head3
head1

അയർലണ്ട് ഒരുങ്ങി,ദേശമെങ്ങും സെന്റ് പാട്രിക്‌സ് ദിനത്തിന്റെ ആഹ്ളാദതിമിർപ്പിൽ

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ ദേശിയ ദിനാഘോഷത്തിന് രാജ്യമെങ്ങും വ്യാപകമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകുന്നു. ഐറിഷ് സാംസ്‌കാരിക കലണ്ടറിലെ ഏറ്റവും വലിയ ആഘോഷത്തില്‍ രാജ്യവ്യാപകമായി ഞായറാഴ്ച നടത്തപ്പെടുന്ന അഞ്ഞൂറോളം പരേഡുകളിലായി രണ്ട് ദശലക്ഷത്തിലധികം പേര്‍ പങ്കെടുക്കും.നിരവധി കലാ സാംസ്‌കാരിക പരിപാടികളും അയര്‍ലണ്ടിലുടനീളം സംഘടിപ്പിച്ചിട്ടുണ്ട്.

ആഘോഷ പരിപാടികളില്‍ പങ്കെടുക്കാനായി രണ്ടര ലക്ഷത്തോളം ഇതിനകം തന്നെ രാജ്യത്ത് എത്തിയിട്ടുണ്ട്.

ഡബ്ലിന്‍ പരേഡ്

തലസ്ഥാന നഗരമായ ഡബ്ലിനില്‍ അമ്പതിനായിരം പേരെങ്കിലും പരേഡിനായി അണിനിരക്കുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. നോര്‍ത്ത് അമേരിക്ക, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള 4,000-ത്തിലധികം പേര്‍ പങ്കെടുക്കുന്ന ആറ് വലിയ ടീമുകളും , 11 ഷോപീസുകളും 14 മാര്‍ച്ചിംഗ് ബാന്‍ഡുകളും പരേഡിനെ ആകര്‍ഷകമാക്കും..

ഡബ്ലിന്‍ സെന്റ് പാട്രിക്‌സ് ഡേ പരേഡ് മാര്‍ച്ച് 17 ഞായറാഴ്ച ഉച്ചയ്ക്ക് കൃത്യം 12 മണിക്ക് ആരംഭിക്കും.പാര്‍നെല്‍ സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച് ഓ ‘കോണല്‍ സ്ട്രീറ്റ് , ഒകോണല്‍ ബ്രിഡ്ജ് , ഡെം സ്ട്രീറ്റ്, ലോര്‍ഡ് എഡ്വേര്‍ഡ് സ്ട്രീറ്റ്, നിക്കോളാസ് സ്ട്രീറ്റ്, പാട്രിക്‌സ് സ്ട്രീറ്റ് വഴി എത്തുന്ന പരേഡ് കെവിന്‍ സ്ട്രീറ്റില്‍ അവസാനിക്കും.

സെന്റ് പാട്രിക്‌സ് ഡേ പരേഡ് നടക്കുന്ന സമയങ്ങളില്‍ സിറ്റിയില്‍ പ്രവേശിപ്പിക്കാതെ എല്ലാ വാഹനങ്ങളും നോര്‍ത്ത് ,സൗത്ത് സര്‍ക്കുലര്‍ റോഡുകളിലൂടെ തിരിച്ചുവിടും.

ഇന്റര്‍സിറ്റി ട്രെയിനുകളും ഡാര്‍ട്ടുകളും സെന്റ് പാട്രിക്‌സ് ഡേയില്‍ ഞായറാഴ്ച ടൈംടേബിളില്‍ പ്രവര്‍ത്തിക്കും, ലുവാസ് റെഡ് ലൈന്‍, ഗ്രീന്‍ ലൈന്‍ പരേഡ് കടന്നുപോകുന്ന സമയത്ത് ,തടസപ്പെട്ടേക്കാം. പരേഡിലേക്ക് പോകുന്നവരുടെ സൗകര്യത്തിനായി അധിക ഡാര്‍ട്ട്, കമ്മ്യൂട്ടര്‍ സേവനങ്ങള്‍ ഉണ്ടായിരിക്കും.

