അയര്‍ലണ്ടിലെ സ്കൂളുകളില്‍ ആദ്യ ബാച്ച് കുട്ടികള്‍ ഇന്നെത്തും… ഭയപ്പെടാനില്ലെന്ന ഉറപ്പുമായി അധികൃതര്‍
ഡബ്ലിന്‍ : അയര്ലണ്ടിലെസ്കൂളുകള് ഇന്ന് മുതല്‍ വീണ്ടും കുട്ടികളെ വീണ്ടും സ്വീകരിച്ചു തുടങ്ങും..മൂന്നാം ലോക്ക് ഡൗണില്‍ ഒരു മാസത്തിലേറെയായി സ്കൂളുകള്‍ അടച്ചിരിക്കുകയാണ്. 33 പഠന ദിവസങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപെട്ടത്,ഈ സ്ഥിതിയില്‍ നിന്നൊരു മോചനം നേടി ആദ്യ ബാച്ച് കുട്ടികളെത്തുകയാണ് സ്കൂളിലേയ്ക്ക്.മൂന്നേകാല്‍ ലക്ഷത്തോളം കുട്ടികളാണ് ഇന്ന് മാത്രം സ്കൂളുകളിലേക്ക് മടങ്ങുന്നത്.
ഇവര്‍ക്ക് പിന്നാലെ അടുത്ത ബാച്ച് 15നെത്തും.സ്കൂളുകളെല്ലാം കുട്ടികളെ സ്വാഗതം ചെയ്യാനൊരുങ്ങിക്കഴിഞ്ഞു.ഘട്ടംഘട്ടമായാണ് സ്കൂള്‍ തുറക്കല്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.ജൂനിയര്‍ ഇന്ഫന്റ്സ് മുതല്‍ രണ്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളാണ് ഇന്ന് സ്കൂളുകളിലെത്തുക.ഗര്‍ഭിണികളായ ടീച്ചര്‍മാര്‍ക്കും 60 വയസ്സിനു മുകളിലുള്ള അധ്യാപകര്‍ക്കും കോവിഡ് -19 പരിഗണിച്ച് അവധി നല്‍കിയിട്ടുണ്ട്.ഉയര്‍ന്ന അപകടസാധ്യതയൊഴിവാക്കുന്നതിനാണിത്.
കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സ്കൂളുകള്‍ തുറക്കുന്നത്. കൊച്ചുകുട്ടികളെ സ്കൂളിലെത്തിക്കുന്ന രക്ഷിതാക്കള്‍ക്ക് കെട്ടിടത്തിനകത്തേയ്ക്ക് കയറുന്നതിന് അനുമതിയില്ല.ആദ്യ ലോക്ക് ഡൗണിന് ശേഷം സ്കൂള്‍ തുറന്നപ്പോള്‍ സ്വീകരിച്ച എല്ലാ മുന്‍കരുതലുകളും അതേ പടി പാലിയ്ക്കണമെന്നാണ് നിര്‍ദ്ദേശം.
രക്ഷിതാക്കളും സ്റ്റാഫുകളുമായി ഇടപഴകാനോ സംസാരിക്കാനോ അനുവദിക്കില്ല.കുട്ടികളെ സ്കൂളിലെത്തിച്ച ശേഷം പുറത്ത് ഒത്തുകൂടരുതെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. റോനന് ഗ്ലിന്‍ മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു.കഴിഞ്ഞ സപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ വിദ്യാര്‍ത്ഥികള്‍ക്കായി സ്വീകരിച്ച അതേ നടപടിക്രമങ്ങളാണ് ഇവിടെ പാലിയ്ക്കുകയെന്നും ഇദ്ദേഹം വ്യക്തമാക്കി. തുടര്‍ച്ചയായി കൈകള്‍ വൃത്തിയാക്കുക, ക്ലാസ് മുറികളിലെ ജനാലകളും വാതിലുകളും തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.
അതിനിടെ, എല്ലാ അധ്യാപകര്‍ക്കും മെഡിക്കല്‍ ഗ്രേഡ് മാസ്കുകള്‍ ലഭ്യമാക്കണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു.നിലവില്‍ വിദ്യാര്‍ത്ഥികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അധ്യാപകര്‍ക്ക് മാത്രമാണ് ഇവ അനുവദിച്ചിട്ടുള്ളത്. ഇത് എല്ലാവര്ക്കും നല്‍കുന്നത് കൂടുതല്‍ ഗുണകരമാകുമെന്ന് ഐഎന്‍ടിഒ ചൂണ്ടിക്കാട്ടി.
അടുത്തിടെ നടത്തിയ സര്‍വേയില്‍ 15% കുട്ടികള്‍ പഠനത്തില്‍ പിന്നിലാണെന്ന് കണ്ടെത്തിയതായി ഐഎന്‍ടിഒ ജനറല്‍ സെക്രട്ടറി ജോണ്‍ ബോയ്ല്‍ വെളിപ്പെടുത്തി.സ്കൂള്‍ വര്‍ഷത്തിന്റെ ആറിലൊന്നാണ് ലോക്ക് ഡൗണില്‍ നഷ്ടമായത്.ഒക്യുപേഷണല്‍ തെറാപ്പി, സ്പീച്ച്, ലാംഗ്വേജ് തെറാപ്പി തുടങ്ങിയ പ്രത്യേക സേവനങ്ങള്‍ തിരികെ നല്‍കണമെന്നും ഐഎന്‍ടിഒ ആവശ്യപ്പെട്ടു.
മാര്‍ച്ച് മുതല്‍ ഇത്തരം സേവനങ്ങള്‍ നല്‍കിയിട്ടില്ലെന്ന് സംഘടന വിമര്‍ശിച്ചു.വ്യക്തിഗത അധ്യാപനത്തിലേക്ക് മടങ്ങിവരുന്നതില്‍ അധ്യാപകരും സന്തോഷത്തിലാണ്.
ആശങ്കയുണ്ട്,എങ്കിലും
മൂന്നില്‍ രണ്ട് രക്ഷിതാക്കളും തങ്ങളുടെ കുട്ടികളുടെ സുരക്ഷയെ പറ്റി ആകുലതപുലര്ത്തുന്നവരാണെന്നു പുതിയ ഒരു സര്‍വേ ഫലം പറയുന്നു സ്കൂള്‍ സംവിധാനങ്ങളിലെ ക്രമീകരണങ്ങള്‍ വേണ്ടത്ര സുരക്ഷ ഉറപ്പുവരുത്തുന്നുവെന്ന് വിശ്വസിക്കുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ വഴി സംഘടിപ്പിച്ച സര്‍വേയിലെ കണ്ടെത്തല്‍
മാതാപിതാക്കളുടെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്കകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും , സ്കൂളുകള്‍ അപകടസാധ്യത കുറഞ്ഞ മേഖലയാണെന്നപ്രതീക്ഷയാണ് തങ്ങള്‍ക്കുള്ളതെന്നും ആരോഗ്യവകുപ്പും എച്ച്എസ്ഇയും വ്യക്തമാക്കിയിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
- Advertisement -
Comments are closed.