head3
head1

അയര്‍ലണ്ടിലെ വാടകപരിഷ്‌കരണ ബില്‍ : പേരിന് മാത്രം പരിഷ്‌കരണം ,അഡ്വാന്‍സ് കൊള്ള നടക്കില്ല

ഡബ്ലിന്‍ : വിദ്യാര്‍ഥികളുള്‍പ്പടെയുള്ള വാടകക്കാരെ സഹായിക്കുന്നതിനായി പ്രത്യേക നിയമം പാസ്സാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.ഭവനമന്ത്രി ഡാരാ ഓ ബ്രയന്‍ കൊണ്ടുവന്ന ഇതു സംബന്ധിച്ച പ്രപ്പോസല്‍ മന്ത്രിസഭ അംഗീകരിച്ചു.സമ്മറില്‍ ഇത് നിയമമാകുമെന്നാണ് കരുതുന്നത്.ഈ നിയമമമനുസരിച്ച് വിദ്യാര്‍ത്ഥികളടക്കമുള്ള വാടകക്കാരില്‍ നിന്ന് കൂടുതല്‍ വാടക മുന്‍കൂര്‍ ആവശ്യപ്പെടാന്‍ ഭൂവുടമകളെ അനുവദിക്കില്ല.

ഉടമ്പടിയില്‍ ഒപ്പുവെക്കുമ്പോള്‍ വാടകക്കാര്‍ ഒരു ഡിപ്പോസിറ്റും ഒരു മാസത്തെ വാടകയും മാത്രം മുന്‍കൂട്ടി നല്‍കിയാല്‍ മതിയാകും.കൂടാതെ അതിന്റെ മൊത്തം മൂല്യം രണ്ട് മാസത്തെ വാടകയെക്കാള്‍ കൂടുതലാകാനും പാടില്ലെന്നും വ്യവസ്ഥയുണ്ടാകും. സ്റ്റുഡന്റ് അക്കൊമൊഡേഷനുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തിലും ഈ നിയമം ബാധകമായിരിക്കും.

ഒരു വര്‍ഷത്തെ വാടക വരെ മുന്‍കൂര്‍ വാങ്ങുന്ന ഭൂ ഉടമകളുണ്ടെന്ന് അറിയാമെന്ന് ഭവനമന്ത്രി പറഞ്ഞു.

യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് ഇന്‍ അയര്‍ലണ്ടിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇത്തരത്തിലുള്ള ഒട്ടേറെ പ്രശ്നങ്ങള്‍ ബോധ്യപ്പെട്ടിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ അധ്യയന വര്‍ഷം കോളേജ് താമസ സൗകര്യം തേടുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായാണ് പുതിയ ചട്ടങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.എന്നിരുന്നാലും, എല്ലാ വാടകക്കാര്‍ക്കും ഈ നടപടികള്‍ ബാധകമാകും.

അതേ സമയം ഡബ്ലിനിലെ നിരവധി പ്രോപ്പര്‍ട്ടികളില്‍ ഒരു മാസത്തെ അഡ്വാന്‍സ് മാത്രം നിലവില്‍ വാങ്ങികൊണ്ടിരിക്കുന്ന ചില ഹൌസ് ഓണര്‍മാര്‍ക്ക് ഡിപ്പോസിറ്റ് കൂടുതല്‍ വാങ്ങാനുള്ള സൗകര്യവും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ ഈ പ്രപ്പോസല്‍ സഹായിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു.വരുന്ന അധ്യയന വര്‍ഷത്തേക്ക് ഇത് ബാധകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

മലയാളികള്‍ അടക്കമുള്ള വാടകയ്ക്ക് നല്‍കുന്ന ചില സബ് ലെന്റിംഗുകാര്‍ തരാതരം മുന്‍കൂറായി വിദ്യാര്‍ത്ഥികളോട് ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാര്‍ഥികള്‍ മൂന്നു ആറ് മാസമോ വാടക നല്‍കി താമസിക്കുമ്പോള്‍ ഏതെങ്കിലും കാരണശാല്‍ പിന്നീട് വാടക മുടങ്ങിയാല്‍ ഇവരെ റൂമില്‍ നിന്നും ഇറക്കി വിടുന്നതടക്കമുള്ള മാര്‍ഗങ്ങളാണ് സബ് ലെന്റ് ചെയ്യുന്നവര്‍ സ്വീകരിച്ചിരുന്നത്. ഇത്തരക്കാര്‍ക്കൊക്കെ പുതിയ നിയമം തിരിച്ചടിയായേക്കും.

