head1
head3

അയര്‍ലണ്ടിന്റെ പതിനഞ്ചാമത്തെ പ്രധാനമന്ത്രിയായി സൈമണ്‍ ഹാരിസ് ഇന്ന് സ്ഥാനമേല്‍ക്കും

ഡബ്ലിന്‍ :അയര്‍ലണ്ടിന്റെ പതിനഞ്ചാമത്തെ പ്രധാനമന്ത്രിയായി ഫിന ഗേല്‍ നേതാവ് സൈമണ്‍ ഹാരിസ് ഇന്ന് സ്ഥാനമേല്‍ക്കും.നിലവിലെ പ്രധാനമന്ത്രി ലിയോ വരദ്കര്‍ പ്രസിഡന്റ് രാജിക്കത്ത് നല്‍കിയിരുന്നു.രാവിലെ 10.30നാണ് ഡെയ്ലില്‍ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് നടക്കുക.

സഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമുള്ളതിനാല്‍ ഇതൊരു ഔപചാരിക നടപടിക്രമം മാത്രമാണ്.നിലവില്‍ 81 പേരുടെ പിന്തുണയാണ് കണക്കാക്കുന്നത്. എന്നിരുന്നാലും ഭരണം സുഗമമാക്കാന്‍ കൂടുതല്‍ സ്വതന്ത്രരെ കൂടെക്കൂട്ടുന്നതിന് സൈമണ്‍ ഹാരിസ് ശ്രമം നടത്തിയിരുന്നു.

ഡെയ്ലിലെ വോട്ടിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സൈമണ്‍ ഹാരിസ് രാഷ്ട്രപതി ഭവനിലെത്തി പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സിനെ കാണും. തുടര്‍ന്ന് സൈമണ്‍ ഹാരിസിനെ പ്രസിഡന്റ് ഔദ്യോഗികമായി പ്രധാനമന്ത്രിയായി നിയമിക്കും.തുടര്‍ന്ന് സൈമണ്‍ ഹാരിസ് മന്ത്രിസഭാ യോഗം വിളിച്ചു കൂട്ടുമെന്നാണ് കരുതുന്നത്.

വൈകീട്ട് അഞ്ചിന് ഡെയില്‍ വീണ്ടും ആരംഭിക്കും. പുതിയ ക്യാബിനറ്റ് അംഗങ്ങളുടെ തിരഞ്ഞെടുപ്പും വോട്ടിംഗിലൂടെ ഡെയില്‍ അംഗീകരിക്കും.വൈകീട്ട് ഏഴിന് സഭ പിരിയും.

മൂന്ന് സീനിയര്‍ നേതാക്കള്‍ പുതിയ ക്യാബിനറ്റില്‍ വന്നേക്കും

സൈമണ്‍ ഹാരിസ് വഹിച്ചിരുന്ന ഉന്നത വിദ്യാഭ്യാസം, സൈമണ്‍ കോവനെയുടെ എന്റര്‍പ്രൈസ് എന്നീ വകുപ്പുകളില്‍ പുതിയ മന്ത്രിമാര്‍ വരും. പുതിയ കാബിനറ്റില്‍ ഉണ്ടാകില്ലെന്ന് കോവനെ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.സ്പെഷ്യല്‍ വിദ്യാഭ്യാസ സഹമന്ത്രി സ്ഥാനം ഒഴിയാന്‍ ജോസഫ മാഡിഗന്‍ തീരുമാനിച്ചിരുന്നു. അതിനാല്‍ ഇവിടെയും പുതിയ മന്ത്രിയെ വേണം..

പുനസ്സംഘടനയുടെ ഭാഗമായി പാര്‍ട്ടിയിലെ ചില സീനിയര്‍ നേതാക്കള്‍ക്ക് പുതിയ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ലോംഗ്‌ഫോര്‍ഡ്-വെസ്റ്റ്മീത്ത് ടി ഡിയും യൂറോപ്യന്‍ കാര്യ സഹമന്ത്രിയുമായ പീറ്റര്‍ ബര്‍ക്ക്, ഡണ്‍ലേരി -റാത്ത്ഡൗണ്‍ കൗണ്‍സില്‍ ഏരിയയില്‍ നിന്നുള്ള ടിഡിയും ഇന്‍ഷുറന്‍സ് മന്ത്രിയുമായ ജെന്നിഫര്‍ കരോള്‍ മക്‌നീല്‍, എന്റര്‍പ്രൈസ് സഹമന്ത്രി നീല്‍ റിച്ച്മണ്ട് എന്നിവര്‍ക്കും ക്യാബിനറ്റ് പദവി ലഭിക്കുമെന്ന് കരുതുന്നു.പ്രധാനമന്ത്രി എന്ന നിലയില്‍ ഹാരിസിന് പരസ്യമായി പിന്തുണ വാഗ്ദാനം ചെയ്ത ആദ്യ ടിഡിയാണ് റിച്ച്മണ്ട്.

പൊതുമരാമത്ത് സഹ മന്ത്രി പാട്രിക് ഒ ഡോണോവനും കോര്‍ക്ക്-നോര്‍ത്ത് സെന്‍ട്രല്‍ ടി ഡി കോം ബര്‍ക്കും സ്ഥാനക്കയറ്റുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

മഡിഗന് തുടര്‍ച്ചക്കാരനായി എമര്‍ ഹിഗ്ഗിന്‍സ്

ഫിന ഗേലിന്റെ സമത്വ വക്താവായ ഡബ്ലിന്‍ മിഡ് വെസ്റ്റിന്റെ ടി ഡി എമര്‍ ഹിഗ്ഗിന്‍സിനെ മഡിഗന് പകരമായി സ്പെഷ്യല്‍ വിദ്യാഭ്യാസ വകുപ്പിലേയ്ക്ക് പരിഗണിക്കുന്നതായും വിവരമുണ്ട്.

നീതിന്യായ മന്ത്രി ഹെലന്‍ മക് എന്റിയുടെ വകുപ്പുമാറ്റത്തെക്കുറിച്ച് ഇപ്പോഴും അഭ്യൂഹമുണ്ട്. എന്നിരുന്നാലും ഇക്കാര്യത്തില്‍ ഹാരിസ് മനസ്സു തുറന്നിട്ടില്ല.പുതിയ ടീമില്‍ ഹെലന്‍ ഉണ്ടാകുമെന്ന സൂചനയും ഹാരിസ് നല്‍കിയിരുന്നു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a

Comments are closed.