head3
head1

കണ്ടെയ്നറുകള്‍ കിട്ടാനില്ല, വന്‍ നിരക്കും … പ്രതിസന്ധിയില്‍ വ്യാപാര ലോകം,യൂറോപ്പിലേക്കുള്ള ചരക്ക് ഗതാഗതം സ്തംഭനാവസ്ഥയില്‍

ഡബ്ലിന്‍ : ഷിപ്പിംഗ് കണ്ടെയ്നറുകളുടെ ലഭ്യതക്കുറവ് ലോക വ്യാപാര രംഗത്തെ പ്രധാനപ്പെട്ട ഒരു പ്രശ്നമാവുകയാണ്.അയര്‍ലണ്ടന്റടക്കമുള്ള വിവിധ രാജ്യങ്ങളുടെ സാമ്പത്തിക വീണ്ടെടുക്കലുകളെയും കണ്ടെയ്നറുകളുടെ വില വര്‍ധന ബാധിക്കുകയാണ്.ഷിപ്പിംഗ് കണ്ടെയ്നറുകളുടെ ലഭ്യതയിലെ അസന്തുലിതാവസ്ഥ ഇപ്പോഴും തുടരുകയാണ്. ചൈനീസ് കണ്ടെയ്നറുകളുടെ പിന്മാറ്റമാണ് പ്രശ്നത്തിനു കാരണമായി പറയുന്നത്. എന്നാല്‍ ഇതുയര്‍ത്തുന്ന വെല്ലുവിളികളെ എങ്ങനെ നേരിടണമെന്നറിയാതെ പാടുപെടുകയാണ് ലോക വ്യാപാര സമൂഹം.

പുതിയ ലോക്ക് ഡൗണുകള്‍ പല യൂറോപ്യന്‍ നിര്‍മാണ കമ്പനികളിലെയും ഉല്‍പ്പാദനം ഗണ്യമായി കുറച്ചു. ചൈനീസ് ചരക്കുകളുടെ ആവശ്യകതയുടെ തോത് കുറഞ്ഞത് ഷിപ്പിംഗ് കണ്ടെയ്നറുകളുടെ ലഭ്യതയില്‍ വലിയ അസന്തുലിതാവസ്ഥ സൃഷ്ടിച്ചു. ചൈനീസ് ഷിപ്പിംഗ് ലൈനുകള്‍ ആഗോള കണ്ടെയ്നറുകളുടെ പ്രധാന ഭാഗമായിരുന്നു.അവ യൂറോപ്യന്‍ ഷിപ്പിംഗ് ലൈനുകള്‍ വിട്ടതോടെ പതിറ്റാണ്ടുകളായി ഉണ്ടാകാത്ത കുറവുകളാണ് ഉണ്ടായിട്ടുള്ളത്. ഈ വിടവ് ഷിപ്പിംഗ് ചെലവ് 350 ശതമാനം വരെ ഉയര്‍ത്തിയിട്ടുണ്ട്.

ഏഷ്യയിലെ തുറമുഖങ്ങളില്‍ നിന്ന് വടക്കന്‍ യൂറോപ്പിലേക്ക് 40 അടി കണ്ടെയ്നര്‍ ലഭിക്കുന്നതിന്റെ ചെലവ് നവംബറിലെ 1,700 ഡോളറില്‍ നിന്ന് ഇപ്പോള്‍ 7,500 ഡോളറായാണ് ഉയര്‍ന്നത്.യൂറോപ്യന്‍ തുറമുഖങ്ങളിലെ ബ്രക്‌സിറ്റ് തിരക്കും പ്രശ്‌നത്തിന് ആക്കം കൂട്ടി.ഇക്കാരണത്താല്‍ കണ്ടെയ്‌നറുകള്‍ ഏഷ്യയിലേക്ക് വേഗത്തില്‍ മടക്കിനല്‍കാനാവുന്നില്ല. കാരണം ആവശ്യത്തിന് ഷിപ്പിംഗ് കണ്ടെയ്നറുകള്‍ ഇല്ലാത്തതിനാല്‍ കുറച്ച് കണ്ടെയ്‌നറുകള്‍ക്കായി കമ്പനികള്‍ കടിപിടി കൂടുന്ന നിലയുണ്ടായി.അതോടെ അവയുടെ വില ഉയരുന്നതിനും കാരണമായി.

