head3
head1

അറബിക്കടലില്‍ അമേരിക്കന്‍ കപ്പലുകള്‍ നിറയ്ക്കുകയാണ് സി പി എം : ചെന്നിത്തലയുടെആരോപണം രാഷ്ട്രീയ കോളിളക്കത്തിലേയ്ക്ക്

കൊച്ചി:: കേരളം കണ്ട ഏറ്റവും വലിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ്    ചെന്നിത്തല രംഗത്തെത്തിയത് കേരളത്തില്‍ രാഷ്ട്രീയ കോളിളക്കമുണ്ടാക്കുന്നു.

അമേരിക്കന്‍ കമ്പനികള്‍ക്ക് കേരളത്തെ തീറെഴുതാനുള്ള രഹസ്യക്കാരാണ് പ്രതിപക്ഷം വെളിച്ചത്തെത്തിക്കുന്നത്.ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വ്യവസ്ഥ മുഖ്യമന്ത്രി മറച്ചു വെയ്ക്കുന്നു എന്ന് ചെന്നിത്തല ആരോപിച്ചു. ന്യൂയോര്‍ക്കില്‍ ഫിഷറീസ്    മന്ത്രിയുമായി ഇഎംസിസി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

നടക്കില്ലെന്ന് പറഞ്ഞ് മേഴ്സികുട്ടിയമ്മ ഓടിച്ചുവിട്ട കമ്പനിയെ ഓടിച്ചെന്ന് ജയരാജന്‍ പിടിച്ചുകൊണ്ട് വന്ന് പദ്ധതി നടപ്പാക്കാന്‍ സ്ഥലം കൊടുത്തു. മുഖ്യമന്ത്രിയുടെ വകുപ്പ്,യാനങ്ങള്‍ നിര്‍മ്മിക്കാനുള്ള കരാറില്‍ ഒപ്പിട്ടതായും ചെന്നിത്തല പറഞ്ഞു.എല്ലാം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്നും ചെന്നിത്തല ചോദിച്ചു.

അസെന്റില്‍ ഇഎംസിസിയുമായി സര്‍ക്കാര്‍ ഒപ്പിട്ട ധാരണാപത്രവും കെ.എസ്.ഐ.ഡി.സി പദ്ധതിക്കായി ഇഎംസിസിക്ക് അനുവദിച്ച നാലേക്കര്‍ ഭൂമിയുടെ രേഖകളും ചെന്നിത്തല പത്രസമ്മേളനത്തില്‍ പുറത്തുവിട്ടു.കൂടിക്കാഴ്ച നടന്നിട്ടില്ലെങ്കില്‍ ഭൂമി അനുവദിച്ച നടപടിയും ധാരണാപത്രവും റദ്ദാക്കാന്‍ മുഖ്യമന്ത്രിയെ ചെന്നിത്തല വെല്ലുവിളിച്ചു.

കഴിഞ്ഞദിവസമാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഇഎംസിസി കമ്പനിക്ക് അനുമതി നല്‍കി എന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നത്. ആഴക്കടല്‍ മത്സ്യബന്ധത്തിന് ഇഎംസിസിക്ക് അനുമതി നല്‍കിയിട്ടില്ല എന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് പുതിയ രേഖകളുമായി രമേശ് ചെന്നിത്തല രംഗത്തുവന്നത്.

വാര്‍ത്തസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍ :

ആഴക്കടല്‍ കടല്‍ക്കൊള്ള പ്രശ്നത്തില്‍ സര്‍ക്കാര്‍ പലതും മൂടി വയ്ക്കുകയാണ്. ഇ.എം.സി.സി എന്ന അമേരിക്കന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുപിടിക്കാനുള്ള സര്‍ക്കാരിന്റെ വെപ്രാളമാണ് ഇപ്പോള്‍ കാണുന്നതെന്നാണ് ചെന്നിത്തല പറഞ്ഞത്.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഫിഷറീസ് വകുപ്പുമന്ത്രി മെഴ്സികുട്ടിയമ്മ, വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ എന്നിവര്‍ ഈ വിഷയത്തില്‍ പ്രതികരിക്കുകയുണ്ടായി. പരസ്പര വിരുദ്ധവും അവ്യക്തവുമായാണ് അവര്‍ പല കാര്യങ്ങളും പറഞ്ഞത്.

ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാതെ തനിക്കെതിരെ തിരിച്ച് ആരോപണം ഉന്നയിക്കാനാണ് അവര്‍ ശ്രമിച്ചതെന്നും ചെന്നിത്തല പ്രതികരിച്ചു.പച്ചക്കള്ളം പറയാന്‍ പ്രതിപക്ഷനേതാവിന് യാതൊരു ഉളുപ്പുമില്ലെന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞത്. ആരാണ് പച്ചക്കള്ളം പറയുന്നതെന്ന് ഇതിനകം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഞാന്‍ ഈ വിവരം ആദ്യം ഉന്നയിച്ചപ്പോള്‍ ഏത് ഇ.എം.സി.സി, എന്ത് ഇ.എം.സി.സി, ഞാനങ്ങനെ ഒന്നിനെക്കുറിച്ച് കേട്ടിട്ടേ ഇല്ലെന്നാണല്ലോ മന്ത്രി മെഴ്സിക്കുട്ടിയമ്മ ആദ്യം പറഞ്ഞത്. പിന്നീട് ന്യൂയോര്‍ക്കില്‍ വച്ച് ഇവരെ കണ്ടിട്ടുണ്ടാകാം എന്ന് മന്ത്രിക്ക് സമ്മതിക്കേണ്ടിവന്നു.’ ചെന്നിത്തല പറഞ്ഞു.

മന്ത്രി ഇ.പി ജയാരജനെതിരെയും ചെന്നിത്തല രൂക്ഷ വിമര്‍ശനമുന്നയിച്ചു. മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞത് രസകരമായ കാര്യമാണ്. ഇ.എം.സി.സി.ക്കാരെ പറഞ്ഞുവിട്ടത് ഞാനാണ് എന്നാണ് അദ്ദേഹം പറയുന്നത്. . അപ്പോള്‍ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നതിന് വേണ്ടി, മുന്ന് വര്‍ഷം മുമ്പ് തന്നെ, അതായത് 2018 ല്‍ ന്യൂയോര്‍ക്കില്‍ മന്ത്രി മെഴ്സികുട്ടിയമ്മയെ കാണാന്‍ ഞാന്‍ ഇ.എം.സി.സി. ക്കാരെ വിമാനടിക്കറ്റെടുത്ത് പറഞ്ഞ് വിട്ടു എന്നാണോ ഇ.പി. ജയരാജന്‍ പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘ഒരു വര്‍ഷം മുമ്പ് നടന്ന അസന്റില്‍ പദ്ധതി കൊടുപ്പിച്ചതും സര്‍ക്കാരിനെ കൊണ്ട് എം.ഒ.യു. ഒപ്പിടുവിച്ചതും ഞാനാണ് എന്നാണോ ജയരാജന്‍ പറയുന്നത്? ഇ.പി.ജയരാജന്റെ കീഴിലുള്ള കെ.എസ്.ഐ.ഡി.സി.സിയെ കൊണ്ട് ഇ.എം.സി.സി.ക്ക് 4 ഏക്കര്‍ സ്ഥലം കൊടുവിച്ചതും ഞാനാണോ?കള്ളം കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ ജയരാജന് സമനില തെറ്റിപ്പോയെന്നാണ് തോന്നുന്നത്,’ ചെന്നിത്തല പരിഹസിച്ചു.

മുഖ്യമന്ത്രിയുടെ പ്രതികരണങ്ങള്‍ക്കും ചെന്നിത്തല മറുപടി നല്‍കി. ഇ.എം.സി.സിക്കാര്‍ വളരെ രഹസ്യമായി മന്ത്രി ഇ.പി.ജയരാജന് നല്‍കിയ അപേക്ഷ എങ്ങനെ പ്രതിപക്ഷനേതാവിന് കിട്ടി എന്നതിലാണ് മുഖ്യമന്ത്രി ദുരൂഹത കാണുന്നത്. മുഖ്യമന്ത്രി അങ്ങനെ ദുരൂഹത കാണേണ്ട കാര്യമില്ല. ഉണര്‍ന്നിരിക്കുന്ന പ്രതിപക്ഷത്തിന് കിട്ടേണ്ട രേഖകളെല്ലാം കിട്ടും.

ഭരണക്കാരുടെ അതിക്രമങ്ങളില്‍ നിന്ന് നാടിനെ രക്ഷിക്കുകയാണ് പ്രതിപക്ഷത്തിന്റെ ധര്‍മ്മം. ആ ധര്‍മ്മം നിറവേറ്റാന്‍ സന്നദ്ധത ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുന്ന എല്ലാ രേഖകളും പറന്നുവരുമെന്നും ചെന്നിത്തല പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/DI6e4vSsv329e4CXtWXO8H

- Advertisement -

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More