head1
head3

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ജോലി സമയം ആഴ്ചയില്‍ 30 മണിക്കൂറാക്കണമെന്ന ആവശ്യമുയര്‍ത്തി സംഘടനകള്‍

ഡബ്ലിന്‍ : തൊഴിലുടമകളുടെ ചൂഷണത്തെ ചെറുക്കുന്നതിനും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും കൂടുതല്‍ സമയം ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ സംഘടന.

പാര്‍ലമെന്ററി സമിതിയിലാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ ജോലി സമയം ആഴ്ചയില്‍ 30മണിക്കൂര്‍ ദീര്‍ഘിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചത്.

പഠനത്തിനായി പ്രത്യേക വിസയില്‍ അയര്‍ലണ്ടിലെത്തുന്ന നോണ്‍ യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മറില്‍ മാത്രമേ 40 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ അനുവാദമുള്ളു. മറ്റ് സമയത്ത് ആഴ്ചയില്‍ 20 മണിക്കൂര്‍ എന്ന നിബന്ധനയുണ്ട്.ഇത് വളരെ അപര്യാപ്തമാണ്.
സര്‍ക്കാരിന്റെ നിയന്ത്രണമില്ലാത്തതിന്റെ പ്രശ്നങ്ങളും വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ചൂഷണവും തട്ടിപ്പുമൊക്കെ സമിതിക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ടു.

20 മണിക്കൂര്‍ കൊണ്ട് ഒന്നുമാകില്ല

ആഴ്ചയില്‍ 20 മണിക്കൂര്‍ സമയം ജോലി ചെയ്യുന്നതിലൂടെ ലഭിക്കുന്ന വേതനം കൊണ്ട് ജീവിക്കാനാവില്ലെന്ന് പ്രതിനിധികള്‍ വ്യക്തമാക്കി.അതിനാല്‍ ജീവിതച്ചെലവുകള്‍ താങ്ങാനായി നിയമവിരുദ്ധമായി കൂടുതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു.മിനിമം വേതനത്തിന് താഴെ മാത്രമാണ് ശമ്പളം ലഭിക്കുന്നത്. കൂടുതല്‍ സമയം ജോലി ചെയ്യേണ്ടതായും വരുന്നു. എന്നിട്ടുപോലും ജീവിക്കാനുള്ള പണം കിട്ടുന്നില്ല.അതിനാല്‍ ഇടയ്ക്ക് പഠനം നിര്‍ത്തേണ്ടതായും വരുന്നു.

ജോലി സമയം ആഴ്ചയില്‍ 30 മണിക്കൂര്‍ എന്നത് നിയമപരമാക്കി മാറ്റിയാല്‍ പ്രശ്നം പരിഹരിക്കാനാകുമെന്ന് ഇംഗ്‌ളീഷ് ഭാഷ പഠന സംഘടനയുടെ പ്രതിനിധി ഫിയക്ര ഒ ലുവെയന്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ ഇടപെടലും മേല്‍നോട്ടവും വേണം

ഈ മേഖലയില്‍ സര്‍ക്കാരിന്റെ കൂടുതല്‍ ഇടപെടലും മേല്‍നോട്ടവുമുണ്ടാകണമെന്ന് ഐറിഷ് കൗണ്‍സില്‍ ഫോര്‍ ഓവര്‍സീസ് സ്റ്റുഡന്റ്സ് (ഐ സി ഒ എസ്)ആവശ്യപ്പെട്ടു.ഇതിനായി എക്സ്റ്റേണല്‍ റഗുലേറ്ററി ബോഡി സ്ഥാപിക്കണമെന്ന ആവശ്യവും സംഘടന മുന്നോട്ടുവെച്ചു. മറ്റു യൂണിവേഴ്സിറ്റികളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥി പ്രതിനിധികളും ഹിയറിംഗിനെത്തിയിരുന്നു.

അയര്‍ലണ്ടിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കുന്നവരാണ് ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍. എന്നാല്‍ ഇവിടുത്തെ ജീവിതച്ചെലവും താമസസൗകര്യങ്ങളുടെ പ്രശ്നങ്ങളുമൊന്നും താങ്ങാനാവുന്നതല്ല. താമസസൗകര്യവുമായി ബന്ധപ്പെട്ട് പലവിധ തട്ടിപ്പുകള്‍ക്കും ഇവര്‍ ഇരയാകുന്നുണ്ട്.മാത്രമല്ല സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ അന്യായമായി പുറത്താക്കിയ സംഭവങ്ങളുമുണ്ടെന്നും സംഘടന വെളിപ്പെടുത്തി.

വിചിത്രമായ തീരുമാനമെന്ന് എം ഇ ഐ

ഹിയറിംഗിനെത്തിയ മറ്റ് സംഘടനകളും ഈ ആവശ്യത്തെ പിന്തുണച്ചു.ഈ മേഖലയിലെ പ്രശ്നങ്ങള്‍ എടുത്തു പറഞ്ഞു.വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും വിദ്യാര്‍ത്ഥികളുടെ ജോലി സമയം 20 മണിക്കൂറായി പരിമിതപ്പെടുത്താനുള്ള തീരുമാനം വളരെ വിചിത്രമാണെന്നും ഈ മേഖലയിലെ സ്‌കൂളുകളെ പ്രതിനിധീകരിക്കുന്ന മാര്‍ക്കറ്റിംഗ് ഇംഗ്ലീഷ് ഇന്‍ അയര്‍ലന്‍ഡ് (എം ഇ ഐ) പറഞ്ഞു.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട് അയര്‍ലണ്ടില്‍ ബില്യണുകളുടെ മൂല്യമുള്ള ബിസിനസ്സാണ് നടക്കുന്നത്. ഇംഗ്‌ളീഷ് ഭാഷ പഠിപ്പിക്കാന്‍ മാത്രം 3000 അധ്യാപകര്‍ രംഗത്തുണ്ടെന്നും സംഘടന വിശദീകരിച്ചു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a</a

Comments are closed.

error: Content is protected !!