പാന്‍ഡെമിക്കുമായി ബന്ധപ്പെട്ട് മെഡിക്കല്‍ മാസ്‌കുകള്‍, കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള വര്‍ക്ക് ഫ്രം ഹോം ഉപകരണങ്ങളുടെ വാങ്ങലുകാര്‍ ഏറിയിരുന്നു. ഇത്തരം ചൈനീസ് ചരക്കുകളുടെ ആവശ്യം അടുത്തിടെ വളരെ ശക്തമായിരുന്നു. ഇത് ആഗോളതലത്തില്‍ കണ്ടെയ്നറുകളുടെ വലിയ ആവശ്യവും സൃഷ്ടിച്ചിരുന്നു.ഷിപ്പിംഗ് ചെലവുകളും വര്‍ദ്ധിപ്പിച്ചു.

പാന്‍ഡെമിക്ക് നാളുകളില്‍ ചൈന ലോകത്തിലെ ഏറ്റവും വലിയ വ്യാപാര രാജ്യമായി മാറി. യുഎസിന്റെ വ്യാപാരത്തിന്റെ ഇരട്ടിയായിരുന്നു ഇവരുടെ വ്യാപാരം.കൊറോണ വൈറസിന്റെ സമ്മര്‍ദ്ദവും യുഎസ് താരിഫ് യുദ്ധവും മറികടന്ന് 2020ല്‍ ചൈനയുടെ കയറ്റുമതി വീണ്ടും ഉയര്‍ന്നു, ഇത് 3.6 ശതമാനം വര്‍ദ്ധിച്ച് 2.2 ട്രില്യണ്‍ ഡോളറായി. പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് പുനരുജ്ജീവിപ്പിച്ച ആദ്യത്തെ പ്രധാന സമ്പദ്വ്യവസ്ഥയായി ചൈന മാറിയതിനുശേഷവും വളര്‍ച്ച ശക്തമായി തുടരുകയാണ്.

ഷിപ്പിംഗ് സ്ഥലത്തെ തിരക്കും ഏഷ്യ-യൂറോപ്പ് വ്യാപാര പാതയിലെ റെക്കോര്‍ഡ് സമുദ്ര ചരക്ക് നിരക്കും കുറയുന്നതിന്റെ ലക്ഷണമൊന്നും ഇനിയും കാണിക്കുന്നില്ല  ഇത് ഐറിഷ് വ്യവസായത്തെ സാരമായി ബാധിക്കുകയാണ്.എക്‌സ്‌പോര്‍ട്ടിനായുള്ള ഉല്‍പ്പന്നങ്ങളുണ്ടാക്കുന്ന ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ഘടകങ്ങളില്‍ ഭൂരിഭാഗത്തിനും ചൈനയെയാണ് അയര്‍ലണ്ട് ആശ്രയിക്കുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ പാന്‍ഡെമിക് സംബന്ധമായ ലോക്ക് ഡൗണുകളുടെ തുടക്കം മുതലുള്ള കാലവുമായി ഒത്തുനോക്കുമ്പോള്‍ ഈ ഡിസംബര്‍ യൂറോസോണ്‍ നിര്‍മാണ വിതരണക്കാരുടെ ഡെലിവറികളുടെ ഏറ്റവും മോശമായ സമയമായിരുന്നുവെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റ് അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

ബ്രക്‌സിറ്റ്, കോവിഡ് എന്നിവ മൂലം നിരവധി ഐറിഷ് കയറ്റുമതിക്കാര്‍ കടല്‍ ചരക്ക് നീക്കത്തിന് തടസ്സം നേരിടുകയാണ്. എയര്‍ കാര്‍ഗോ മുഖേനയാണ് പലരും പ്രതിസന്ധിയെ അതിജീവിക്കുന്നത്. പല വിമാനക്കമ്പനികള്‍ക്കും, 2020 ല്‍ എയര്‍ കാര്‍ഗോ വരുമാനത്തിന്റെ സുപ്രധാന ഉറവിടമായിട്ടുണ്ട്.യാത്രക്കാരെക്കാള്‍ വലിയ വരുമാനമാണ് ഇവരുണ്ടാക്കിയതെന്ന് വിദഗ്ധര്‍ പറയുന്നു.

യൂറോപ്പിലേക്കുള്ള ചരക്കുഗതാഗതവും പ്രതിസന്ധിയിൽ

ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടിലേക്കുള്ള ചരക്കുനീക്കം പോലും വിമാനങ്ങളിലേയ്ക്ക് മാറേണ്ട സാഹചര്യം ഇത് മൂലം സൃഷ്ടിച്ചതായി മലയാളികള്‍ അടക്കമുള്ള വ്യാപാരികള്‍ പറയുന്നു. ഇന്ത്യയില്‍ നിന്നും കൊളംബോ വഴി ആംസ്റ്റര്‍ഡാമിലേക്ക് കപ്പല്‍ വഴിയുള്ള ചരക്കു നീക്കത്തെയും കണ്ടയിനറുകളുടെ ദൗര്‍ലഭ്യം ബാധിച്ചു.

