ഡബ്ലിന്‍ : പെര്‍മനന്റ് ടി എസ് ബിയുടെ കുടിശികയായ 1244 നിഷ്‌ക്രിയ മോര്‍ട്ട് ഗേജുകള്‍ വള്‍ച്ചര്‍ ഫണ്ടിന് കൈമാറുന്നു.71000യൂറോയില്‍ കൂടുതല്‍ കുടിശികയുള്ളതും 22മാസങ്ങളായി തിരിച്ചടയ്ക്കാത്തതുമായ 1,489 പ്രോപ്പര്‍ട്ടികളുടെ മോര്‍ട്ടേഗേജുകളാണ് വള്‍ച്ചര്‍ ഫണ്ട് ഏറ്റെടുക്കുന്നത്.
ഏതാണ്ട് 348 മില്യണ്‍ യൂറോവരുന്ന വായ്പാ ഇടപാടുകളാണ് ഈ ഇടപാടിലൂടെ വള്‍ച്ചര്‍ ഫണ്ടിലേയ്ക്ക് പോകുന്നത്.ഇതു സംബന്ധിച്ച ഇടപാടിന് പൊതുമേഖലാ ബാങ്കും മാര്‍സ് ക്യാപിറ്റലും ധാരണയിലെത്തിയതായി പി ടി എസ് ബി വ്യക്തമാക്കി.
വില്‍പ്പനയ്ക്ക് ശേഷവും ഉപഭോക്തൃ സംരക്ഷണ കോഡ് (സി പി സി), മോര്‍ട്ട്ഗേജ് കുടിശ്ശിക സംബന്ധിച്ച പെരുമാറ്റച്ചട്ടം (സി സി എം എ) എന്നിവയ്ക്ക് കീഴിലുള്ള റഗുലേറ്ററി പരിരക്ഷകള്‍ ലഭിക്കുമെന്ന് ബാങ്ക് അറിയിച്ചു.
മോര്‍ട്ട്ഗേജുടമകള്‍ക്ക് ആറുമാസം ഗ്രേസ്സ് പീരിയഡ്
വില്‍പ്പനയ്ക്കു ശേഷവും കുടിശിക തിരിച്ചടക്കുന്നതിന് മോട്ട്ഗേജുടമകള്‍ക്ക് ആറ് മാസം വരെ പി ടി എസ് ബി അവസരമൊരുക്കുമെന്ന് ബാങ്ക് വ്യക്തമാക്കി.ഈ സമയത്ത് ബാങ്കിന്റെ മോര്‍ട്ട്ഗേജെന്ന പോലെയാകും പലിശ നിരക്കും മറ്റു സര്‍വ്വീസ് ചാര്‍ജ്ജും ഈടാക്കുക.
ഈ കാലയളവ് അവസാനിക്കുന്നതോടെ മോര്‍ട്ഗേജുകള്‍ പൂര്‍ണ്ണമായും മാര്‍സ് ക്യാപിറ്റലിലേക്ക് മാറ്റുമെന്നും ബാങ്ക് പറഞ്ഞു.അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റ് നിയന്ത്രിക്കുന്ന കണ്‍സോര്‍ഷ്യത്തിന്റെ ക്രമീകരണത്തിന്റെ ഭാഗമായാണ് മോര്‍ട്ട്ഗേജുകള്‍ മാര്‍സ് ക്യാപിറ്റലിന് വില്‍ക്കുന്നതെന്ന് ബാങ്ക് അറിയിച്ചു.
ഈ ഇടപാടിലുള്‍പ്പെട്ട എല്ലാ മോര്‍ട്ട് ഗേജുടമകളെയും ഇക്കാര്യം രേഖാമൂലം അറിയിക്കുമെന്ന് പി ടി എസ് ബി അറിയിച്ചു.ബാങ്കിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ട് ഹബ്ബില്‍ പതിവായി ഉപഭോക്താക്കള്‍ ഉന്നയിക്കുന്ന ചോദ്യങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൈമാറുന്നത് പ്രവര്‍ത്തന രഹിത മോര്‍ട്ട്ഗേജ് അക്കൗണ്ടുകള്‍
ബാങ്കിന്റെ കണക്കനുസരിച്ച് ഈ ഇടപാടിലുള്‍പ്പെട്ട ലോണ്‍ അക്കൗണ്ടുകളില്‍ 83 ശതമാനവും പ്രവര്‍ത്തനരഹിതമാണെന്ന് ബാങ്ക് പറഞ്ഞു.ബാക്കിയുള്ളവ തിരിച്ചടയ്ക്കുന്നതിനുള്ള നിബന്ധനകള്‍ പാലിക്കാത്ത നോണ്‍-പെര്‍ഫോമിംഗ് മോര്‍ട്ട് ഗേജുകളുമാണ്.
വള്‍ച്ചറിന് കൈമാറുന്ന വായ്പകളില്‍ 70 ശതമാനവും ട്രാക്കര്‍ ,ഫിക്സഡ്-റേറ്റ് മോര്‍ട്ട്ഗേജുകളാണ്.ബാക്കിയുള്ളത് വേരിയബിള്‍ റേറ്റിലുള്ളവയാണ്. 925 ഒണര്‍ ഒക്യപ്പൈഡ് വായ്പകളും 319 ബൈ-ടു-ലെറ്റുകളും ഈ മോര്‍ട്ടഗേജുകളിലുള്‍പ്പെടുന്നു.
ബാങ്ക് കരുത്താര്‍ജ്ജിക്കുമെന്ന് സി ഇ ഒ
മൂലധന ശേഷിയും വായ്പ നല്‍കാനുള്ള ശേഷിയും വര്‍ദ്ധിപ്പിക്കുന്നതാണ് ഈ വില്‍പ്പന ഇടപാടെന്ന് ബാങ്ക് പറയുന്നു. ബാങ്കിന്റെ കോമണ്‍ ഇക്വിറ്റി ടയര്‍ 1 (സി ഇ ടി 1) അനുപാതം 35 ശതമാനവും മൂലധന അനുപാതം 45 ശതമാനവും വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്.
ബാങ്കിന്റെ എന്‍ പി എല്‍ അനുപാതം -മോശം വായ്പകളുടെ വിഹിതം-1.7%മായി കുറച്ച് യൂറോപ്യന്‍ ശരാശരിയേക്കാള്‍ താഴെയെത്തിക്കുമെന്നും ബാങ്ക് പറയുന്നു.
പ്രവര്‍ത്തനരഹിതമായ വായ്പകള്‍ നിലനിര്‍ത്തുന്നത് പുതിയ വായ്പകള്‍ നല്‍കാനുള്ള ബാങ്കിന്റെ കഴിവിനെ ബാധിക്കുമെന്നതിനാലാണ് വില്‍പ്പനയ്ക്ക് തീരുമാനിച്ചതെന്ന് ഇടപാടിനെക്കുറിച്ച് ബാങ്ക് സി ഇ ഒ എമോണ്‍ ക്രോളി പറഞ്ഞു.
അയര്‍ലണ്ടിലെ വിപണിയില്‍ 2015 മുതല്‍ സജീവമാണ് മാര്‍സ് ക്യാപിറ്റല്‍.ഡബ്ലിനില്‍ 300 പേരടങ്ങുന്ന ടീമാണ് മാര്‍സിനുള്ളത്.എട്ട് ബില്യണ്‍ യൂറോയിലധികം ആസ്തിയാണ് കമ്പനി കൈകാര്യം ചെയ്യുന്നത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.