സെന്റ് പാട്രിക്‌സ് ഡേയില്‍, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി താരാ സ്ട്രീറ്റ് സ്റ്റേഷന്‍ വൈകുന്നേരം 4 മണി വരെ അടച്ചിടുമെന്ന് ഡാര്‍ട്ട് സര്‍വീസിന്റെ അറിയിപ്പില്‍ പറയുന്നു. അതിനാല്‍ അവിടെ ഇറങ്ങേണ്ട യാത്രക്കാര്‍ കനോലിയിലോ പിയേഴ്സിലോ ഇറങ്ങേണ്ടിവരും.ഡബ്ലിന്‍ ബസ് സര്‍വീസുകള്‍ ഞായറാഴ്ച ടൈംടേബിളില്‍ പ്രവര്‍ത്തിക്കും, സിറ്റി ടൂറുകള്‍ പ്രവര്‍ത്തിക്കില്ല. .

പരേഡ് ഒരു പോയിന്റ് കടന്നുപോകാന്‍ ഏകദേശം രണ്ട് മണിക്കൂര്‍ എടുക്കും

ഫെസ്റ്റിവല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോളിന്‍സ് ബാരക്കിലുള്ള നാഷണല്‍ മ്യൂസിയം ഓഫ് അയര്‍ലണ്ടിലും ,നഗരത്തിലുടനീളവും കലാ സാംസ്‌കാരിക പരിപാടികളും ഗിഗുകളും പാര്‍ട്ടികളും അരങ്ങുതകര്‍ക്കും.

സിയോള്‍ട്ട സര്‍ക്കസും കുട്ടികള്‍ക്കായി ഒരു മിനി ഫണ്‍ഫെയറും ഐറിഷ് ഫുഡ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജുമായി നഗരം ഒരുങ്ങി കഴിഞ്ഞു.

സംഗീതജ്ഞരായ ദി ഡെഡ്ലിയന്‍സ്, നിയാം ബറി, ലൂയിസ് മുല്‍കാഹി എന്നിവര്‍ നാളെ രാത്രി അരങ്ങിലെത്തും.മുന്‍ റിവര്‍ഡാന്‍സ് നര്‍ത്തകി ഡിയര്‍ദ്ര ലെനന്‍ നയിക്കുന്ന ഇന്ററാക്ടീവ് സെയ്ലി മോര്‍ നാളത്തെ പ്രത്യേകതയാണ്.

കോര്‍ക്ക്

വാര്‍ഷിക കോര്‍ക്ക് സിറ്റി പരേഡ് ഉള്‍പ്പെടെ നിരവധി പരിപാടികളോടെ സെന്റ് പാട്രിക് ദിനം ആഘോഷിക്കാന്‍ കോര്‍ക്ക് നഗരവും ഒരുങ്ങി.

ഫ്‌ലോട്ടുകള്‍, ബാന്‍ഡുകള്‍, കലാസംഘങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ . പരേഡ് ഉച്ചയ്ക്ക് 1 മണിക്ക് സൗത്ത് മാളില്‍ നിന്ന് ആരംഭിച്ച് ഗ്രാന്‍ഡ് പരേഡിലൂടെ പാട്രിക്‌സ് സ്ട്രീറ്റിലൂടെ കടന്നുപോയി , മര്‍ച്ചന്റ്‌സ് ക്വേയില്‍ സമാപിക്കും.

