head3
head1

വാടകക്കാരെ സഹായിക്കുന്ന നിയമം വീണ്ടും കൊണ്ടുവരുമെന്ന് പ്രധാനമന്ത്രിയും ഭവനമന്ത്രിയും

ഡബ്ലിന്‍ : കോവിഡ് ദുരിതത്തില്‍ നിന്നും വാടകക്കാരെ സഹായിക്കുന്നതിനായി കൊണ്ടുവന്ന നിയമം വീണ്ടും നീട്ടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. അടുത്ത മാസം കാലഹരണപ്പെടുന്ന നിയമത്തിന്റെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും ചാരിറ്റികളും ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് വാടകക്കാരെ കുടിയൊഴിപ്പിക്കുന്നതും വാടക വര്‍ധിപ്പിക്കുന്നതിനുമെല്ലം വിലക്കേര്‍പ്പെടുത്തുന്ന നിയമപരിരക്ഷ വീണ്ടും കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.അടുത്തയാഴ്ച ഭവന മന്ത്രി ഡാരാ ഓബ്രിയന്‍ ഇതു സംബന്ധിച്ച നിയമം ക്യാബിനറ്റില്‍ അവതരിപ്പിച്ചേക്കും.ജൂലൈ 12നാണ് പഴയ നിയമം അവസാനിക്കുന്നത്.

പ്രഷര്‍ സോണുകളില്‍ താമസിക്കുന്ന ആയിരക്കണക്കിന് വാടകക്കാര്‍ക്ക് അടുത്ത മാസം മുതല്‍ 8% വര്‍ദ്ധനവുണ്ടാകുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.കഴിഞ്ഞ വര്‍ഷം അനുവദനീയമായ നാല് ശതമാനം വാടക വര്‍ദ്ധിപ്പിക്കാനാകാത്ത സാഹചര്യത്തില്‍ 2016 ലെ നിയമപ്രകാരം, ഭൂവുടമയ്ക്ക് ഒരു സമ്മര്‍ദ്ദമേഖലയില്‍ വാടക എട്ട് ശതമാനം വര്‍ദ്ധിപ്പിക്കാന്‍ അര്‍ഹതയുണ്ട്.

പ്രഷര്‍ സോണുകള്‍ ഈ വര്‍ഷാവസാനത്തോടെ കാലഹരണപ്പെടുമെന്നും ശരത്കാലത്ത് ഒയ്റിയാച്ചാസിലൂടെ വാടക പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്നും ഭവനവകുപ്പ് അറിയിച്ചു.

വാടകക്കാര്‍ക്ക് എട്ട് % വാടക വര്‍ധന അനുവദിക്കുന്ന നിയമത്തിലെ പഴുതുകള്‍ അടയ്ക്കുന്നതിന് ഉടന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.വാടകക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി മാര്‍ട്ടിന്‍ വ്യക്തമാക്കി.

വാടകക്കാര്‍ക്കുള്ള പരിരക്ഷ ജൂലൈ 12നകം നീട്ടുന്നതിനുള്ള നിയമം ഭവനമന്ത്രി ഉടന്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.വാടകക്കാര്‍ക്ക് ദീര്‍ഘകാല സുരക്ഷ നല്‍കുന്നതിനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഉയര്‍ന്ന വാടക കാരണം നല്ലൊരു ശതമാനം ആളുകളും കഷ്ടപ്പെടുകയാണെന്ന് എന്ന് സിന്‍ ഫെയ്ന്‍ നേതാവ് മേരി ലൂ മക്ഡൊണാള്‍ഡ് പറഞ്ഞു.ഗവണ്‍മെന്റിന്റെ വരുമാന സഹായം വെട്ടിക്കുറയ്ക്കുകന്നതിനൊപ്പമാണ് ഇവര്‍ക്ക് കൂടിയ വാടകയും നേരിടേണ്ടി വരുന്നത്.സമ്മറിന് മുമ്പ് നിര്‍ദ്ദിഷ്ട നിയമം കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഭൂഉടമകള്‍ക്ക് വേണ്ടി ഭൂഉടമകള്‍ നടത്തുന്ന ഭരണമാണ് ഇപ്പോഴുള്ളതെന്ന് സോളിഡാരിറ്റി-പിബിപി നേതാവ് പോള്‍ മര്‍ഫി പറഞ്ഞു.ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വാടകയാണ് അയര്‍ലണ്ടിലുള്ളതെന്ന് മര്‍ഫി കൂട്ടിച്ചേര്‍ത്തു.ഈ ആരോപണം നിഷേധിച്ച പ്രധാനമന്ത്രി ഭൂവുടമകളെ പ്രതിനിധീകരിക്കുന്നവരല്ല സര്‍ക്കാരെന്ന് പ്രതികരിച്ചു. ഭവനങ്ങള്‍ ഭരണഘടനാവകാശമാക്കുന്നതിനുള്ള നിയമം സര്‍ക്കാര്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞത് മൂന്ന് വര്‍ഷത്തേക്കെങ്കിലും വാടക മരവിപ്പിക്കണമെന്ന് ലേബര്‍ പാര്‍ട്ടിയുടെ ഭവന വക്താവ്, സെനറ്റര്‍ റെബേക്ക മൊയ്‌നിഹാന്‍, ആവശ്യപ്പെട്ടു.

ഐറിഷ് മലയാളി ന്യൂസ്‌

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

- Advertisement -

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. AcceptRead More