ഡബ്ലിന്‍ : അച്ഛനും മക്കളും തമ്മിലുള്ള ബന്ധം ജീവിതത്തിന് നല്‍കുന്ന ഊഷ്മളത ചെറുതല്ല. അച്ഛന്റെ സ്നേഹമറിയുന്ന മക്കള്‍ പൊതുവെ സന്തുഷ്ടരും ഉത്കണ്ഠ കുറഞ്ഞവരും നല്ല ശാരീരിക ശേഷിയുള്ളവരുമായിരിക്കുമെന്ന് അയര്‍ലണ്ടിലെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണം പറയുന്നു. യാഥാസ്ഥിതിക വീക്ഷണത്തോടെ എപ്പോഴും ‘അപ്പന്‍’ എന്ന കടുംപിടുത്തം തുടരാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ പിള്ളേരുടെ കാര്യം പോയി. സാമ്പത്തിക ഉത്തരവാദിത്തം നിറവേറ്റുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ട് കുട്ടികളുമായി ഇടപഴകുന്നതില്‍ പിശുക്കു കാട്ടിയാലും പണിയാകും. കുട്ടികളുമായി നല്ല ബന്ധങ്ങളുണ്ടാവില്ല. അവര്‍ രക്ഷിതാക്കളില്‍ നിന്നും അകന്നുപോവുകയും ചെയ്യും.
ഒമ്പത് വയസ്സുള്ള കുട്ടികളില്‍ 78% പേരും അച്ഛനുമായി നല്ല രീതിയില്‍ ഇടപഴകുന്നതായി ഗവേഷണം പറയുന്നു. കുട്ടികളില്‍ 84% പേരും അവരുടെ പ്രശ്‌നങ്ങള്‍ അച്ഛനുമായി പങ്കുവെയ്ക്കുമെന്നും ഗ്രോയിംഗ് അപ്പ് ഇന്‍ അയര്‍ലണ്ട് പഠനം വെളിപ്പെടുത്തുന്നു.
ഒമ്പത് മാസം മുതല്‍ ഒമ്പത് വയസ്സ് വരെ പ്രായമുള്ള കുട്ടികളുമായുള്ള പിതാവിന്റെ ഇടപെടല്‍ മുന്‍നിര്‍ത്തിയുള്ള ഗവേഷണമാണ് ഗ്രോയിംഗ് അപ്പ് ഇന്‍ അയര്‍ലണ്ട് നടത്തിയത്. ശിശുക്ഷേമ വകുപ്പുമായി സഹകരിച്ചാണ് ഇഎസ്ആര്‍ഐ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
മക്കളെ പങ്കാളിയെപ്പോലെ സ്നേഹിക്കുന്ന അച്ഛന്മാര്‍
ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പങ്കാളിയ്ക്ക് തുല്യമായ പ്രാധാന്യമാണ് പകുതിയോളം അച്ഛന്മാരും നല്‍കുന്നതെന്ന് ഗവേഷണം പറയുന്നു. അച്ഛന്മാര്‍ കുട്ടികളെ പരിപാലിക്കുകയും ഒപ്പം കളിക്കുകയുമൊക്കെ ചെയ്യുന്നു. എന്നാല്‍ അമ്മമാര്‍ കുഞ്ഞിന് ഭക്ഷണം കൊടുക്കുക, വസ്ത്രം ധരിപ്പിക്കുക, കുളിപ്പിക്കുക തുടങ്ങിയ വ്യക്തിപരമായ പരിചരണത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. ഫുള്‍ ടൈം ജോലിക്കാരായ അമ്മമാര്‍ ഉള്ളിടത്ത് അച്ഛന്മാര്‍ ഈ റോള്‍ കൂടി ഏറ്റെടുക്കുന്നു. ഈ പരിചരണം അഞ്ച് മുതല്‍ ഒമ്പതു വയസ്സു വരെയുള്ളവരില്‍ വലിയ സ്വാധീനം ചെലുത്തിയെന്ന് പഠനം പറയുന്നു.
വളരുന്തോറും മുറുകുന്ന ബന്ധം
കുട്ടി വളരുന്നതിനനുസരിച്ച് ആ ബന്ധവും വളരുന്നു. ഔട്ടിംഗുകളിലും വായനയിലും ഗെയിമുകള്‍ കളിക്കുന്നതിലും സ്പോര്‍ട്സിലും മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളിലേയ്ക്കുമെല്ലാം അത് വ്യാപിക്കുന്നു. പെണ്‍മക്കളേക്കാള്‍ ആണ്‍മക്കളോടൊപ്പമാണ് ഈ പ്രവര്‍ത്തനങ്ങളില്‍ അച്ഛന്മാര്‍ കൂടുതലും ഏര്‍പ്പെടുന്നത്. ഉന്നത വിദ്യാഭ്യാസമുള്ള അച്ഛന്മാരാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. ഇവര്‍ക്കിടയില്‍ സംഘര്‍ഷവും കുറവായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ അച്ഛന്മാരെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ആദ്യമായി അച്ഛനായവരിലാണ് ഇത്തരം സമ്മര്‍ദ്ദവും ഫീലിംഗ്സും കൂടുതല്‍ കണ്ടതെന്ന് പഠനം പറയുന്നു .കുട്ടികളെ പരിപാലിക്കുന്നതിലും അവരുമായി കളിക്കുന്നതിലും പിതാവിന്റെ ആദ്യകാല ഇടപെടലിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് പഠനം ഓര്‍മ്മപ്പെടുത്തുന്നു.
സര്‍ക്കാര്‍ ഇടപെടലുണ്ടാകണം…
കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരുന്നത് അച്ഛന്മാര്‍ക്ക് ഇത്തരം ഇടപെടലിന് തടസ്സമുണ്ടാക്കുന്നുണ്ട്. കുട്ടിക്ക് അഞ്ച് വയസ്സുള്ളപ്പോള്‍ കുടുംബ-സൗഹൃദാന്തരീക്ഷം പ്രയോജനപ്പെടുത്തിയ അച്ഛന്മാര്‍ക്ക് നാല് വര്‍ഷത്തിന് ശേഷവും കുട്ടികളുടെ ജീവിതത്തില്‍ കൂടുതല്‍ ഇടപെടാന്‍ കഴിഞ്ഞെന്നും പഠനം പറയുന്നു. കുട്ടികളുടെ ആദ്യ കാലത്ത് ഇടപെടലുകളെ പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങള്‍ ഇവര്‍ക്ക് ഒരുക്കിക്കൊടുക്കാന്‍ സര്‍ക്കാരും തൊഴിലുടമകളും ശ്രദ്ധിക്കണമെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ എമര്‍ സ്മിത്ത് പറയുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളിന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/JzpXB775jusJD1C2xHcFqm </strong
Comments are closed.