കില്‍ക്കെന്നി

കില്‍കെന്നിയിലെ 2024 സെന്റ് പാട്രിക്‌സ് ഡേ പരേഡ് ഉച്ചയ്ക്ക് 1.30 ന് ആരംഭിക്കും.  ആയിരക്കണക്കിന് പേർ   പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പരേഡ് ജോണ്‍ സ്ട്രീറ്റില്‍ നിന്ന് ആരംഭിച്ച് റോസ് ഇന്‍ സ്ട്രീറ്റ്, പരേഡ് (റിവ്യൂ സ്റ്റാന്‍ഡ്), ഹൈ സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെ കടന്ന് മാര്‍ക്കറ്റ് യാര്‍ഡില്‍ സമാപിക്കും.

ലിമെറിക്ക്

നഗരത്തിലെ സെന്റ് പാട്രിക്‌സ് ഡേ പരേഡ് ഞായറാഴ്ച ഉച്ചയ്ക്ക് ഒ’കോണല്‍ അവന്യൂവില്‍ ആരംഭിക്കും.

റോഡന്‍ സ്ട്രീറ്റ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച്, ഓ’കോണല്‍ അവന്യൂ, ക്രസന്റ്, ഒ’കോണല്‍ സ്ട്രീറ്റ്, ഗ്ലെന്റ്വര്‍ത്ത് സ്ട്രീറ്റ്, ഹെന്റി സ്ട്രീറ്റ് വഴി ലിഡി സ്ട്രീറ്റിലേക്കും ആര്‍തേഴ്സ് ക്വയ് പാര്‍ക്ക് , വഴി മാത്യു ബ്രിഡ്ജിലൂടെ റൂട്ട്ലാന്‍ഡ് സ്ട്രീറ്റില്‍ പരേഡ് സമാപിക്കും.

മാര്‍ച്ച് 18 തിങ്കളാഴ്ച ലിമെറിക്ക് നഗരത്തിലെ തെരുവുകളില്‍ പ്രശസ്തമായ അന്താരാഷ്ട്ര ബാന്‍ഡ് ചാമ്പ്യന്‍ഷിപ്പ് പരേഡ് നടക്കും.രാവിലെ 11:45 മുതല്‍ ഹാര്‍ട്ട്സ്റ്റോഞ്ച് സെന്റ് ആന്‍ഡ് ക്രസന്റ് ജംഗ്ഷനില്‍ പരേഡിംഗ് ബാന്‍ഡ് ആരംഭിക്കും.

കാലാവസ്ഥ
സെൻ്റ് പാട്രിക്സ് ഡേയിൽ രാജ്യമൊട്ടാകെ  മേഘാവൃതമായിരിക്കുമെങ്കിലും കാലാവസ്ഥ അനുകൂലമായിരിക്കും എന്നാണ്  മെറ്റ് ഏറാൻ നൽകുന്ന സൂചനകൾ. ചെറിയ മഴയോ ചാറ്റൽമഴയോ മാത്രം. ഉച്ചകഴിഞ്ഞ് ഉണ്ടായേക്കാം. പക്ഷേ  താപനില  13 അല്ലെങ്കിൽ 14 ഡിഗ്രി വരെ ഉയർന്നതായിരിക്കും.

ഗോള്‍വേ

ഗോള്‍വേയിലെ പരേഡ് രാവിലെ 11 മണിക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും ആരംഭിച്ച് ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കും.

യൂണിവേഴ്സിറ്റി റോഡ്, കത്തീഡ്രല്‍, സാല്‍മണ്‍ വീര്‍ ബ്രിഡ്ജ്, കോര്‍ട്ട്ഹൗസ് സ്‌ക്വയര്‍, എഗ്ലിന്റണ്‍ സ്ട്രീറ്റ്, വില്യംസ്‌ഗേറ്റ് സ്ട്രീറ്റ്, ഐര്‍ സ്‌ക്വയര്‍, വഴി പ്രോസ്പെക്ട് ഹില്ലില്‍ പരേഡ് സമാപിക്കും.