യൂറോപ്യൻ തുറമുഖങ്ങളിൽ നിന്നും മടങ്ങി വരുന്ന കണ്ടയിനറുകൾ കാത്തിരിക്കേണ്ട ഗതികേടിലാണ്  കേരളത്തിലെ കയറ്റുമതിക്കാർ.പ്രതിവർഷം  ചുരുങ്ങിയത്  നാനൂറോളം കണ്ടയിനറുകൾ  ആവശ്യമായി വരുന്ന  മുൻഗണനാ  ലഭ്യതാ ലിസ്റ്റിലുള്ള  ഡെയിലി  ഡിലൈറ്റിന് പോലും   കണ്ടയിനറുകൾ ഇപ്പോൾ നാമമാത്രമായാണ് ലഭിക്കുന്നത്.

ഒരു കണ്ടയിനര്‍ ലഭിക്കാന്‍ വേണ്ടി കാത്തുകിടക്കുന്നതില്‍  ഉപരിയായി കണ്ടയിനര്‍ നിരക്കുകളുടെ വര്‍ദ്ധനവ് എല്ലാ യൂറോപ്യന്‍- അമേരിക്കന്‍ രാജ്യങ്ങളിലും വ്യാപാരം ചെയ്യുന്ന ഏഷ്യന്‍ ഇടപാടുകാരെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് ഡെയിലി   ഡിലൈറ്റിന്റെ അയര്‍ലണ്ടിലെ ഡിസ്ട്രിബൂട്ടര്‍ ബേസില്‍ കുര്യാക്കോസ് പറയുന്നു.

കേരളത്തിൽ നിന്നുള്ള ചരക്കുനീക്കം വളരെ മന്ദഗതിയിലാണ്. കയറ്റുമതിയ്ക്കായി  കൊച്ചിയിൽ എത്തിയ്ക്കുന്ന ചരക്കുകൾ ഒരു ഷിപ്പ് നിറയേണ്ട  സമയത്തോളം  കൊച്ചിയിൽ തന്നെ വൈകും.ചെറിയ കപ്പലുകളിൽ കൊളോമ്പോയിൽ എത്തിച്ചാലും വലിയ ഷിപ്പുകൾക്കായി അവിടെയും കാത്തിരിക്കേണ്ടി വരും.

ഡിസംബർ ആദ്യവാരം കൊച്ചിയിൽ നിന്നും പുറപ്പെട്ട  ചരക്കുകൾ ഇതേ വരെ ഡബ്ലിനിൽ എത്തിയിട്ടില്ലെന്ന് ബേസിൽ കുര്യാക്കോസ്  പറഞ്ഞു. ശർക്കര ഉൾപ്പെടയുള്ള നിരവധി പലവ്യഞ്ജനങ്ങളും, സ്‌പൈസസും ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക്   യൂറോപ്പിലെ മിക്ക മാർക്കറ്റുകളിലും ലഭ്യത കുറവ് നേരിടുകയാണ്.  കോവിഡ്   കാലത്ത് ശേഖരിച്ച   നിലവിലുള്ള സ്റ്റോക്ക് കഴിയുന്നതോടെ , അടിയന്തരമായി  ചരക്കുകൾ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.എന്നാൽ പ്രതീക്ഷിക്കാതെയെത്തിയ  കണ്ടയിനർ ക്ഷാമം തുടരുമെന്ന  വാർത്തകൾ ആശങ്കാജനകമാണ് .അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര കണ്ടെയ്നര്‍-ഷിപ്പിംഗ് നിരക്കുകളുടെയും എയര്‍ കാര്‍ഗോ നിരക്കുകളുടെയും വര്‍ദ്ധനവ് വരും മാസങ്ങളില്‍, ഐറിഷ് കമ്പനികള്‍ക്ക് പ്രശ്നമാകാനിടയുണ്ടെന്ന് ഐറിഷ് ബിസിനസ് വിദഗ്ധന്‍ ജോണ്‍ വീലന്‍ ചൂണ്ടിക്കാട്ടുന്നു.കാലതാമസവും ചെലവുവര്‍ദ്ധനയുമാണ് ഐറിഷ് കമ്പനികള്‍ക്ക് നേരിടേണ്ടിവരിക.ഇത് കോവിഡനന്തര സാമ്പത്തിക വീണ്ടെടുക്കലിനെ അപകടത്തിലാക്കുമെന്നും ഇദ്ദേഹം പറയുന്നു.ഇത് വരും മാസങ്ങളില്‍ അയര്‍ലണ്ടിന്റെ കയറ്റുമതിയെ തടസ്സപ്പെടുത്താനും സാധ്യതയുണ്ട്- ജോണ്‍ വീലന്‍ പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/DI6e4vSsv329e4CXtWXO8H

 

- Advertisement -

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More