വൈകീട്ട് ഐറിഷ്-പാകിസ്ഥാന്‍ പൗരനുമായി ഒരു വിവാഹവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനെത്തിയ ഇമാമിനെയാണ് രണ്ടു പേര്‍ മര്‍ദ്ദിച്ചത്.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a

Comments are closed.