ഡബ്ലിന്‍ :അധികാരത്തിലെത്തിയാല്‍ അയര്‍ലണ്ടിന്റെ ആരോഗ്യ രംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനുതകുന്ന ആക്ഷന്‍ പ്ലാനുമായി സിന്‍ഫെയ്ന്‍ രാഷ്ട്രീയ ഗോദയില്‍. എച്ച് എസ് ഇയുടെ നിയമന നിരോധനം എടുത്തുകളഞ്ഞ് 40,000 ജീവനക്കാരെ അധികമായി നിയമിക്കുമെന്നും സൗജന്യ പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകള്‍ നല്‍കുമെന്നതുമടക്കമുള്ളതാണ് പാര്‍ട്ടിയുടെ ഹെല്‍ത്ത്കെയര്‍ പദ്ധതി ഓഫര്‍.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സര്‍ക്കാര്‍ വന്നാല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ആരോഗ്യ പരിരക്ഷാ പദ്ധതി 120 പേജുകളിലാണ് വിവരിക്കുന്നത്. 350 നടപടികളാണ് ഇതിലുള്ളത്.സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഓരോ ദിവസവും നടപ്പാക്കേണ്ട കാര്യങ്ങള്‍ പദ്ധതിയില്‍ എടുത്തുപറയുന്നു.അവസരം തന്നാല്‍ആരോഗ്യം, പാര്‍പ്പിടം, ശിശു സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്ന് പാര്‍ട്ടി ഓഫര്‍ ചെയ്യുന്നു.
ഇന്നുവരെ ഒരു രാഷ്ട്രീയ പ്രസ്ഥാനവും നല്‍കാത്ത ഏറ്റവും സമഗ്രമായ പദ്ധതിയാണിതെന്ന് ആരോഗ്യ വക്താവ് കുള്ളിനെന്റെ അവകാശവാദം.രോഗികള്‍, ചികില്‍സ കാത്തിരിക്കുന്ന കുട്ടികള്‍, അവരുടെ കുടുംബങ്ങള്‍, ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍, ആരോഗ്യ വിദഗ്ധര്‍, ഹെല്‍ത്ത്‌കെയര്‍ ട്രേഡ് യൂണിയനുകള്‍ എന്നിവരുള്‍പ്പെട്ട നിരവധി മീറ്റിംഗുകള്‍ നടത്തിയാണ് ഈ പദ്ധതി തയ്യാറാക്കിയതെന്ന് ഇദ്ദേഹം പറഞ്ഞു.
1 ബില്യണ്‍ യൂറോ മിച്ചം വെക്കും
ഏജന്‍സി ചെലവ്, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി, പരിചരണത്തിന്റെ ഔട്ട്‌സോഴ്‌സിംഗ് എന്നിവയുമായി ബന്ധപ്പെട്ട് 1 ബില്യണ്‍ യൂറോ മിച്ചം വരുത്താനും പദ്ധതിയുണ്ടാകും.നാട്ടില്‍ നിന്നും വിട്ടുപോയ ജീവനക്കാരെ തിരികെ കൊണ്ടു വരും.നിലവില്‍ പരിശീലനം നേടുന്നവര്‍ക്ക് ജോലി ഉറപ്പാക്കും.ഒന്നും രണ്ടും മൂന്നും വര്‍ഷത്തേക്ക് 3,000 യൂറോയുടെ ബര്‍സറിയും നല്‍കും.
ഹോസ്പിറ്റല്‍ പാര്‍ക്കിംഗ് ചാര്‍ജുകള്‍ നിര്‍ത്തലാക്കുമെന്നും ജി പി പരിശീലന കരാറുകള്‍ 60% വര്‍ധിപ്പിക്കുമെന്നും 210 സ്ഥലങ്ങള്‍ അധികമായി നല്‍കുമെന്നും അയര്‍ലണ്ടിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി പദ്ധതി പറയുന്നു.
100 ദിന കര്‍മ്മ പരിപാടി
എല്ലാവര്‍ക്കും സൗജന്യ പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകള്‍ നല്‍കാന്‍ നിയമനിര്‍മ്മാണം, മെഡിക്കല്‍ കാര്‍ഡുകളുടെ വിപുലീകരണം,പബ്ലിക് ജിപി കരാറിനായി ചര്‍ച്ചകള്‍,2031 വരെ 5,000 ആശുപത്രി കിടക്കകള്‍ക്ക് പദ്ധതി,മിഡ്വെസ്റ്റില്‍ രണ്ടാമത്തെ എമര്‍ജെന്‍സി വിഭാഗം,ഗ്രാമീണ ആരോഗ്യ കമ്മീഷന്‍ എന്നിവയുള്‍പ്പെട്ട 100 ദിന കര്‍മ്മ പരിപാടി നടപ്പാക്കും.
ആഗ്രഹിക്കുന്ന സമയത്ത് ജി പിയെ കാണാം
കൃത്യസമയത്ത് ജി പിയുടെ സേവനം ഉറപ്പാക്കുമെന്ന് പാര്‍ട്ടി ഉറപ്പുപറയുന്നു.മാനസിക രോഗ വിദഗ്ദ്ധനെയും ദന്തിസ്റ്റിനെയും യഥാസമയം കാണാനാകും.250 ജിപിമാരെ കരാറില്‍ നിയമിക്കാനുള്ള നടപടിയുണ്ടാകും.കരാര്‍ അനുയോജ്യമാണെന്ന് ഉറപ്പാക്കാന്‍ ഐറിഷ് കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഷണേഴ്സുമായി ചര്‍ച്ച നടത്തും.
പുതിയ ആരോഗ്യ-സോഷ്യല്‍ കെയര്‍ നടപടികള്‍ക്കായി 5.4 ബില്യണ്‍ യൂറോ ചെലവഴിക്കും. കൂടാതെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 15 ബില്യണ്‍ യൂറോയുടെ മൂലധന പദ്ധതികളുമുണ്ടാകും.
ആപ്പിള്‍ നികുതിയുടെ രണ്ട് ബില്യണ്‍ ആശുപത്രികള്‍ക്ക്
ആപ്പിള്‍ നികുതി തുകയുടെ 2 ബില്യണ്‍ യൂറോ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുമെന്ന് സിന്‍ ഫെയ്‌നിന്റെ ധനകാര്യ വക്താവ് പിയേഴ്‌സ് ഡോഹെര്‍ട്ടി പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/