മാര്‍ച്ച് 18 തിങ്കളാഴ്ച, മ്യൂസിക് ജനറേഷന്‍ യൂത്ത് മ്യൂസിക് ലൈവ്ഫീഡ് നഗരത്തെ സംഗീത സാന്ദ്രമാക്കും. യുവ ഗാനരചയിതാക്കളും ബാന്‍ഡുകളും അവതരിപ്പിക്കുന്നതിനെ തുടര്‍ന്ന് ലിറ്റില്‍ നൈറ്റ് വയലന്‍സ്, റോറി റയാന്‍, അഡോര്‍ എന്നിവരുടെ പ്രകടനങ്ങള്‍.

‘ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ 4 വരെ ലെഷര്‍ലാന്‍ഡിലും സാള്‍റ്റ് ഹില്‍ പാര്‍ക്കിലുമായി റോയിംഗ്, ഗ്ലോ ഗെയിമുകള്‍, അത്ലറ്റിക്സ്, ഡ്രൂമഡോര്‍, യോഗ, അച്ചാര്‍ബോള്‍, ഫെയ്സ് പെയിന്റിംഗ് എന്നിവയും ‘2024 ഫാമിലി ഫണ്‍ ഡേയും പാട്രിക്‌സ് ഫെസ്റ്റിവലിനെ മനോഹരമാക്കും.

വാട്ടര്‍ഫോര്‍ഡ്

അയര്‍ലണ്ടിലെ ആദ്യത്തെ സെന്റ് പാട്രിക്‌സ് ഡേ പരേഡിന് 1903-ല്‍ ആതിഥേയത്വം വഹിച്ച വാട്ടര്‍ഫോര്‍ഡ്, നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരേഡിനാണ് ഇത്തവണ അരങ്ങേറുന്നത്.

സെന്റ് പാട്രിക്‌സ് ഡേ ദേശീയ അവധിയാക്കാനുള്ള പ്രചാരണത്തിന് നേതൃത്വം നല്‍കിയ ഐറിഷ് നഗരം കൂടിയായ വാട്ടര്‍ഫോര്‍ഡ് പ്രാദേശിക കലകളും സംസ്‌കാരവും കായികവിനോദങ്ങളും ആഘോഷിക്കുന്നതിനായി നാല് ദിവസത്തെ ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്..

വാട്ടര്‍ഫോര്‍ഡ് പരേഡ് ഉച്ചയ്ക്ക് 1 മണിക്ക് വാട്ടര്‍ഫോര്‍ഡ് ബസ് സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് ക്വേയിലൂടെ മുന്നോട്ട് പോയി 3 മണിക്ക് ദി മാളില്‍ സമാപിക്കും.

ഇന്ത്യന്‍ സമൂഹം

അയര്‍ലണ്ടിലെമ്പാടുമുള്ള ഇന്ത്യന്‍ സമൂഹം ഇത്തവണയും ആവേശപൂര്‍വ്വമാണ് സെന്റ് പാട്രിക്‌സ് ഡേ പരേഡില്‍ പങ്കെടുക്കാനൊരുങ്ങുന്നത്. സ്റ്റെപ്പാസൈഡ് ,ബ്‌ളാഞ്ചാര്‍ഡ്സ് ടൌണ്‍ എന്നിവയടക്കമുള്ള ഡബ്ലിന്‍ മേഖലയിലെ സിറ്റികളിലും, സ്ലൈഗോ, ആര്‍ഡി , വാട്ടര്‍ഫോര്‍ഡ്,ലീമെറിക്ക് ,കോര്‍ക്ക്,ക്‌ളോണ്‍മല്‍ അടക്കമുള്ള വിവിധ നഗരങ്ങളിലും ഇന്ത്യന്‍ കമ്യൂണിറ്റികള്‍ പരേഡില്‍ അണിചേരും.

എല്ലാ ദേശവാസികൾക്കും,വായനക്കാർക്കും സെന്റ് പാട്രിക്ക്സ് ദിനാശംസകൾ.

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</</a

Comments are closed.