ഡണ്‍ലേരി : ഡണ്‍ലേരി-റാത്ത്ഡൗണ്‍ കൗണ്ടി കൗണ്‍സിലും (ഡി എല്‍ ആര്‍) ലാന്‍ഡ് ഡെവലപ്‌മെന്റ് ഏജന്‍സിയും (എല്‍ എ ഡി എ) ചേര്‍ന്ന് ഡബ്ലിനിലെ ഷാങ്കില്ലിലെ ഷാംഗനാ കാസില്‍ എസ്റ്റേറ്റില്‍ പുതിയ സോഷ്യല്‍ ഹൗസിംഗ് പദ്ധതിയ്ക്ക് തുടക്കമിട്ടു.
മികച്ച നിലവാരമുള്ള അഫോര്‍ഡബിള്‍ വീടുകള്‍, കോസ്റ്റ് റെന്റല്‍, സാമൂഹിക ഭവനങ്ങള്‍ എന്നിവയടക്കം 597 വീടുകളും അപ്പാര്‍ട്ട്‌മെന്റുകളും ഉള്‍പ്പെടുന്നതാണ് പദ്ധതി. 51 അഫോര്‍ഡബിള്‍ വീടുകളും 195 കോസ്റ്റ് റെന്റല്‍ അപ്പാര്‍ട്ട്മെന്റുകളും 35 സോഷ്യല്‍ അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്.
ഇതിലുള്‍പ്പെട്ട 51വീടുകളാണ് ആദ്യഘട്ടത്തില്‍ വിതരണത്തിന് സജ്ജമായത്.ബാക്കിയുള്ള 316 വീടുകളും അപ്പാര്‍ട്ടുമെന്റുകളുമാണ് ഇത് 2025ല്‍ രണ്ട് ഘട്ടങ്ങളിലായി വിതരണത്തിന് സജ്ജമാകും.
ഷാംഗനാഗ് പാര്‍ക്ക്, ഷാങ്കില്‍ ആന്റ് ബ്രേ വില്ലേജുകള്‍, പുതിയ ഡാര്‍ട്ട് സ്റ്റേഷന്‍, മനോഹരമായ ബീച്ചുകള്‍, മികച്ച തീരപ്രദേശങ്ങള്‍, ഭംഗിയുള്ള ഗ്രാമപ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ മികച്ച ജീവിത നിലവാരം നിവാസികള്‍ക്ക് ലഭിക്കുമെന്ന് ഡണ്‍ലേരി കൗണ്ടി കൗണ്‍സില്‍ മേയര്‍ ജിം ഒ ലിയറി പറഞ്ഞു.
വില ഇങ്ങനെ
അഫോര്‍ഡബിള്‍ വീടുകളുടെ വില 334,600 യൂറോയില്‍ ആരംഭിക്കും, കോസ്റ്റ് റെന്റല്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടക 1250 യൂറോയിലാണ് തുടങ്ങുക. ഉപഭോക്താക്കള്‍ക്ക് 51 വീടുകളാണ് ഇപ്പോള്‍ ലഭ്യമാവുക.ഒക്ടോബര്‍ ഒമ്പതിന് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ ഇതിന് അപേക്ഷിക്കാം.
വീടുകളുടെ വിവരങ്ങള്‍
51 അഫോര്‍ഡബിള്‍ ഹൗസുകളില്‍ 21 ടു ബെഡ് റൂം വീടുകളും 30 ത്രീ ബെഡ് റൂം വീടുകളും ഉള്‍പ്പെടുന്നു.
195 വാടക അപ്പാര്‍ട്ട്മെന്റുകളില്‍ 19 സ്റ്റുഡിയോകള്‍, 40 സിംഗിള്‍ റൂം, 107 ടു ബെഡ്റൂം, 29 ത്രീ ബെഡ് റൂം എന്നിവ ഉള്‍പ്പെടുന്നു. കൗണ്ടി കൗണ്‍സിലിന്റെ പരിധിയ്ക്കുള്ളില്‍ താമസിക്കുന്ന യോഗ്യതയുള്ള ആര്‍ക്കും ,ഈ സ്‌കീമുകള്‍ പ്രകാരം വീട് വാങ്ങനോ ,വാടകയ്ക്കെടുക്കാനോ സാധിക്കും.തുല്യ യോഗ്യതയുള്ള കൂടുതല്‍ അപേക്ഷകര്‍ എത്തിയാല്‍ നറുക്കെടുപ്പിലൂടെ അവകാശികളെ നിര്‍ണ്ണയിക്കും.
കൗണ്ടി കൗണ്‍സിലിന്റെ വെയിറ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് മാത്രം ലഭിക്കുന്ന സോഷ്യല്‍ ഹൗസുകളുടെ വിഭാഗത്തില്‍ 18 സിംഗിള്‍ , എട്ട് ടു ബെഡ് റൂം , ഏഴ് ത്രീ ബെഡ് റൂം , രണ്ട് ഫോര്‍ ബെഡ് റൂം എന്നിവയാണ് ഉള്‍പ്പെടുന്നത്.