വാടകക്കാര്‍ക്കുള്ള പരിരക്ഷകള്‍ ആറുമാസത്തേയ്ക്ക് കൂടി നീട്ടി

കോവിഡ് -19 ന്റെ ദുരിതഫലങ്ങള്‍ സാമ്പത്തികമായി ബാധിച്ചവര്‍ക്ക് പ്രത്യേക വാടക സുരക്ഷ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.ഇതു സംബന്ധിച്ച നിയമം 2022 ജനുവരി 12 വരെ ദീര്‍ഘിപ്പിക്കും.വാടകക്കാര്‍ക്കുള്ള കോവിഡ് പരിരക്ഷകള്‍ ജൂലൈ 12ന് കാലഹരണപ്പെടാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം.

കഴിഞ്ഞ ഓഗസ്റ്റിലാണ് വാടക പരിരക്ഷാ നിയമം നടപ്പാക്കിയത്.പാന്‍ഡെമിക് സമയത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വാടകക്കാരെ കുടിയൊഴിപ്പിക്കുന്നതും വാടക വര്‍ധിപ്പിക്കുന്നതും തടയുന്നതാണ്.കുടിയൊഴിപ്പിക്കുന്നതിനുമുമ്പ് കുടിശ്ശിക വാടക നല്‍കുന്നതിന് 28 ദിവസത്തെ സമയം നല്‍കുന്നു.

പാന്‍ഡെമിക് തൊഴിലില്ലായ്മ പേയ്മെന്റ് സ്‌കീമിലോ താല്‍ക്കാലിക വേതന സബ്സിഡി സ്‌കീമിലോ ഉള്ളവരുടെ വാടക വര്‍ദ്ധിപ്പിക്കാനും അനുവാദമില്ല.

സിന്‍ ഫെയ്ന്‍ ഭവന വക്താവ് ഇയോണ്‍ ബ്രോയിന്‍
വിദ്യാര്‍ത്ഥികളുടെ വിജയമാണ് ഇപ്പോഴത്തെ മാറ്റത്തിന് കാരണമെന്ന് സിന്‍ ഫെയ്ന്‍ ഭവന വക്താവ് ഇയോണ്‍ ബ്രോയിന്‍പ്രതീകരിച്ചു.മാറ്റത്തിനുള്ള പ്രചാരണത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളുടെ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്സ് ഇന്‍ അയര്‍ലണ്ടാണ് പുതിയ സര്‍ക്കാര്‍ നടപടിയുടെ യഥാര്‍ത്ഥ അഭിനന്ദനം അര്‍ഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനു വിപരീതമായി,വാടകക്കാര്‍ക്കുള്ള പരിരക്ഷകള്‍ വേണ്ടത്ര നീട്ടിയിട്ടില്ലെന്നും വാടക വര്‍ദ്ധനവിന് മൂന്ന് വര്‍ഷത്തെ വിലക്ക് ആവശ്യമാണെന്നും ബ്രോയിന്‍ പറഞ്ഞു.

”ഉദാഹരണത്തിന് ഡബ്ലിന്‍ സിറ്റിയിലെ ശരാശരി വാടകയായ 1700 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വാടക നല്‍കുന്ന ഏതെങ്കിലും വാടകക്കാരന് ഏതെങ്കിലും തരത്തിലുള്ള വാടക വര്‍ദ്ധനവ് നേരിടേണ്ടിവരുമെന്ന് കരുതാനാവില്ല,വാടക വര്‍ദ്ധനവ് 8% വരെയുണ്ടാവുമെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് ബ്രോയിന്‍ പ്രതീകരിച്ചു.

വാടക വര്‍ദ്ധനവ് അനുവദിക്കാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുകയാണെന്നതില്‍ സിന്‍ ഫെയ്ന്‍ വക്താവ് ആശങ്ക പ്രകടിപ്പിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

Comments are closed.