head1
head3

മണിക്കൂറുകള്‍ക്കുള്ളില്‍ പെയ്തത് ഒരു വര്‍ഷത്തെ മുഴുവന്‍ മഴ,സ്പെയിനില്‍ പേമാരിയും വെള്ളപ്പൊക്കവും : 95 പേര്‍ മരിച്ചു

ബാഴ്‌സലോണ :സ്പെയിനിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ ചൊവ്വാഴ്ച പെയ്ത കനത്തമഴയെ ത്തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മരണസംഖ്യ 95 കടന്നു.ഒട്ടേറെപ്പേരെ കാണാതായി. ദുരന്തത്തെ തുടര്‍ന്ന് സ്പെയിന്‍ മൂന്നുദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു.ഒരു വര്‍ഷം ലഭിക്കുന്ന മഴയാണ് ഏതാനും മണിക്കൂറുകളില്‍ പെയ്തത്.കാലാവസ്ഥാ വ്യതിയാനം ഈ മേഖലയില്‍ തീവ്രമായ പ്രകൃതി പ്രതിഭാസങ്ങള്‍ക്ക് കാരണമാകുന്നതായി ശാസ്ത്രജ്ഞര്‍ പറയുന്നു.

മെഡിറ്ററേനിയന്‍ കടലിലെ ഉയര്‍ന്ന ചൂട് ജലത്തിന്റെ ബാഷ്പീകരണം വര്‍ദ്ധിപ്പിക്കുന്നു.ഇതാണ് പേമാരി രൂക്ഷമാക്കിയതെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പക്ഷം. 1996 ന് ശേഷമുള്ള ഏറ്റവും ഭീകരമായ വെള്ളപ്പൊക്കമാണിത്.1996-ല്‍ പൈറനീസ് പര്‍വതനിരകളിലെ പട്ടണത്തിന് സമീപം വെള്ളപ്പൊക്കത്തില്‍ 87 പേരാണ് മരിച്ചത്.

പെയ്തത് ഒരു വര്‍ഷത്തെ മഴ
ടൂറിസ്, ചിവോര്‍ ബുനോള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ 400 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഒരു വര്‍ഷം ലഭിക്കുന്ന മഴയാണിതെന്ന് കാലാവസ്ഥാ ഏജന്‍സിയായ എ ഇ എം ഇ ടി പറഞ്ഞു. ഈ മേഖലയില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.കാറ്റലോണിയയിലെ റീജിയണല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ബാഴ്‌സലോണ പ്രദേശത്ത് റെഡ് അലര്‍ട്ട് നല്‍കി.

ആയിരത്തോളം സൈനികരെ പ്രളയ ബാധിതമേഖലകളില്‍ വിന്യസിച്ചതായി സ്പെയിന്‍ എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു.രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്.ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ എത്തിച്ചേരാന്‍ എമര്‍ജെന്‍സി സേവനങ്ങള്‍ ഇപ്പോഴും ശ്രമം നടത്തുന്നു.

ആളുകള്‍ കുടുങ്ങിക്കിടക്കുന്നു

ആളുകള്‍ ഇപ്പോഴും പലയിടങ്ങളിലും ഒറ്റപ്പെട്ടിട്ടുണ്ടെന്ന് വലെന്‍സിയയുടെ നേതാവ് കാര്‍ലോസ് മാസോണ്‍ പറഞ്ഞു.എമര്‍ജെന്‍സി സര്‍വ്വീസുകള്‍ക്ക് അങ്ങോട്ടേയ്ക്ക് എത്തിപ്പെടാനാകുന്നില്ല.വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളുടെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഒഴുകിപ്പോകാതിരിക്കാന്‍ മരങ്ങളില്‍ കയറുന്നതും ബുള്‍ഡോസറിന്റെ സഹായത്തോടെ സ്ത്രീകളെയും മറ്റും രക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.വെള്ളപ്പൊക്കത്തെ ത്തുടര്‍ന്ന് മാഡ്രിഡ്, ബാഴ്‌സലോണ നഗരങ്ങളിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി. നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ സ്‌കൂളുകളും മറ്റ് അവശ്യ സേവനങ്ങളും നിര്‍ത്തിവച്ചു.
രാജ്യം കരയുകയാണെന്ന് പ്രധാനമന്ത്രി
രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പം കരയുകയാണെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.തകര്‍ന്ന തെരുവുകളും കെട്ടിടങ്ങളും പാലങ്ങളുമെല്ലാം ഉടന്‍ പുനര്‍നിര്‍മ്മിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദുരന്തബാധിതരെ സഹായിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് സ്‌പെയിനിലെ രാജാവ് ഫിലിപ്പെ പറഞ്ഞു.സ്പെയിനിനെ സഹായിക്കാന്‍ യൂറോപ്പ് തയ്യാറാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

ദുരന്തബാധിതരോടുള്ള ആദരസൂചകമായി സ്പാനിഷ് പാര്‍ലമെന്റ് ഒരു മിനിറ്റ് മൗനം ആചരിച്ചു.ദുരന്തത്തില്‍ സ്പെയിനിലെ ജനങ്ങളോടും പ്രധാനമന്ത്രിയോടും പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് ഐക്യദാര്‍ഢ്യം അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.

error: Content is protected !!