head1
head3

പൂര്‍ണ്ണമായി വാക്സിനേഷനില്ലാത്തവര്‍ സമ്മര്‍ അവധിക്കാലം ആഘോഷിക്കരുതെന്ന എന്‍ഫെറ്റ് ഉപദേശം വിവാദത്തില്‍

ഡബ്ലിന്‍ : വിദേശയാത്രാ ക്രമീകരണങ്ങളില്‍ അവ്യക്തത തുടരുന്നത് ട്രാവല്‍ ഏജന്റുമാരെ വെട്ടിലാക്കുന്നു. ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ യാത്ര ചെയ്യാമെന്ന് കരുതിയിരിക്കെ പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവര്‍ സമ്മര്‍ അവധിക്കാലം ആഘോഷിക്കരുതെന്ന പൊതുജനാരോഗ്യ ഉപദേശം നിലനില്‍ക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് സിഎംഒ പ്രസ്താവിച്ചത്.ഇതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയാവശ്യപ്പെട്ട് ഐറിഷ് ട്രാവല്‍ ഏജന്റ്സ് അസോസിയേഷന്‍ രംഗത്തുവന്നു.ഇയു ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് ജൂലൈ 19 മുതലാണ് അയര്‍ലണ്ടില്‍ പ്രാബല്യത്തില്‍ വരുന്നത്.

പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ആളുകള്‍ സമ്മറില്‍ വിദേശയാത്ര ഒഴിവാക്കണമെന്ന ചീഫ് മെഡിക്കല്‍ ഓഫീസറുടെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് അസോസിയേഷന്‍ ആരോപിക്കുന്നു.

ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റനുസരിച്ച് പൂര്‍ണ്ണമായി വാക്സിനെടുത്തവര്‍ക്ക് മാത്രമല്ല,നെഗറ്റീവ് രേഖപ്പെടുത്തിയവര്‍ക്കും യാത്ര യൂറോപ്പിലുടനീളം സാധ്യമാണ്. ഈ സാഹചര്യത്തില്‍ സിഎംഒയുടെ പ്രസ്താവന തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് പോള്‍ ഹാക്കറ്റ് ചൂണ്ടിക്കാട്ടുന്നു.ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റില്‍ വാക്സിനെടുക്കാത്ത ആളുകളോട് വിവേചനം കാണിക്കുന്നില്ലെന്നത് ഓര്‍മ്മിക്കണം.സിഎംഒ പറയുന്നത് ഇതിന് കടകവിരുദ്ധമാണ്. ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് യാത്ര പാടില്ലെന്നാണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്്തമാക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.’ആര്‍ക്കാണ് യാത്ര ചെയ്യാന്‍ കഴിയുക എന്നതിനെക്കുറിച്ച് ആദ്യം സര്‍ക്കാര്‍ ഒരു തീരുമാനത്തിലെത്തണം’ .

ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കേഷന്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റല്ല. വാക്സിനേഷന്‍ എടുത്തിട്ടില്ലാത്തവരോട് വിവേചനം കാണിക്കാതിരിക്കാനാണ് ഇത് രൂപകല്‍പ്പന ചെയ്തത്.അതുകൊണ്ടാണ് നെഗറ്റീവ് പരിശോധനാ ഫലമുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്നും ഇദ്ദേഹം പറയുന്നു.

സിഎംഒയെ പിന്താങ്ങി എച്ച.എസ്.ഇയും

അതിനിടെ, വിദേശത്തേക്ക് പോകുന്നവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതാണ് ഏറ്റവും നല്ലതെന്ന് അഭിപ്രായപ്പെട്ട് എച്ച് എസ് ഇ ചീഫ് ക്ലിനിക്കല്‍ ഓഫീസര്‍ ഡോ. കോള്‍ം ഹെന്റിയും രംഗത്തുവന്നു. വൈറസ് വിദേശത്ത് എത്തിക്കില്ലെന്നും അത് നാട്ടിലേക്ക് കൊണ്ടുവരില്ലെന്നും ഉറപ്പുവരുത്തുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗമാണ് വാക്സിനേഷനെന്ന് ഇദ്ദേഹം പറഞ്ഞു.കുത്തിവയ്പ് എടുത്തില്ലെങ്കില്‍ ആളുകള്‍ വിദേശത്തേക്ക് പോകരുതെന്ന് തന്നെയാണ് പൊതുജനാരോഗ്യ ഉപദേശമെന്ന് ഡോക്ടര്‍ ഹെന്റിയും പറഞ്ഞു.നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ വിദേശത്ത് വച്ച് രോഗം ബാധിക്കാനും അതിനെ നാട്ടിലേക്ക് കൊണ്ടുവരാനുമുള്ള സാധ്യത കൂടുതലാണെന്ന് ഡോ. ഹെന്‍ട്രി ചൂണ്ടിക്കാട്ടുന്നു.

റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് പ്രോഗ്രാം എന്‍ഫെറ്റ് വൈകിപ്പിക്കുന്നെന്നും ആക്ഷേപം

അതേസമയം, വ്യോമയാത്രികര്‍ക്കായുള്ള റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിംഗ് പൈലറ്റ് പ്രോഗ്രാം അനാവശ്യമായി വൈകിപ്പിക്കുന്നതായി ആരോപിച്ച് ഗതാഗത ഒയ്റിയാച്ചാസ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രംഗത്തുവന്നു.
സര്‍ക്കാര്‍ നിയോഗിച്ച കോവിഡ് -19 റാപ്പിഡ് ടെസ്റ്റിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് (ഫെര്‍ഗൂസണ്‍ റിപ്പോര്‍ട്ട്)എന്‍ഫെറ്റ് ഇതുവരെ ചര്‍ച്ച ചെയ്യുകയോ പരിഗണിക്കുകയോ ചെയ്തിട്ടില്ലെന്ന് ഒയ്റിയാച്ചാസ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കീരന്‍ ഒ’ഡോണല്‍ പറഞ്ഞു.ഈ റിപ്പോര്‍ട്ട് ഉടന്‍ പരിഗണിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.പൈലറ്റ് പ്രോഗ്രാം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫെറ്റിനും ആരോഗ്യമന്ത്രിക്കും ഇദ്ദേഹം കത്തും നല്‍കി.

മൂന്ന് മാസം മുമ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, കോവിഡ് -19 റാപ്പിഡ് ടെസ്റ്റിംഗ് ഗ്രൂപ്പ് സീരിയല്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റിംഗിന്റെ പൈലറ്റ് പ്രോഗ്രാമുകള്‍ വ്യോമയാന മേഖല ഉള്‍പ്പെടെ വിവിധ മേഖലകളിലും വേഗത്തില്‍ ആരംഭിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. വ്യോമയാനത്തിനായി ഒരു പൈലറ്റ് പ്രോഗ്രാമില്‍ എന്തുകൊണ്ടാണ് ഇത്രയും കാലതാമസം സംഭവിച്ചതെന്ന് വ്യക്തത ആവശ്യമാണെന്ന് ഓ’ഡോണല്‍ പറഞ്ഞു.റാപ്പിഡ് ആന്റിജന്‍ പരിശോധന ഉള്‍പ്പെടെ കോവിഡ് -19 പൊതുജനാരോഗ്യ ടൂള്‍കിറ്റിന്റെ ഭാഗമായി ലഭ്യമായ എല്ലാ കോവിഡ് -19 ടെസ്റ്റിംഗ് ഓപ്ഷനുകളും പൂര്‍ണ്ണമായി ഉപയോഗിക്കണമെന്നാണ് സമിതിയുടെ നിലപാട്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More