വീടുകള്‍ വാങ്ങാനും സഹായം
വീടുകള്‍ വാങ്ങുന്നതിന് ലോക്കല്‍ അതോറിറ്റിയുടെ അഫോര്‍ഡബിള്‍ പര്‍ച്ചേസ് സ്‌കീമും ലഭ്യമാണ്. വ്യക്തിഗത ഫണ്ടും ലഭ്യമായ പരമാവധി മോര്‍ട്ട്ഗേജും തമ്മിലുള്ള വീടിന്റെ വിലയിലെ വിടവ് നികത്താന്‍ സ്‌കീം സഹായിക്കും. ഈ സ്്കീമില്‍ ഷെയേര്‍ഡ് ഇക്വിറ്റി ക്രമീകരണവും ഉള്‍പ്പെടുന്നു.
മികച്ച നിര്‍മ്മിതികള്‍
കൗണ്‍സിലിന്റെ ഏറ്റവും വലിയ ഭവന പദ്ധതിയാണിതെന്ന് കൗണ്ടി കൗണ്‍സിലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഫ്രാങ്ക് കുറാന്‍ പറഞ്ഞു.വളരെ കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗം, കുറഞ്ഞ കാര്‍ പാര്‍ക്കിംഗ് പ്രൊവിഷന്‍ (ഓരോ വീട്ടിലും 0.54 സ്പെയ്സ്), 1,300ലേറെ സൈക്കിള്‍ പാര്‍ക്കിംഗ് പ്രൊവിഷന്‍, വര്‍ക്ക് ഫ്രം ഹോം സവിശേഷതകള്‍ എന്നിവയൊക്കെ മുന്നില്‍ക്കണ്ടാണ് ഈ വീടുകള്‍ ഡിസൈന്‍ ചെയ്തത്.
തികച്ചും പരിസ്ഥിതി സൗഹൃദമായി വിഭാവനം ചെയ്ത നിലയില്‍ത്തന്നെ സ്‌കീം പൂര്‍ത്തിയാക്കാന്‍ പ്രയത്നിച്ച എല്ലാ വിഭാഗം ജീവനക്കാരെയും നിര്‍മ്മാണ തൊഴിലാളികളെയും അനുമോദിക്കുകയാണെന്ന് എല്‍ ഡി എ യുടെ ചീഫ് എക്സിക്യൂട്ടീവ് ജോണ്‍ കോള്‍മാന്‍ പറഞ്ഞു:
അനുമോദിക്കാതെ വയ്യെന്ന് പ്രധാനമന്ത്രി
അതിശയകരമായ ഭവന വികസനം സാധ്യമാക്കിയ അണിയറ പ്രവര്‍ത്തകരെ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് അനുമോദിച്ചു.വളരെ മാതൃകാപരമായ പ്രവര്‍ത്തനമാണ് ഡണ്‍ലേരി കൗണ്‍സിലും എല്‍ എ എയും ചേര്‍ന്ന് യാഥാര്‍ഥ്യമാക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇതൊരു തുടക്കം മാത്രമെന്ന് ഭവനമന്ത്രി
സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ എല്‍ ഡി എ നേരിട്ട് വിതരണം ചെയ്യുന്ന ആദ്യത്തെ അഫോര്‍ഡിള്‍ ഭവന പദ്ധതിയാണിതെന്ന് ഭവന മന്ത്രി ദാരാ ഒബ്രിയന്‍ പറഞ്ഞു.ഇത്തരം സ്‌കീമുകള്‍ വരും നാളുകളിലും തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
ഒമ്പത് മുതല്‍ അപേക്ഷിക്കാം
ഷാംഗനാഗ് കാസില്‍ എസ്റ്റേറ്റിലെ 51 വീടുകള്‍ക്കായുള്ള അപേക്ഷാ പോര്‍ട്ടല്‍ ഒക്ടോബര്‍ 9 ബുധനാഴ്ച മുതല്‍ തുറക്കും.. അപേക്ഷകര്‍ വിശദാംശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ആവശ്യമായ എല്ലാ വിവരങ്ങളും അപേക്ഷയില്‍ ഉള്‍പ്പെട്ടെന്ന് ഉറപ്പാക്കണം.അപേക്ഷാ പ്രക്രിയയെയും കുറിച്ചും യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ ഷാംഗനാഗ് കാസില്‍ വെബ്‌സൈറ്റിലുണ്ട്. https://www.shanganaghcastle.ie/ എസ്റ്റേറ്റിലെ 195 കോസ്റ്റ് റെന്റല്‍ വീടുകള്‍ക്കായുള്ള അപേക്ഷാ പ്രക്രിയ ഈ വര്‍ഷാവസാനം ആരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/