head3
head1

അയര്‍ലണ്ടില്‍ കാറുകള്‍ക്കും , പ്രൈവറ്റ് വാഹനങ്ങള്‍ക്കും റോഡ് യൂസേജ് ചാര്‍ജ് പരിഗണനയില്‍

ഡബ്ലിന്‍ :പ്രൈവറ്റ് വാഹനമോടിക്കുന്നവരെ റോഡില്‍ നിന്ന് ‘തുരത്തുന്ന’തിന് റോഡ് യൂസേജ് ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നു.ഓരോ റോഡുകളും ഉപയോഗിക്കുന്നതിന് നിശ്ചിത തുക ഈടാക്കുന്ന പ്രോജക്ട് ബ്രൂസ് പദ്ധതിയാണ് ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ അയര്‍ലണ്ട് (ടി ഐ ഐ) കൊണ്ടുവരാനൊരുങ്ങുന്നത്.ഇത് യാഥാര്‍ഥ്യമായാല്‍ കാര്‍ യാത്രകള്‍ ഭാവിയില്‍ ,നിലവിലുള്ളതില്‍ മൂന്നിലൊന്ന് ഇരട്ടിയിലധികം കൂടി ചെലവേറിയതാകും.

കാറുകളൊഴിവാക്കി പൊതുസംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ നടപടി. രാജ്യത്തെ ഗതാഗതത്തില്‍ നിന്നുള്ള എമിഷന്‍ 2030ഓടെ 50% കുറയ്ക്കുന്നതിനാണ് ക്ലൈമറ്റ് ആക്ഷന്‍ പ്ലാന്‍ ലക്ഷ്യമിടുന്നത്.ഇതു നടപ്പാക്കാന്‍ ചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സിയാണ് ടി ഐ ഐ.ലോക രാജ്യങ്ങളും യൂറോപ്പുമെല്ലാം ഇത്തരത്തില്‍ നികുതി ചുമത്തുന്നത് പരിഗണിച്ചുവരികയാണെന്ന് ടി ഐ ഐ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആളുകള്‍ മാറുന്നതിനാല്‍ റോഡ് ടാക്സ്, ഇന്ധന ഡ്യൂട്ടി എന്നിവയിനത്തില്‍ വലിയ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടാകുന്നത്. 1.5 ബില്യണ്‍ യൂറോ മുതല്‍ മൂന്ന് ബില്യണ്‍ യൂറോ വരെ സര്‍ക്കാരിന് നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് ഇത് നികത്തുന്നതും റോഡ് യൂസേജ് ചാര്‍ജ് അവതരിപ്പിക്കുന്നതിന് പിന്നിലുള്ള കാരണമാണ്.

അതേ സമയം, ഈ നീക്കം രാജ്യത്ത് വലിയ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും കാരണമായേക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.നേരത്തേ രാജ്യത്ത് വാട്ടര്‍ ചാര്‍ജ് ഏര്‍പ്പെടുത്തിയത് വലിയ കലാപത്തിന് കാരണമായിരുന്നു.

നാല് ഓപ്ഷനുകള്‍ പരിഗണനയില്‍

ദൂരത്തെ അടിസ്ഥാനമാക്കി ചാര്‍ജ് ഈടാക്കുന്നതടക്കമുള്ള നാല് ഓപ്ഷനുകളാണ് പദ്ധതി പരിഗണിക്കുന്നതെന്നാണ് വിവരം.ദൂരമനുസരിച്ച് നോക്കിയാല്‍ മെയ്‌നൂത്തില്‍ നിന്ന് സെന്‍ട്രല്‍ ഡബ്ലിനിലേക്കുള്ള ഒരു യാത്രയ്ക്ക് 38 യൂറോയും കോര്‍ക്കില്‍ നിന്ന് ഡബ്ലിനിലേക്കുള്ള യാത്രയ്ക്ക് 163 യൂറോയും റോഡ് യൂസേജ് ചാര്‍ജായി നല്‍കേണ്ടി വരുമെന്നാണ് സൂചന.

ദേശീയ പാത ശൃംഖല ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിന്നെല്ലാം ചാര്‍ജ് ഈടാക്കുന്നത് പരിഗണിച്ചാല്‍ റോഡ് യൂസേജ് നിരക്ക് 70സെന്റായി കുറയ്ക്കാനാകും.മോട്ടോര്‍വേകള്‍ക്കും ഇരട്ടപ്പാതകള്‍ക്കും മാത്രം ടോള്‍ ഈടാക്കുന്ന ഓപ്ഷനും നോക്കുന്നുണ്ട്.റോഡുകളുടെ എണ്ണം കുറയുമെന്നതിനാല്‍ അമിത നിരക്കിന് ഇത് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.ഈ ഓപ്ഷനനുസരിച്ച് ഡബ്ലിന്‍ മുതല്‍ മെയ്‌നൂത്ത് വരെ ഒരു വാഹനത്തിന് 50 യൂറോയും കോര്‍ക്ക്-ഡബ്ലിന്‍ യാത്രയ്ക്ക് 163 യൂറോയും ലിമെറിക്കില്‍ നിന്ന് ഗോള്‍വേ യാത്രയ്ക്ക് 90 യൂറോയും വരെ ചാര്‍ജ് ഈടാക്കാമെന്നാണ് കണ്ടെത്തല്‍.

ഏറെ ട്രാഫിക് മോഡലിംഗ് ജോലികള്‍ ആവശ്യമായി വരുന്ന അഞ്ചാമത്തെ ഓപ്ഷനും പരിശോധിച്ചുവരികയാണെന്ന് ഗതാഗത വകുപ്പ് വക്താവ് സ്ഥിരീകരിച്ചു. എന്നാല്‍ ഇത് പ്രാരംഭ ഘട്ടത്തിലാണെന്നും വക്താവ് പറഞ്ഞു.

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.