head3
head1

അയര്‍ലണ്ടില്‍ നവംബറില്‍ തിരഞ്ഞെടുപ്പ് ? വാടക വര്‍ദ്ധനവ് മൂന്ന് വര്‍ഷത്തേക്ക് ഫ്രീസ് ചെയ്യുമെന്ന് സിന്‍ ഫെയ്ന്‍ ,മൂന്ന് ലക്ഷം പുതിയ വീടുകളുണ്ടാക്കും

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഭവനമേഖലയില്‍ സമഗ്രമായ അഴിച്ചുപണി നടത്തുമെന്ന പ്രഖ്യാപനവുമായി മുഖ്യ പ്രതിപക്ഷ കക്ഷിയായ സിന്‍ ഫെയ്ന്‍.

‘എ ഹോം ഓഫ് യുവര്‍ ഓണ്‍.’ എന്ന പേരിലുള്ള ഈ സ്ട്രാറ്റജിക് പ്ലാനിലൂടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 300,000 പുതിയ വീടുകള്‍ പണിയുമെന്നാണ് പാര്‍ട്ടിയുടെ വാഗ്ദാനം.

39 ബില്യണ്‍ യൂറോയോളം ഭവനമേഖലയില്‍ നിക്ഷേപിച്ച് രാജ്യത്തെ ഭവന പ്രതിസന്ധി പരിഹരിക്കാന്‍ പദ്ധതി വഴി ലക്ഷ്യമിടുന്നു.കൂടുതല്‍ അഫോര്‍ഡബിള്‍ ഹൗസ്സസ് ലഭ്യമാക്കി കൊണ്ട്,കൂടുതല്‍ ഉടമസ്ഥാവകാശം സൃഷ്ടിക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്.

നവംബര്‍ പകുതിയോടെ അയര്‍ലണ്ടില്‍ പൊതു തിരഞ്ഞെടുപ്പ് ഉണ്ടാവുമെന്ന അഭ്യൂഹം ശക്തിയാവുന്നതിനിടെയാണ് അടുത്ത സര്‍ക്കാറിന് നേതൃത്വം നല്കാന്‍ ഏറ്റവും സാധ്യതയുള്ള മുഖ്യ പ്രതിപക്ഷ കക്ഷി വാഗ്ദാനങ്ങളുമായി ഇറങ്ങിയിരിക്കുന്നത്.

പദ്ധതിയുടെ പ്രധാന ഘടകങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു:

300,000 വീടുകള്‍ നിര്‍മ്മിക്കുന്നതിന് സമഗ്ര പദ്ധതി നടപ്പാക്കുമ്പോള്‍ ലോക്കല്‍ കൗണ്‍സിലുകളുടെ സഹകരണം തേടും.

വീടുകള്‍ നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി രൂപീകരിക്കുമെന്ന വാഗ്ദാനവും സിന്‍ ഫെയ്ന്‍ മുമ്പോട്ട് വെയ്ക്കുന്നു.

വാടക വര്‍ദ്ധന മൂന്ന് വര്‍ഷത്തെയ്ക്ക് മരവിപ്പിക്കും. ഭൂവുടമകള്‍ വീടുകള്‍ വില്‍ക്കുമ്പോള്‍ വാടകക്കാര്‍ക്ക് അവരുടെ വീടുകളില്‍ താമസിക്കുന്നതിനോ ,വീട് വാങ്ങുന്നതിനോ എളുപ്പമാക്കുന്ന ടെനന്റ് -ഇന്‍-സിറ്റു സ്‌കീമിലെ പരിഷ്‌കാരങ്ങളും സിന്‍ഫെയ്ന്‍ നയങ്ങളില്‍ ഉള്‍പ്പെടുന്നു.

സോഷ്യല്‍ ഹൗസിംഗ് ദീര്‍ഘകാല പാട്ട വ്യവസ്ഥകള്‍ക്ക് നല്‍കുന്നത് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാനും പകരം നേരിട്ട് പൊതു പാര്‍പ്പിട വ്യവസ്ഥയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പാര്‍ട്ടി പദ്ധതിയിടുന്നു.

വേഗതയാര്‍ന്ന പ്ലാനിംഗ് നടപടികളും , നിര്‍മ്മാണം വേഗത്തിലാക്കാനും പാരിസ്ഥിതിക ആഘാതം കുറയ്ക്കാനുമായി കാര്‍ബണ്‍രഹിത സാങ്കേതികവിദ്യകളും ഓഫ്-സൈറ്റ് നിര്‍മ്മാണവും ഉള്‍പ്പെടെയുള്ള നൂതനമായ നിര്‍മ്മാണ രീതികള്‍ സ്വീകരിക്കാന്‍പാര്‍ട്ടി നിര്‍ദേശിക്കുന്നു.

‘ഹെല്‍പ്പ് ടു ബൈ’ പോലുള്ള പദ്ധതികളെ അമിതമായി ആശ്രയിക്കുന്നതിനെ സിന് ഫെയിന്‍ വിമര്‍ശിക്കുന്നു, ഇത് ഭവന വില വര്‍ദ്ധിപ്പിക്കുമെന്ന് അവര്‍ വാദിക്കുന്നു.

എന്നാല്‍ ഫിനാഫാള്‍ അടക്കമുള്ള ഭരണകക്ഷി പാര്‍ട്ടികള്‍ ,സിന്‍ ഫെയ്ന്‍ പുറത്തിറക്കിയ പോളിസിയെ വിമര്‍ശിച്ചു രംഗത്തെത്തിയിട്ടുണ്ട്. സിന്‍ ഫെയ്ന്റെ ഹൗസിംഗ് പോളിസി ,സ്ഥിരതയുണ്ടാക്കില്ലെന്നതിനാല്‍ ,അവര്‍ ഭരണത്തിലെത്തുവാന്‍ ,അവരുമായി ചേര്‍ന്ന് ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോലും തയാറാവില്ലെന്നാണ് ഫിനഫാളിന്റെ ലീഡര്‍ മിഹോള്‍ മാര്‍ട്ടിന്‍ വ്യക്തമാക്കിയത്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a

Comments are closed.

error: Content is protected !!