മെറ്റേണിറ്റി ഹോസ്പിറ്റലുകളില്‍പ്പോലും ആവശ്യത്തിന് ജീവനക്കാരില്ല: ആരോഗ്യ മേഖലയില്‍ പ്രതിസന്ധി സങ്കീര്‍ണ്ണമാകുന്നു
ഡബ്ലിന്‍ : ആവശ്യത്തിന് ജീവനക്കാരില്ലാത്തതു മൂലം രാജ്യത്തെ പ്രമുഖ മെറ്റേണിറ്റി ആശുപത്രികളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയില്‍. രാജ്യത്തെ ഏറ്റവും വലിയ മെറ്റേണിറ്റി ഹോസ്പിറ്റലുകളില്‍ ഒന്നായ റൊട്ടുണ്ട അടക്കമുള്ളവ സ്റ്റാഫിന്റെ കുറവുമൂലം ‘ബര്‍ത്ത് റിഫ്ളക്ഷന്‍സ്’സര്‍വ്വീസ് നിര്‍ത്തലാക്കി.എച്ച് എസ് ഇ ഫണ്ടിന്റെ അഭാവമാണ് സര്‍വീസ് നിര്‍ത്താന്‍ കാരണമെന്ന് ആശുപത്രി പറയുന്നു. അതേസമയം ജീവനക്കാരുടെ കുറവാണ് കാരണമെന്ന് എച്ച് എസ് ഇയും വിശദീകരിക്കുന്നു.ഏതാണ്ട് ഒമ്പത് മാസമായി ഈ സേവനം ലഭിക്കുന്നില്ലെന്നാണ് സ്ത്രീകള്‍ പറയുന്നത്.
സങ്കീര്‍ണ്ണമായ പ്രസവാനുഭവങ്ങള്‍ നേരിട്ട സ്ത്രീകള്‍ക്ക് അവരുടെ പ്രസവാനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ അനുവദിക്കുന്നതായിരുന്നു ഈ സേവനം.താല്‍ക്കാലികമായി നിര്‍ത്തിയതായാണ് പറയുന്നതെങ്കിലും എന്ന് ഇത് പുനരാരംഭിക്കുമെന്നതില്‍ ഇനിയും വ്യക്തതയില്ല.2021ലാണ് ഈ കോണ്‍ഫിഡന്‍ഷ്യല്‍ സര്‍വ്വീസ് ആരംഭിച്ചത്.എന്തുകൊണ്ടാണ് സി-സെക്ഷന്‍,ഇന്‍സ്ട്രുമെന്റല്‍ ഡെലിവറി പോലെയുള്ള ഇടപെടലുകള്‍ ആവശ്യമായി വരുന്നതെന്നും ഭാവിയില്‍ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും വിദഗ്ധയായ മിഡ്വൈഫുമായി സംസാരിച്ച് വ്യക്തത വരുത്തുന്നതാണ് ഈ സര്‍വ്വീസ്.
പ്രസവവേളകളില്‍ സങ്കീര്‍ണ്ണതകള്‍ നേരിട്ട സ്ത്രീകള്‍ക്ക് അതിന് വിശദീകരണം ലഭിക്കാത്തത് വ്യാപകമായ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.റൊട്ടുണ്ട ഹോസ്പിറ്റലില്‍ ഈ സര്‍വ്വീസ് നിര്‍ത്തലാക്കിയത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് സേഫര്‍ ബര്‍ത്ത്‌സ് അയര്‍ലണ്ട് പറയുന്നു.
രണ്ട് വര്‍ഷത്തേക്ക് ഹോസ്പിറ്റല്‍ മാനേജ്മെന്റാണ് ഈ സര്‍വ്വീസിന് ധനസഹായം നല്‍കിയത്.എന്നാല്‍ പിന്നീട് എച്ച് എസ് ഇയുമായുള്ള ക്രമീകരണത്തിന്റെ ഭാഗമായി ധനസഹായം ലഭിച്ചുവെന്ന് റോട്ടുണ്ട പറഞ്ഞു.സ്പെഷ്യലിസ്റ്റ് സ്റ്റാഫ് അംഗം ദീര്‍ഘകാല സിക്ക് ലീവിലാണെന്നും ആളെ കിട്ടാത്തതിനാല്‍ പുതിയ സ്റ്റാഫിനെ വെയ്ക്കാനുമായില്ലെന്ന് റോട്ടുണ്ട വിശദീകരിച്ചു. 2025ല്‍ ബര്‍ത്ത് റിഫ്ളക്ഷന്‍സ് സര്‍വ്വീസ് വീണ്ടും പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുമെന്നുമാണ് കരുതുന്നതെന്നും മാനേജ്മെന്റ് വ്യക്തമാക്കുന്നു.
എല്ലാ സ്ത്രീകള്‍ക്കും പ്രസവാനുഭവത്തെക്കുറിച്ച് സംസാരിക്കാന്‍ അവകാശമുണ്ടെന്ന് എച്ച്. എസ്. ഇ. വിശദീകരിച്ചു.മിഡൈ്വഫിനെയോ ഒബ്സ്റ്റെറിഷ്യനേയോ നേരില്‍ക്കാണാന്‍ 19 മെറ്റേണിറ്റി യൂണിറ്റുകളില്‍ ബര്‍ത്ത് റിഫ്ളക്ഷന്‍ സര്‍വ്വീസ് ലഭ്യമായിരുന്നെന്നും എച്ച് എസ് ഇ വ്യക്തമാക്കി. എന്നിരുന്നാലും, ഇത്തരം സ്പെഷ്യലിസ്റ്റ് സേവനങ്ങള്‍ക്ക് വിദഗ്ദ്ധ പരിശീലനം ലഭിച്ചതും യോഗ്യതയുള്ളതുമായ സ്റ്റാഫുകളെ ലഭ്യമാകേണ്ടതുണ്ട്.നിലവില്‍ നഴ്‌സിംഗ്, മിഡൈ്വഫറി തസ്തികകളുടെ കുറവുണ്ട്.മെറ്റേണിറ്റി യൂണിറ്റുകളില്‍ ഇത് കടുത്ത വെല്ലുവിളിയാണുണ്ടാക്കുന്നത്.ജീവനക്കാരെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് വിവിധ യൂണിയനുകള്‍ പണിമുടക്കിനും ഒരുങ്ങുകയാണ്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.