ഡബ്ലിന്‍ : കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച സമ്മര്‍ ഇക്കണോമിക് സ്റ്റേറ്റ്‌മെന്റിന്റെ ചുവടുപിടിച്ച് ഒക്ടോബര്‍ ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അയര്‍ലണ്ടിലാകെ സജീവമായി.ത്രികക്ഷി സര്‍ക്കാരിന്റെ ഈ ടേമിലെ ഒടുവിലത്തേതെന്ന നിലയില്‍ ബജറ്റിന് വലിയ പ്രാധാന്യമാണുള്ളത്.
അതിനാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനങ്ങളെ കൈയ്യിലെടുക്കാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്.ഇപ്പോഴത്തെ ധനമന്ത്രിയുടെ കന്നി ബജറ്റെന്ന പ്രാധാന്യവും ഇത്തവണത്തേതിനുണ്ട്.
വരുമാന നികുതിയിലെ ഇളവ്, ഇന്‍ഹെരിറ്റന്‍സ് ടാക്സിലെ മാറ്റങ്ങള്‍,റെന്റ് ക്രഡിറ്റിലെ വര്‍ദ്ധനവ് ,പെന്‍ഷന്‍ വര്‍ദ്ധനവ് തുടങ്ങിയ ഒട്ടേറെ ജനപ്രിയ നീക്കങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
6.9 ബില്യണ്‍ യൂറോയുടെ അഡീഷണല്‍ പബ്ലിക് സ്പെന്റിംഗാണ് ബജറ്റിലുണ്ടാവുകയെന്നാണ് കരുതുന്നത്.1.4 ബില്യണ്‍ യൂറോയുടെ ടാക്സേഷനും 1.8 ബില്യണ്‍ യൂറോയുടെ പുതിയ ചെലവുകളും ബജറ്റ് മുന്നില്‍ക്കാണുന്നു.
പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കെല്ലാം ഹോട്ട് സ്‌കൂള്‍ മീല്‍സ് വ്യാപിപ്പിക്കുന്നതിനും ലീവിംഗ് സെര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി സൗജന്യ പാഠപുസ്തകങ്ങള്‍ നല്‍കുന്നതിനും പദ്ധതിയുണ്ടാകും.ഇതൊക്കെ നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ വിഹിതമായിരിക്കും സോഷ്യല്‍ പ്രൊട്ടക്ഷനായി നീക്കിവെയ്ക്കുകയെന്ന് മന്ത്രി സൂചന നല്‍കിയിരുന്നു.അതിനാല്‍ വലിയ പ്രതീക്ഷയാണ് ഇക്കാര്യത്തിലുള്ളത്.1.2 ബില്യണ്‍ യൂറോയാകും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.ആഴ്ചയില്‍ 12 യൂറോയാക്കി പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമെന്ന് കരുതുന്നവരേറെയുണ്ട്. ചൈല്‍ഡ് കെയര്‍ മേഖലയിലും ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതിന് സാധ്യതയുണ്ടെന്നാണ് സൂചന.
ഇന്‍ഹെരിറ്റന്‍സ് ടാക്സില്‍ ഇളവുണ്ടായേക്കും
ഇന്‍ഹെരിറ്റന്‍സ് ടാക്സില്‍ അപാകതയുണ്ടെന്നും അതിനാല്‍ പരിഷ്‌കരിക്കേണ്ടതുണ്ടെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് വ്യക്തമാക്കിയിരുന്നു. ചില കുടുംബങ്ങള്‍ക്ക് പണിഷ്മെന്റ് എന്ന പോലെയാണ് ഇന്‍ഹെരിറ്റന്‍സ് ടാക്സെന്ന് ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും അഭിപ്രായപ്പെട്ടിരുന്നു.
മാതാപിതാക്കളില്‍ നിന്ന് 335,000 യൂറോയുടെ സ്വത്തുക്കള്‍ മക്കള്‍ക്ക് നിലവില്‍ ടാക്സില്ലാതെ സ്വീകരിക്കാനാകും.ഈ പരിധി 400,000 യൂറോയായി ഉയര്‍ത്തിയേക്കുമെന്നാണ് അറിയുന്നത്.ഇതിന് 52 മില്യണ്‍ യൂറോ ചെലവ് വരുമെന്നാണ് ധന വകുപ്പ് കണക്കാക്കുന്നത്.
വരുമാന നികുതി പരിധി ഉയര്‍ത്തുമോ
വരുമാന നികുതിയുടെ പരിധി ഉയര്‍ത്തിയേക്കുമെന്നും സൂചനയുണ്ട്.നികുതി നല്‍കേണ്ട വരുമാന പരിധി 50000 യൂറോയാക്കണമെന്ന് ഫിനഗേല്‍ അടക്കമുള്ള സര്‍ക്കാര്‍ കക്ഷി നേതാക്കളില്‍ നിന്നും സമ്മര്‍ദ്ദമുണ്ട്.
യു എസ് സി യില്‍ കുറവ്
യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജിനെക്കുറിച്ചും (യു എസ് സി) അണിയറ ചര്‍ച്ചകള്‍ സജീവമാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും യു എസ് സി വെട്ടിക്കുറയ്ക്കുമെന്ന് ഉപപ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലെ പോലെ 0.5% കുറവാകും ഇക്കുറിയുമുണ്ടാവുകയെന്നാണ് കരുതുന്നത്.
റെന്റ് ടാക്സ് ക്രെഡിറ്റ് ഉയരുമോ
റെന്റ് ടാക്സ് ക്രെഡിറ്റ് ഈ വര്‍ഷം 750 യൂറോയില്‍ നിന്ന് 1,000 യൂറോയായി വര്‍ദ്ധിപ്പിക്കുമെന്ന് ഭവന മന്ത്രി ഡാരാ ഒ ബ്രിയന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.
ജീവിതച്ചെലവു കുറയ്ക്കാന്‍
ജീവിതച്ചെലവു കുറയ്ക്കുന്നതിനുള്ള നടപടിയെന്ന നിലയില്‍ ഇലക്ട്രിസിറ്റി ക്രഡിറ്റ് ബജറ്റില്‍ പ്രഖ്യാപിക്കുമോയെന്ന് ഇനിയും വ്യക്തമായിട്ടില്ല.പണപ്പെരുപ്പവും താരതമ്യേന കുറഞ്ഞു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇതിനുള്ള സാധ്യതയുണ്ടാകില്ലെന്നാണ് സൂചന.
എന്നിരുന്നാലും ജീവിതച്ചെലവു കുറച്ചുനിര്‍ത്തുന്നതിന് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കരുതെന്ന ആവശ്യം ഗ്രീന്‍ പാര്‍ട്ടിയില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്.വാറ്റ് നിരക്ക് 9% ആയി കുറയ്ക്കാന്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്നും വന്‍ സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ വഴങ്ങുമോയെന്ന് ഇനിയും വ്യക്തമായിട്ടില്ല.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.